ola electric
Auto

₹74,999 മുതല്‍ വില, 500 കിലോമീറ്റര്‍ വരെ റേഞ്ച്! രണ്ടും കല്‍പ്പിച്ച് ഓലയുടെ റോഡ്സ്റ്റര്‍ ഇലക്ട്രിക് ബൈക്ക്

മൂന്നാം തലമുറ ഇലക്ട്രിക് സ്‌കൂട്ടര്‍ പ്ലാറ്റ്‌ഫോമിലാണ് റോഡ്‌സ്റ്ററിന്റെയും നിര്‍മാണം

Dhanam News Desk

റോഡ്‌സ്റ്റര്‍ എക്‌സ് സീരീസില്‍ ഇലക്ട്രിക് ബൈക്കുകള്‍ നിരത്തിലെത്തിച്ച് ഓല. 74,999 രൂപ മുതല്‍ വില വരുന്ന അഞ്ച് മോഡലുകളാണ് ഓല സി.ഇ.ഒ ഭവീഷ് അഗര്‍വാള്‍ പുറത്തിറക്കിയത്. അടുത്തിടെ അവതരിപ്പിച്ച മൂന്നാം തലമുറ ഇലക്ട്രിക് സ്‌കൂട്ടര്‍ പ്ലാറ്റ്‌ഫോമിലാണ് റോഡ്‌സ്റ്ററിന്റെയും നിര്‍മാണം. മാര്‍ച്ച് പകുതിയോടെ വാഹനത്തിന്റെ ഡെലിവറി ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി.

പെട്രോള്‍ യുഗത്തിന് അവസാനം

ഹോണ്ട യൂണികോണ്‍, ഹീറോ സ്‌പ്ലെണ്ടര്‍ തുടങ്ങിയ അതികായന്മാര്‍ മേയുന്ന സെഗ്‌മെന്റിലേക്ക് രണ്ടും കല്‍പ്പിച്ചാണ് ആശാന്റെ വരവ്. ഇന്റേണല്‍ കമ്പസ്റ്റ്ഷ്യന്‍ എഞ്ചിന്‍ യുഗത്തിന് അന്ത്യമായെന്നും ഇനി ഇലക്ട്രിക് യുഗമാണെന്നുമുള്ള മാര്‍ക്കറ്റിംഗ് രീതി തന്നെ ഇതിന് ഉദാഹരണം. പെട്രോള്‍ ബൈക്കുകള്‍ക്ക് പ്രതിമാസം 4,000 രൂപ വരെ ചെലവിടേണ്ടി വരുമ്പോള്‍ ഇ.വിയാണെങ്കില്‍ 500 രൂപക്ക് കാര്യം നടക്കുമെന്നാണ് ഓല പറയുന്നത്. പെട്രോള്‍ വാഹനങ്ങളേക്കാള്‍ കുറഞ്ഞ വിലയില്‍ ഇലക്ട്രിക് ബൈക്കുകള്‍ നിരത്തിലെത്തിച്ച് വിപണി പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ഓലയെന്ന് വ്യക്തം.

ഡിസൈന്‍

കമ്യൂട്ടര്‍ ബൈക്ക് ശ്രേണിയില്‍ ഇന്ത്യക്കാര്‍ കണ്ടുശീലിച്ച ബൈക്കുകളുടേതിന് സമാനമെന്ന് തോന്നിക്കുന്ന രൂപത്തിലാണ് റോഡ്‌സ്റ്ററിന്റെയും ഡിസൈന്‍. മുന്നിലെയും പിന്നിലെയും ലൈറ്റുകളെല്ലാം എല്‍.ഇ.ഡിയാണ്. ഇത് സെഗ്‌മെന്റില്‍ ആദ്യമാണെന്ന് ഓല പറയുന്നു. സ്മാര്‍ട്ട് കണക്ടിവിറ്റിയോടെയുള്ള 4.3 ഇഞ്ചിന്റെ കളര്‍ എല്‍.സി.ഡി മീറ്റര്‍ കണ്‍സോള്‍ മികച്ച രീതിയില്‍ ക്രമീകരിച്ചിരിക്കുന്നു. മുന്നില്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് നല്‍കിയിരിക്കുന്നത്. ഇക്കോ, നോര്‍മല്‍, സ്‌പോര്‍ട് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളാണുള്ളത്. മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗത്തില്‍ വരെ സഞ്ചരിക്കാന്‍ കഴിയും. സ്‌കൂട്ടറുകളില്‍ നിന്ന് വ്യത്യസ്തമായി ഈ മോഡലുകളില്‍ കീ (താക്കോല്‍)യും ഉള്‍പ്പെടുത്തി. പെട്രോള്‍ ടാങ്കിന്റെ സ്ഥാനത്ത് ചെറിയൊരു സ്‌റ്റോറേജ് സ്‌പേസും ക്രമീകരിച്ചു. സീറ്റിനടിയിലാണ് ബാറ്ററി പാക്ക്.

2.5 കിലോവാട്ട് അവര്‍ (kWh), 3.5 കിലോവാട്ട് അവര്‍, 4.5 കിലോവാട്ട് അവര്‍ എന്നിങ്ങനെ മൂന്ന് ബാറ്ററി പാക്കുകളിലാണ് റോഡ്‌സ്റ്റര്‍ എക്‌സ് വേരിയന്റുകള്‍ ലഭ്യമാകുന്നത്. യഥാക്രമം ഇവക്ക് 74,999 രൂപ, 84,999 രൂപ, 94,999 രൂപ എന്നിങ്ങനെയാണ് വില. മണിക്കൂറില്‍ 105 മുതല്‍ 118 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാം. ബേസ് വേരിയന്റിന് 140 കിലോമീറ്ററും മിഡ് വേരിയന്റിന് 196 കിലോമീറ്ററും ടോപ് എന്‍ഡിന് 252 കിലോമീറ്ററും റേഞ്ച് ലഭിക്കും.

റോഡില്‍ അല്‍പ്പം പെര്‍ഫോമന്‍സ് കാട്ടുന്ന വാഹനം വേണ്ടവര്‍ക്കായി റോഡ്‌സ്റ്റര്‍ എക്‌സ് പ്ലസ് വേരിയന്റുകളും ഓല പുറത്തിറക്കി. 4.5 കിലോവാട്ട് അവര്‍, 9.1 കിലോവാട്ട് അവര്‍ എന്നിങ്ങനെ രണ്ട് വാഹനങ്ങളാണ് ഈ ശ്രേണിയിലുള്ളത്. ഇതില്‍ 9.1 കിലോവാട്ട് അവര്‍ ശേഷിയുള്ള മോഡലിന് 501 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന 11 കിലോവാട്ടിന്റെ മോട്ടോറാണ് വാഹനത്തിലുള്ളത്. പൂജ്യത്തില്‍ നിന്നും 40 കിലോമീറ്റര്‍ വേഗതയിലെത്താന്‍ 2.7 സെക്കന്‍ഡ് മതിയാകും.

ബ്രേക്ക് വയര്‍ ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന സിംഗിള്‍ ചാനല്‍ എ.ബി.എസ്, ഇന്റഗ്രേറ്റഡ് എം.സി.യു അടങ്ങിയ മിഡ് മൗണ്ടഡ് മോട്ടര്‍, ഓലയുടെ ഏറ്റവും പുതിയ മൂവ്ഒ.എസ് 5 (MoveOs 5), ക്രൂസ് കണ്‍ട്രോള്‍, സ്‌കിഡ് കണ്‍ട്രോള്‍, അഡ്‌വാന്‍സ്ഡ് റീജെന്‍, തെഫ്റ്റ് ഡിറ്റക്ഷന്‍ എന്നീ ഫീച്ചറുകളും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT