എ.ഐ സഹായത്തോടെ തയ്യാറാക്കിയ ചിത്രം Chatgpt, canva, OLA
Auto

ഇന്റര്‍നാഷണല്‍ ലെവലിലേക്ക് ഒല! വില ₹10 ലക്ഷത്തില്‍ താഴെ, ട്രാഫിക് ബ്ലോക്കില്‍ മിന്നിക്കാന്‍ ഒരു കുഞ്ഞന്‍ ഇലക്ട്രിക് കാര്‍

കോമറ്റിന് പുറമെ ടാറ്റ ടിയാഗോ, വിന്‍ഫാസ്റ്റിന്റെ പുറത്തിറങ്ങാനിരിക്കുന്ന മിനിയോ ഗ്രീന്‍ എന്നീ മോഡലുകളുമായിട്ടായിരിക്കും മത്സരം

Dhanam News Desk

കാര്‍ നിര്‍മിക്കാനുള്ള പഴയ മോഹം പൊടിതട്ടിയെടുത്ത് ഒല ഇലക്ട്രിക്. ഇക്കുറി കോംപാക്ട് സൈസിലുള്ള ചെറിയ ഇലക്ട്രിക് കാര്‍ നിര്‍മിക്കാനാണ് കമ്പനിയുടെ അടുത്ത പ്ലാന്‍. എം.ജി കോമറ്റ് മാതൃകയിലുള്ള ചെറുകാറിന്റെ ഡിസൈനിന് കമ്പനി പേറ്റന്റ് സ്വന്തമാക്കി. ഇന്ത്യയിലും വിദേശ വിപണികളിലും വില്‍പ്പന ലക്ഷ്യം വെച്ചാണ് ഒലയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്തിടെ നടന്ന ഒല സങ്കല്‍പ്പ് 2025 ഇവന്റില്‍ അവതരിപ്പിച്ച ജെന്‍ 4 മോഡുലാര്‍ പ്ലാറ്റ്‌ഫോമിലായിരിക്കും പുതിയ കാറിന്റെ നിര്‍മാണം. സ്‌കൂട്ടറുകള്‍, മുചക്ര വാഹനങ്ങള്‍, കോംപാക്ട് കാറുകള്‍ എന്നിവ നിര്‍മിക്കാന്‍ കഴിയുന്ന പ്ലാറ്റ്‌ഫോമാണിത്. നേരത്തെയും കാര്‍ നിര്‍മാണത്തിലേക്ക് കടക്കുമെന്ന് കമ്പനി അറിയിച്ചെങ്കിലും സ്‌കൂട്ടര്‍ ബിസിനസില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ പ്ലാന്‍ മാറ്റിവെക്കുകയായിരുന്നു. രണ്ട് നിര സീറ്റുകളുള്ള 5 ഡോര്‍ കോംപാക്ട് ഇ.വിക്കുള്ള ഡിസൈനിനാണ് കമ്പനിക്ക് പേറ്റന്റ് ലഭിച്ചിരിക്കുന്നത്.

ഒലക്ക് പേറ്റന്റ് ലഭിച്ച ഡിസൈന്‍

മത്സരം മുറുകും

എം.ജി കോമറ്റിനെപ്പോലെ ചതുരവടിവുകളുള്ള ഡിസൈനാണ് വാഹനത്തിന്. വിപണിയിലെത്തിയാല്‍ കോമറ്റിന് പുറമെ ടാറ്റ ടിയാഗോ, വിന്‍ഫാസ്റ്റിന്റെ പുറത്തിറങ്ങാനിരിക്കുന്ന മിനിയോ ഗ്രീന്‍ എന്നീ മോഡലുകളുമായിട്ടായിരിക്കും മത്സരം.

നഗരങ്ങളിലെ തിരക്കേറിയ ട്രാഫിക്കില്‍ സുഗമമായി ഡ്രൈവ് ചെയ്യാന്‍ പറ്റുന്ന വിധത്തിലുള്ള ഡിസൈനാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. കമ്പനിയുടെ പുതിയ 4680 സീരീസിലുള്ള ബാറ്ററി പാക്കായിരിക്കും വാഹനത്തില്‍ ഉപയോഗിക്കുക. അടുത്ത വര്‍ഷങ്ങളില്‍ തന്നെ വാഹനം നിര്‍മാണം ആരംഭിക്കുമെന്നാണ് വിവരം. ഇക്കാര്യത്തില്‍ കമ്പനിയുടെ ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല.

ഓഹരിക്ക് രക്ഷയില്ല

അതേസമയം, ഒല ഇലക്ട്രിക് ഓഹരികള്‍ ഇന്നും നഷ്ടത്തിലാണ്. ഏതാണ്ട് 3.5 ശതമാനത്തോളം നഷ്ടത്തിലാണ് ഓഹരിയുടെ വ്യാപാരം നടക്കുന്നത്. കമ്പനിയുടെ വാഹന വിഭാഗം ഇതാദ്യമായി ലാഭത്തിലായെന്ന റിപ്പോര്‍ട്ട് വന്നെങ്കിലും ബാറ്ററി സാങ്കേതിക വിദ്യ കോപ്പിയടിച്ചെന്ന എല്‍.ജിയുടെ ആരോപണമാണ് ഓഹരിക്ക് ഇന്നും വിനയായതെന്നാണ് വിലയിരുത്തല്‍.

Ola Electric has patented a five-door compact city EV design built on its Gen 4 modular platform, marking its renewed push into passenger cars and a global unveiling soon.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT