Bhavish Aggarwal /Image Courtesy: Insta 
Auto

ഓലപ്പടക്കമായി ഒല, മാലപ്പടക്കം പോലെ പരാതികൾ, ഐ.പി.ഒക്കു ശേഷം ദിശ തെറ്റിയത് എവിടെ? കരകയറ്റുമോ, പുത്തൻ ഒ.എസ് അപ്ഡേറ്റ് ?

ഒരുകാലത്ത് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ വിജയമാതൃകയായി ചൂണ്ടിക്കാട്ടിയ ഒലക്ക് എവിടെയാണ് പിഴച്ചത്. പരിശോധിക്കാം.

Dhanam News Desk

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ശേഷം ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഒല ഇലക്ട്രിക്കിന് തിരിച്ചടിയെന്ന് റിപ്പോര്‍ട്ട്. 2025ല്‍ ബി.എസ്.ഇ 500ലും നിഫ്റ്റി മിഡ്ക്യാപ് 100 സൂചികയിലും ഏറ്റവും മോശം പ്രകടനം കാഴ്ച്ചവെച്ച ഓഹരിയാണ് ഒലയുടേതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കൊല്ലം മാത്രം കമ്പനിയുടെ ഓഹരി ഇടിഞ്ഞത് 52 ശതമാനമാണ്. ബജാജ് ചേതക് അടക്കമുള്ള മോഡലുകള്‍ കളം നിറഞ്ഞതോടെ വില്‍പ്പനക്കണക്കുകളിലും ഒലക്ക് തിരിച്ചടിയാണ്. ബൈക്ക് വിപണിയിലിറക്കിയ റോഡ്‌സ്റ്റര്‍ സീരീസിനും കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരുകാലത്ത് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ വിജയമാതൃകയായി ചൂണ്ടിക്കാട്ടിയ ഒലക്ക് എവിടെയാണ് പിഴച്ചത്. പരിശോധിക്കാം.

ഇരിക്കും മുമ്പ് കാലുനീട്ടിയോ?

ഒരു പുതിയ ഉത്പന്നത്തിന് ഇന്ത്യന്‍ വിപണിയില്‍ വിജയക്കൊടി പാറിക്കാന്‍ നിരന്തരമായ പരിശ്രമവും ക്ഷമയും ആവശ്യമാണെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. ഉത്പന്നം വിപണിയുമായി സമരസപ്പെടുന്നതിന് മുമ്പ് വലിയ ഫണ്ടിംഗ് സ്വീകരിക്കുന്നതിലേക്ക് കടന്നതാണ് പ്രധാന തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍. 2022ന്റെ തുടക്കത്തില്‍ ഫണ്ടിംഗ് വിപ്ലവത്തിലേക്ക് കടന്ന ബൈജൂസ്, ഫാം ഈസി, ഓയോ ഹോട്ടല്‍സ് തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകള്‍ക്കും നേരിടേണ്ടി വന്നത് സമാനമായ തിരിച്ചടിയാണ്. നിക്ഷേപകരുമായുള്ള പ്രശ്‌നങ്ങള്‍ ബൈജൂസിനെ നിയമ കുരുക്കിലെത്തിച്ചപ്പോള്‍ കടം കയറിയ ഫാം ഈസിയുടെ മൂല്യമിടിഞ്ഞത് 90 ശതമാനമാണ്. ഓഹരി വിപണി പ്രവേശനം ആഗ്രഹിക്കുന്ന ഓയോയുടെ നീക്കം ഏറെക്കാലമായി അനിശ്ചിതത്വത്തിലാണ്. രാജ്യത്തെ ഇ.വി ടാക്‌സി സര്‍വീസായിരുന്ന ബ്ലൂസ്മാര്‍ട്ടും അടുത്തിടെയാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

ആറ് വര്‍ഷം മുമ്പ് സോഫ്റ്റ് ബാങ്ക് നടത്തിയ 250 മില്യന്‍ ഡോളറിന്റെ നിക്ഷേപമാണ് ഒരു ഉത്പന്നം പോലും വിപണിയിലെത്തിക്കാത്ത ഒലയെ രാജ്യത്തെ ആദ്യ ഇലക്ട്രിക് വാഹന യൂണികോണാക്കിയത്. 2010ല്‍ യൂബര്‍ മാതൃകയില്‍ ഭവീഷ് അഗര്‍വാളും കൂട്ടരും അവതരിപ്പിച്ച ഒല ക്യാബ്‌സിന്റെ വിജയമാണ് വമ്പന്‍ കമ്പനികളെ ഈ നിക്ഷേപത്തിന് പ്രേരിപ്പിച്ചത്. പിന്നാലെ സ്വന്തമായി വാഹനം ഡിസൈന്‍ ചെയ്യുന്നതിന് പകരം ഡച്ച് കമ്പനിയായ എടേര്‍ഗോയുടെ ഡിസൈന്‍ അനുസരിച്ച് 2021 കാലഘട്ടത്തിലാണ് ഒലയുടെ ആദ്യ മോഡലായ എസ് വണ്‍ വിപണിയിലെത്തുന്നത്. നഗരങ്ങളില്‍ 45 കിലോമീറ്റര്‍ വേഗപരിധിയില്‍ സഞ്ചരിക്കാനായി ഡിസൈന്‍ ചെയ്ത വാഹനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് വാഹനം നിരത്തിലെത്തിയത്. ഇന്ത്യന്‍ റോഡുകള്‍ക്ക് പറ്റിയ വാഹനമാണോയെന്ന കാര്യത്തില്‍ പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ടോയെന്ന് വ്യക്തമല്ല. ഇതോടെ 2022ന്റെ പകുതിയില്‍ ഒല വാഹനങ്ങളെക്കുറിച്ചുള്ള പരാതികള്‍ വ്യാപകമായി.

പരാതി പ്രളയം

വാഹനങ്ങള്‍ കൂട്ടത്തോടെ തകരാറിലായെങ്കിലും മതിയായ സര്‍വീസ് സെന്ററുകള്‍ ഒരുക്കാത്തത് ഒലക്ക് വീണ്ടും തിരിച്ചടിയായി. ഇതോടെ ഉപയോക്താക്കള്‍ കൂട്ടത്തോടെ രംഗത്തെത്തി. വില്‍പ്പന കണക്കുകളില്‍ പൊരുത്തമില്ലെന്ന് ആരോപിച്ച് നിയമ നടപടികളും കമ്പനിയെ തേടിയെത്തി. ഒല ഷോറൂമുകളില്‍ പരിശോധനകള്‍ നിത്യസംഭവമായി മാറി. ഭവീഷ് അഗര്‍വാളും കൊമേഡിയന്‍ കുനാല്‍ കംമ്രയും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടിയതും തിരിച്ചടിക്ക് ആക്കം കൂട്ടി. അവസരം മുതലെടുത്ത് രാജ്യത്ത് വേരോട്ടമുള്ള ബജാജ്, ടി.വി.എസ് പോലുള്ള വന്‍ കമ്പനികള്‍ പുതിയ മോഡലുകള്‍ ഇറക്കി. ഫലമോ, കഴിഞ്ഞ ജൂണില്‍ 46 ശതമാനമുണ്ടായിരുന്ന വിപണി വിഹിതം 20 ശതമാനത്തിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നഷ്ടം 43 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പുത്തന്‍ ഒ.എസ് അപ്‌ഡേറ്റ്

അതിനിടെ ഒല വാഹനങ്ങളുടെ പെര്‍ഫോമന്‍സ് വര്‍ധിപ്പിക്കാന്‍ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റവും, മൂവ്ഒ.എസ് 5 (MoveOS 5), കഴിഞ്ഞ ദിവസം കമ്പനി പുറത്തിറക്കി. ബംഗളൂരു ആസ്ഥാനമായ കമ്പനിയുടെ സ്‌കൂട്ടറുകളുടെയും റോഡ്‌സ്റ്റര്‍ എക്‌സ് ബൈക്കുകളുടെയും വേഗത്തിലുള്ള ആക്‌സിലറേഷനും കൂടുതല്‍ റേഞ്ചും സാധ്യമാക്കുന്നതാണ് അപ്‌ഡേറ്റ്. വിപണിയിലുള്ള മറ്റ് ഇലക്ട്രിക് മോഡലുകളുമായുള്ള മത്സരക്ഷമ ഉറപ്പിക്കാന്‍ സ്വന്തമായി വികസിപ്പിച്ച ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് കഴിയുമെന്നാണ് പ്രതീക്ഷ. ഈ ആഴ്ച മുതല്‍ മോഡലുകളില്‍ ഒ.ടി.എ (ഓവര്‍ ദി എയര്‍) രൂപത്തില്‍ അപ്‌ഡേറ്റുകള്‍ ലഭിച്ചുതുടങ്ങുമെന്നാണ് വിവരം.

SoftBank-backed Ola Electric grapples with profitability and service challenges post-IPO. Moves to regain investor trust with MoveOS 5 update—faster range, OTA features for S1 & Roadster X.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT