image credit : canva 
Auto

ലോകത്താദ്യം, ഈ രാജ്യത്ത് പെട്രോള്‍ വണ്ടികളേക്കാള്‍ കൂടുതല്‍ ഇ.വികള്‍ വിറ്റതെങ്ങനെ; തലപുകച്ച് വാഹനലോകം

ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യങ്ങളിലൊന്നായിട്ടും ഇവികളെ പ്രോത്സാഹിപ്പിക്കാന്‍ നോര്‍വേ നടത്തിയത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍

Dhanam News Desk

വാഹനവില്‍പ്പനയില്‍ ലോകത്താദ്യമായി പെട്രോള്‍ വാഹനങ്ങളെ കടത്തിവെട്ടി ഇലക്ട്രിക് വാഹനങ്ങള്‍. നോര്‍വേയാണ് ഈ നാഴികക്കല്ല് താണ്ടിയത്. പെട്രോളിയം ഇന്ധനമുപയോഗിക്കുന്ന ഇന്റേണല്‍ കമ്പസ്റ്റ്യന്‍ (ഐ.സി.ഇ) എഞ്ചിനുകളേക്കാള്‍ രാജ്യത്ത് ആളുകള്‍ ഓടിക്കാന്‍ ഇഷ്ടപ്പെടുന്നത് ഇവികളാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നോര്‍വീജിയന്‍ റോഡ് ഫെഡറേഷന്റെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്താകെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 28 ലക്ഷം സ്വകാര്യ കാറുകളില്‍ 7,54,303 എണ്ണവും ഇവികളാണ്. പെട്രോള്‍ വാഹനങ്ങളുടെ എണ്ണം 7,53,905 ആണ്. രാജ്യത്ത് ഏറ്റവും കൂടുതലുള്ളത് ഡീസല്‍ കാറുകളാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഡീസല്‍ കാറുകളെങ്ങനെ കൂടുതലായി?

പെട്രോള്‍ കാറുകളേക്കാള്‍ ഡീസല്‍ കാറുകള്‍ കൂടുതലുള്ള രാജ്യമാണ് നോര്‍വേ. ഇതിനൊരു കാരണമുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് സർക്കാർ വമ്പന്‍ ഇളവുകള്‍ പ്രഖ്യാപിച്ചത് നോര്‍വേയില്‍ വലിയ സ്വീകാര്യത നേടിയിരുന്നു. അക്കാലത്ത് ആകെ വില്‍ക്കുന്ന വാഹനങ്ങളുടെ മൂന്നിലൊന്നും ഡീസല്‍ ഇന്ധനമാക്കിയവയായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇവികള്‍ ഡീസല്‍ വാഹനങ്ങളെയും കടത്തിവെട്ടുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ലോകത്താകെയുള്ള കാറുകളുടെ 3.2 ശതമാനം മാത്രമാണ് നിലവില്‍ ഇ.വികള്‍. 55 ലക്ഷം ജനസംഖ്യയുള്ള നോര്‍വേ അടുത്ത വര്‍ഷത്തോടെ പുതിയ പെട്രോള്‍/ഡീസല്‍ കാറുകളുടെ വില്‍പ്പന പൂര്‍ണമായും അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്നും ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇ.വികളുടെ കാര്യത്തില്‍ റെക്കോഡിട്ടതെങ്ങനെ?

ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യങ്ങളിലൊന്നായ നോര്‍വേ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 90കള്‍ മുതല്‍ നല്‍കി വന്ന പ്രോത്സാഹനത്തിന്റെ ഫലമാണ് ഇപ്പോഴത്തെ നേട്ടം. 1.7 ട്രില്യണ്‍ ഡോളറിന്റെ കരുതല്‍ ധനശേഖരമുള്ള രാജ്യമാണ് നോര്‍വേ. ഇതാണ് ഹരിത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കാനായി നോര്‍വേയെ പ്രേരിപ്പിച്ചത്. ഇലക്ട്രിക് കാര്‍ വാങ്ങുന്നവര്‍ക്ക് പൂര്‍ണമായും നികുതി ഒഴിവാക്കി നല്‍കി. ഇ.വികള്‍ക്ക് സൗജന്യ പാര്‍ക്കിംഗ് അനുവദിച്ചും ടോളുകള്‍ ഒഴിവാക്കിയും നോര്‍വേ മികച്ച പ്രോത്സാഹനം നല്‍കി. ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗ് സംവിധാനത്തെപ്പറ്റി മറ്റുള്ള രാജ്യക്കാര്‍ പരാതി പറയുമ്പോള്‍ മുക്കിലും മൂലയിലും ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ഒരുക്കിയാണ് നോര്‍വേ ഇതിനെ നേരിട്ടത്. രാജ്യത്ത് വില്‍ക്കുന്ന പത്ത് കാറുകളില്‍ ഒമ്പതെണ്ണവും ഇവികളാണെന്നത് സര്‍ക്കാര്‍ പിന്തുണയുടെ അടയാളമാണെന്നും വിദഗ്ധര്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT