image credit : canva , ola  
Auto

എല്ലാം ശരിയാക്കാന്‍ ഓല; സര്‍വീസിന് ഒറ്റദിവസം, വൈകിയാല്‍ പകരം വണ്ടി, ഒരുലക്ഷം പേര്‍ക്ക് പരിശീലനം; പുതിയ പ്ലാന്‍ ഇങ്ങനെ

ഒരുലക്ഷം മെക്കാനിക്കുകളെ നെറ്റ്‌വര്‍ക്ക് പാര്‍ട്ണര്‍ പ്രോഗ്രാം വഴി ഓല സ്‌കൂട്ടറുകള്‍ സര്‍വീസ് ചെയ്യാന്‍ പഠിപ്പിക്കും

Dhanam News Desk

പരാതികള്‍ പെരുകിയതോടെ ആഫ്റ്റര്‍ സെയില്‍ സര്‍വീസ് വിപുലീകരിക്കാനുള്ള തീരുമാനവുമായി ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഓല ഇലക്ട്രിക് മൊബിലിറ്റി. ഈ വര്‍ഷം അവസാനത്തോടെ കമ്പനിയുടെ സര്‍വീസ് സെന്ററുകളുടെ എണ്ണം ആയിരത്തില്‍ എത്തിക്കാനുള്ള പദ്ധതിയടങ്ങിയ ഹൈപ്പര്‍സര്‍വീസ് ക്യാംപയിന്‍ ഓല സ്ഥാപകന്‍ ഭവീഷ് അഗര്‍വാള്‍ തുടക്കമിട്ടു. രാജ്യത്ത് ഇലക്ട്രിക് ഇരുചക്ര വാഹന വില്‍പ്പന വര്‍ധിപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് പുതിയ ക്യാംപയിന്‍. ഓലയുടെ ഇരുചക്ര വാഹനങ്ങളുടെ സര്‍വീസിനായി ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നെന്ന പരാതികള്‍ സോഷ്യല്‍ മീഡിയ കടന്ന് നിരത്തിലേക്ക് എത്തിയതോടെയാണ് ഇക്കാര്യത്തില്‍ കമ്പനി അടിയന്തര നടപടി സ്വീകരിച്ചതെന്നാണ് വിവരം.

രാജ്യത്ത് 800 സ്‌റ്റോറുകളും 500 സര്‍വീസ് സെന്ററുകളുമുണ്ടെന്നാണ് ഓല പറയുന്നത്. നിരത്തിലെത്തുന്ന ഇവി സ്‌കൂട്ടറുകളില്‍ 41 ശതമാനവും ഓലയുടേതാണ്. ഇത്രയും വാഹനങ്ങള്‍ സര്‍വീസ് ചെയ്യാനുള്ള കേന്ദ്രങ്ങള്‍ ഓലയ്ക്കില്ലെന്നാണ് ഉപയോക്താക്കളുടെ പരാതി. സര്‍വീസ് സെന്ററുകളുടെ കുറവും മതിയായ പരിശീലനം ലഭിക്കാത്ത ജീവനക്കാരും ഓലയുടെ സര്‍വീസ് ശൃംഖലയെക്കുറിച്ചുള്ള പരാതികള്‍ വര്‍ധിപ്പിച്ചു. സോഷ്യല്‍ മീഡിയയില്‍ കൂട്ടായ്മകളുണ്ടാക്കി പരസ്പര സഹകരണത്തോടെയാണ് ഓല ഉപയോക്താക്കള്‍ ഇതിനെ മറികടക്കുന്നത്. എന്നാല്‍ പുതുതായി എടുത്ത ഓല സ്‌കൂട്ടറിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതില്‍ കലിപൂണ്ട ഉപയോക്താവ് കര്‍ണാടകയില്‍ ഓല ഷോറൂം കത്തിച്ചത് ദേശീയതലത്തില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. ഇതോടെയാണ് ഓല പുതിയ തന്ത്രങ്ങള്‍ മെനയാന്‍ തുടങ്ങിയത്.

എല്ലാം ശരിയാക്കാന്‍ ഓല

സര്‍വീസ് ശൃംഖല വിപുലമാക്കാനും പരാതികള്‍ പരിഹരിക്കുന്നതിനുമായാണ് ഹൈപ്പര്‍ സര്‍വീസ് എന്ന പേരില്‍ പുതിയ പദ്ധതി ഓല പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ഈ വര്‍ഷം ഡിസംബറോടെ സര്‍വീസ് സെന്ററുകളുടെ എണ്ണം ആയിരത്തിലെത്തിക്കും. സര്‍വീസ് സെന്ററുകളെ സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ ഇത് സഹായിക്കുമെന്നാണ് കമ്പനി കരുതുന്നത്. കൂടാതെ ഒരുലക്ഷം മെക്കാനിക്കുകളെ നെറ്റ്‌വര്‍ക്ക് പാര്‍ട്ണര്‍ പ്രോഗ്രാം വഴി ഓല സ്‌കൂട്ടറുകള്‍ സര്‍വീസ് ചെയ്യാന്‍ പഠിപ്പിക്കും. സര്‍വീസ് സെന്ററുകളില്‍ എത്താതെ തന്നെ സര്‍വീസ് ചെയ്യാവുന്ന രീതിയിലേക്ക് ഓലയെ മാറ്റുകയാണ് ലക്ഷ്യം. നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ മെയിന്റനന്‍സ് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് സംവിധാനവും ഓല നടപ്പിലാക്കും. ഒക്ടോബറില്‍ മൂവ്ഒഎസ് 5ലെ അപ്‌ഡേറ്റിലൂടെ ഇത് നടപ്പിലാവും. അറ്റകുറ്റപ്പണി കാര്യക്ഷമമാക്കാനും ഉപയോക്താവിന്റെ അടുത്ത് എത്താതെ വാഹനത്തിന്റെ തകരാര്‍ കണ്ടുപിടിക്കാനും ഇതിനാകുമെന്നാണ് ഓല പറയുന്നത്.

ഒറ്റദിവസത്തില്‍ സര്‍വീസ്

സര്‍വീസ് സംബന്ധമായുള്ള പരാതികള്‍ തീര്‍ക്കാന്‍ ഒരുദിവസം കൊണ്ട് സര്‍വീസ് ഉറപ്പുനല്‍കുന്ന സേവനവും ഓല തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. സര്‍വീസിന് കൂടുതല്‍ ദിവസങ്ങളെടുത്താല്‍ ബാക്കപ്പായി ഓല എസ് 1 സ്‌കൂട്ടര്‍ നല്‍കാനും ഓലയ്ക്ക് പദ്ധതിയുണ്ട്. ഒക്ടോബര്‍ 10 മുതല്‍ ഈ സേവനം ലഭ്യമാകുമെന്നാണ് ഓല അറിയിച്ചിരിക്കുന്നത്. സര്‍വീസ് വൈകിയാല്‍ ഓല കെയര്‍ പ്ലസ് ഉപയോക്താക്കള്‍ക്ക് ഓല കാബുകളില്‍ ഡിസ്‌കൗണ്ട് കൂപ്പണ്‍ നല്‍കാനും കമ്പനി ആലോചിക്കുന്നുണ്ട്. അതേസമയം, ഒരു ദിവസത്തിനുള്ളില്‍ സര്‍വീസ് പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനം സര്‍വീസ് സെന്ററുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാനിടയുണ്ടെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ നല്‍കിയ മോഹന വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാതെ വന്നാല്‍ ഓലയ്‌ക്കെതിരെ ഉപയോക്താക്കളുടെ പ്രതിഷേധം കനക്കാന്‍ ഇടയുണ്ടെന്നും വാഹന രംഗത്തെ വിദഗ്ധര്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT