സംസ്ഥാനത്തുള്ള 487 ഒല ഷോറൂമുകളില്‍ 80 ശതമാനവും അടച്ചുപൂട്ടാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചതായി ലൈവ് മിന്റ് റിപ്പോര്‍ട്ട്. ആവശ്യമായ സര്‍ക്കാര്‍ അനുമതി നേടാത്തതാണ് നടപടിക്ക് കാരണമെന്നാണ് വിശദീകരണം. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയായ മഹാരാഷ്ട്രയില്‍ ഒല ഇലക്ട്രിക്കലിന് കനത്ത തിരിച്ചടിയാണ് നീക്കമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം ഒലയുടെ 41,000 സ്‌കൂട്ടറുകളാണ് മഹാരാഷ്ട്രയില്‍ മാത്രം വിറ്റതെന്ന് കൂടി ഓര്‍ക്കണം. ആകെ വില്‍പ്പനയുടെ 12 ശതമാനമാണിത്.
സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്ന 487 ഒല ഷോറൂമുകളില്‍ 385 എണ്ണവും പൂട്ടിയെന്നും 576 വാഹനങ്ങള്‍ പിടിച്ചെടുത്തെന്നുമാണ് റിപ്പോര്‍ട്ട്. മറ്റ് സംസ്ഥാനങ്ങളിലും ഇതേ നടപടികള്‍ നേരിടേണ്ടി വരും. എന്നാല്‍ ഷോറൂമുകള്‍ പൂട്ടിയെന്ന വാര്‍ത്ത ഒല വൃത്തങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തനിക്ക് സര്‍ക്കാരില്‍ നിന്നുള്ള അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഒല ഇലക്ട്രിക്ക് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഭവീഷ് അഗര്‍വാള്‍ പറഞ്ഞു. വില്‍പ്പന കണക്കുകളില്‍ കൃത്രിമത്വം കാട്ടിയെന്ന് ആരോപിച്ച് ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയത്തിന്റെ അന്വേഷണവും ഒലക്കെതിരെ നടക്കുന്നുണ്ട്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി കമ്പനിയുടെ വില്‍പ്പന കണക്കുകളും താഴോട്ടാണ്. ഇതിനിടയില്‍ കമ്പനിയിലെ ഉന്നത പോസ്റ്റുകളില്‍ ആളെക്കിട്ടുന്നില്ലെന്നും ദി ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സാമ്പത്തിക പ്രതിസന്ധിയിലായ എഡ്‌ടെക് പ്ലാറ്റ്‌ഫോം ബൈജൂസിലെ മുന്‍ ജീവനക്കാരന്‍ നിഖില്‍ ഗോലാനി അടുത്തിടെ ഒലയില്‍ ചീഫ് ബിസിനസ് ഓഫീസറായി ചേര്‍ന്നിരുന്നു. മൂന്നാഴ്ചക്കുള്ളില്‍ അദ്ദേഹം മറ്റൊരു കമ്പനിയില്‍ ജോലിക്ക് കയറി. ഒലയിലെ ജനറല്‍ കൗണ്‍സല്‍ രോഹിത് കുമാറും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് മരീഷ ശുക്ലയും ഈ മാസം കമ്പനി വിടുമെന്നും റിപ്പോര്‍ട്ട് തുടരുന്നു. മാര്‍ച്ചില്‍ തന്നെ രാജിവെച്ചെങ്കിലും രാജ്യവ്യാപകമായി ഒല ഷോറൂമുകളില്‍ നടക്കുന്ന റെയിഡിനെ പ്രതിരോധിക്കാന്‍ കമ്പനിയില്‍ തുടരാന്‍ ആവശ്യപ്പെട്ടെന്നാണ് വിവരം.
അടുത്തിടെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയാണ് ഒല. ഈ സമയത്ത് കമ്പനിയിലെ ചീഫ് പ്രോഡക്ട് ഓഫീസര്‍ സുവോനില്‍ ചാറ്റര്‍ജി, ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ അന്‍ഷുല്‍ ഖണ്ഡേവാള്‍, ചീഫ് ഹ്യൂമന്‍ റിസോഴ്‌സ് ഓഫീസര്‍ എന്‍ ബാലചന്ദര്‍, ഹെഡ് ഓഫ് സെയില്‍സ് മഹേഷ് എന്നിവരും രാജിവെച്ചു.
ഒല സ്ഥാപകന്‍ ഭവീഷ് അഗര്‍വാളിന്റെ വിശ്വസ്തരായിരുന്ന മൂന്ന് പേരുടെ അഭാവവും ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്. സഹോദരന്‍ അങ്കുശ് അഗര്‍വാള്‍, ബിസിനസ് ഹെഡ് വിശാല്‍ ചതുര്‍വേദി, തുഷാര്‍ മെഹന്തിറാട്ട എന്നിവരാണ് ഭവീഷ് അഗര്‍വാളിന്റെ വിശ്വസ്തരായി കമ്പനിയിലുണ്ടായിരുന്നത്. ജൂലൈ ഒന്ന് മുതല്‍ ഇവര്‍ കമ്പനിയില്‍ വരാതായെന്നാണ് ഇ.ടി റിപ്പോര്‍ട്ടില്‍ പറയുന്നത്. മൂവരും ഈ മാസം തന്നെ തിരികെ കമ്പനിയിലെത്തുമെന്നാണ് വിവരം. മൂവരുടെയും കാര്യത്തില്‍ ഒരുതരത്തിലുള്ള അനിശ്ചിതത്വവും ഇല്ലെന്നാണ് ഒല വൃത്തങ്ങള്‍ നല്‍കുന്ന മറുപടി.
കഴിഞ്ഞ ദിവസം ഒന്നാം പാദ ഫലങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ ഒല ഓഹരി കുത്തനെ കയറിയിരുന്നു. ഇന്ന് നേട്ടത്തില്‍ ആരംഭിച്ചെങ്കിലും നഷ്ടത്തിലേക്ക് മാറിയ ഒല ഓഹരി 6 ശതമാനത്തിന് മുകളിലാണ് ഇടിഞ്ഞത്. ഒന്നാം പാദ ഫലങ്ങള്‍ മികച്ചതാണെങ്കിലും ഓഹരിയില്‍ ജാഗ്രത വേണമെന്ന ബ്രോക്കറേജുകളുടെ മുന്നറിയിപ്പാണ് ഒലക്ക് തിരിച്ചടിയായത്. 40 രൂപയിലാണ് ഓഹരിയുടെ പിന്തുണ. 49 രൂപയില്‍ പ്രതിരോധമുണ്ട്. ഇത് മറികടക്കാനായാല്‍ ഒരോഹരിക്ക് 55 രൂപ വരെ റാലി പ്രതീക്ഷിക്കാം. 40ല്‍ താഴെ എത്തിയാല്‍ തകര്‍ച്ച തുടരുമെന്നുമാണ് വിലയിരുത്തല്‍. വ്യാപാരാന്ത്യം 6.52 ശതമാനം (3.07 രൂപ) നഷ്ടത്തില്‍ 44 രൂപയെന്ന നിലയിലാണ് ഒല ഓഹരികള്‍ ക്ലോസ് ചെയ്തത്.
(ഓഹരി നിക്ഷേപം വിപണിയിലെ നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക.)
Ola Electric confronts regulatory challenges with 90% showroom closures in Maharashtra and escalating leadership instability, impacting its market position.
Read DhanamOnline in English
Subscribe to Dhanam Magazine