ഇന്ത്യന്‍ ഓഹരി വിപണി ഇന്നും താഴ്ച്ചയിലൂടെയാണ് മുന്നോട്ട് പോകുന്നതെങ്കിലും കരുത്തുകാട്ടി ഇവി ഓഹരികള്‍. കുറച്ചു കാലമായി തകര്‍ച്ചയിലായിരുന്ന ഓല ഇലക്ട്രിക് ഓഹരികള്‍ ഇന്ന് (ജൂണ്‍ 30) രാവിലെ മുതല്‍ വന്‍ കുതിപ്പിലാണ്. ഒരുഘട്ടത്തില്‍ 11 ശതമാനം വരെ കുതിച്ചു ഓലയുടെ ഓഹരിവില. ഏഥര്‍ എനര്‍ജിയും നേട്ടമുണ്ടാക്കി.
ഇവി ഇരുചക്ര വാഹനങ്ങള്‍ പുറത്തിറക്കുന്ന ബജാജ് ഓട്ടോ ലിമിറ്റഡ് ഓഹരികളും ഇന്ന് മുന്നേറ്റത്തിലാണ്. ടിവിഎസ് മോട്ടോര്‍ കമ്പനിയും നേട്ടം രേഖപ്പെടുത്തി. ടാറ്റ പാസഞ്ചര്‍ വെഹിക്കിള്‍ ലിമിറ്റഡ് ഇടയ്ക്ക് താഴ്‌ന്നെങ്കിലും പിന്നീട് കുതിച്ചു.
പുതിയ ഇലക്ട്രിക് വാഹന നയത്തിന് ഡല്‍ഹി സര്‍ക്കാര്‍ തിങ്കളാഴ്ച അംഗീകാരം നല്കിയിരുന്നു. 15,000 കോടി രൂപയും ഇതിനായി മാറ്റിവച്ചിട്ടുണ്ട്. അടുത്ത നാലുവര്‍ഷം നഗരത്തില്‍ വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനാണ് ഈ തുക ചെലവഴിക്കുക.
2027 ജനുവരി ഒന്നു മുതല്‍ പുതിയതായി രജിസ്റ്റര്‍ ചെയ്യുന്ന മുച്ചക്ര വാഹനങ്ങളും എന്‍1 (N1) ട്രക്കുകളും പൂര്‍ണമായും ഇലക്ട്രിക് ആയിരിക്കണം. ഇരുചക്ര വാഹനങ്ങള്‍ക്ക് ഇത് 2028 ഏപ്രില്‍ ഒന്നു മുതല്‍ നിര്‍ബന്ധമാക്കും. പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഈ പറഞ്ഞ പരിധിക്ക് ശേഷം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ല. പി.എം ഇ-ഡ്രൈവ് (PM e-Drive) പദ്ധതിയുടെയും ഡല്‍ഹി സര്‍ക്കാരിന്റെയും സഹായത്തോടെ അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 32,000 ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.
ഇവി വില്പനയ്ക്ക് ഇന്ധനമേകുന്ന വാര്‍ത്തയാണ് ഇവി കമ്പനികളുടെ ഓഹരിവിലയില്‍ കുതിപ്പുണ്ടായത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇവി വാഹനങ്ങള്‍ക്കായി പ്രത്യേക നയം കൊണ്ടുവരുന്നത്. പെട്രോള്‍, ഡീസല്‍ വാഹന വില്പന നിരോധിക്കുന്നതോടെ ഇവി വാഹനങ്ങളുടെ വില്പന ഡല്‍ഹിയില്‍ കുത്തനെ ഉയരുമെന്നാണ് കരുതുന്നത്.
പശ്ചിമേഷ്യന്‍ യുദ്ധത്തിനു പിന്നാലെ ക്രൂഡ്ഓയില്‍ വില കൂടിയതോടെ രാജ്യത്ത് ഇവി വില്പന വര്‍ധിച്ചിരുന്നു. വരും മാസങ്ങളില്‍ വാഹന കമ്പനികള്‍ പുതിയ ഇവി മോഡലുകള്‍ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ്.
Read DhanamOnline in English
Subscribe to Dhanam Magazine