Auto

വരുമാനം കുത്തനെ ഇടിയുന്നു, നഷ്ടം പെരുകുന്നു; കൊട്ടിഘോഷിച്ച ഓല മോഡല്‍ പൊട്ടിപ്പൊളിയുന്നു?

സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന സ്ഥാപകന്റെ വാക്ചാരുത മാത്രമാണ് ഓലയുടെ സാന്നിധ്യം വിപണിയില്‍ നിലനിര്‍ത്തുന്നത്

Dhanam News Desk

ഒരുകാലത്ത് ഇന്ത്യന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലെ വമ്പന്മാരായിരുന്നു ഓല ഇലക്ട്രിക് മൊബിലിറ്റി. വിപണിയില്‍ ആദ്യമെത്തിയത് കൊണ്ട് തന്നെ മാര്‍ക്കറ്റ് പിടിച്ചടക്കാനും ഭവിഷ് അഗര്‍വാളിന്റെ കമ്പനിക്ക് സാധിച്ചിരുന്നു. എന്നാല്‍ മത്സരം കടുത്തതോടെ ഓല പിന്നോട്ടു പോകുന്നതാണ് കണ്ടത്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനി നിലവില്‍ തകര്‍ന്നടിയയുകയാണ്. മൂന്നാംപാദത്തിലെ മോശം ഫലം കൂടി പുറത്തു വന്നതോടെ ഇന്നലെ (ഫെബ്രുവരി 16) ഓഹരിവില 7 ശതമാനമാണ് ഇടിഞ്ഞത്.

വന്‍ വീഴ്ച

ഐപിഒ സമയത്ത് ഓഹരിയൊന്നിന് 76 രൂപയായിരുന്നു വില. ഐപിഒ ബൂം കാലഘട്ടത്തിലായിരുന്നു ലിസ്റ്റിംഗ്. പിന്നീട് ഓഹരിവില 157.40 രൂപ വരെ കുതിക്കുകയും ചെയ്തു. 2024 ഓഗസ്റ്റിലായിരുന്നു ഓല ലിസ്റ്റ് ചെയ്തത്. നിലവില്‍ ലിസ്റ്റിംഗ് വിലയില്‍ നിന്ന് 65 ശതമാനത്തോളം കുറവില്‍ 27 രൂപയിലാണ് ഓഹരിവില. ആദ്യമായി 30 രൂപയ്ക്ക് താഴേക്ക് ഓഹരിവില കൂപ്പുകുത്തുന്നതിനും ഫെബ്രുവരി 16 സാക്ഷ്യംവഹിച്ചു.

മൂന്നാംപാദത്തില്‍ എന്തുസംഭവിച്ചു?

അതിദയനീയമാണ് സമീപകാലത്തെ കമ്പനിയുടെ പ്രകടനം. സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന സ്ഥാപകന്റെ വാക്ചാതുരി മാത്രമാണ് ഓലയുടെ സാന്നിധ്യം വിപണിയില്‍ നിലനിര്‍ത്തുന്നത്. അടിക്കടി വാഹനങ്ങളില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതോടെ വില്പന കുത്തനെ താഴ്ന്നു.

മൂന്നാംപാദത്തിലെ കണക്കുകള്‍ കമ്പനിയുടെ വീഴ്ചയുടെ ആഴം വ്യക്തമാക്കും. മുന്‍വര്‍ഷം സമാനപാദത്തിലെ വരുമാനത്തില്‍ 1,045 കോടി രൂപ വരുമാനത്തില്‍ നിന്ന് 55 ശതമാനത്തിന്റെ കുറവാണ് ഈ പാദത്തില്‍ ഉണ്ടായത്. ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ വരുമാനം 470 കോടി രൂപയില്‍ ഒതുങ്ങി.

കഴിഞ്ഞ പതിനൊന്ന് പാദങ്ങളിലെ ഏറ്റവും താഴ്ന്ന വരുമാനമാണിത്. നഷ്ടം 487 കോടി രൂപയാണ്. മുന്‍ വര്‍ഷം ഡിസംബര്‍ പാദത്തേക്കാള്‍ നഷ്ടത്തില്‍ 77 കോടി രൂപയുടെ കുറവുണ്ടായത് മാത്രമാണ് ആശ്വാസം. ഉപയോക്താക്കളുടെ വിശ്വാസം നഷ്ടപ്പെട്ടത് ഓലയുടെ തിരിച്ചുവരവിന് പ്രതിസന്ധിയാകുമെന്നാണ് വിപണിയുടെ വിലയിരുത്തല്‍.

മൂന്നാംപാദത്തില്‍ 32,680 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. മുന്‍വര്‍ഷം സമാനപാദത്തേക്കാള്‍ 61 ശതമാനം കുറവ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പാദത്തില്‍ 84,029 യൂണിറ്റുകളാണ് ഓല നിരത്തിലിറക്കിയത്.

ഓഹരിവില 20 രൂപ വരെ താഴ്‌ന്നേക്കാമെന്നാണ് വിവിധ ബ്രോക്കറേജ് കമ്പനികളുടെ മുന്നറിയിപ്പ്. ഓഹരികള്‍ വിറ്റൊഴിവാക്കുന്നതാണ് ഉചിതമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT