കോവിഡ് രണ്ടാം തരംഗം പാസഞ്ചര്‍ വാഹന വില്‍പ്പനയെയും കാര്യമായി ബാധിച്ചതായി റിപ്പോര്‍ട്ട്. ഏപ്രില്‍ മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മെയ് മാസത്തെ വാഹനവില്‍പ്പനയില്‍ 66 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. മെയ് മാസം രാജ്യത്ത് ആകെ 88,045 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങള്‍ മാത്രമാണ് വിറ്റഴിച്ചതെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സിന്റെ (സിയാം) കണക്കുകള്‍ വ്യക്തമാക്കുന്നു. ഏപ്രിലില്‍ 2,61,633 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങളായിരുന്നു വിറ്റുപോയിരുന്നത്.
സിയാമിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഇരുചക്രവാഹന വില്‍പ്പന 65 ശതമാനം കുറഞ്ഞ് 3,52,717 യൂണിറ്റായി. ഏപ്രിലില്‍ ഇത് 9,95,097 യൂണിറ്റായിരുന്നു. മോട്ടോര്‍ സൈക്കിള്‍ വില്‍പ്പന ഏപ്രിലിലെ 6,67,841 എന്നതിനേക്കാള്‍ 56 ശതമാനം ഇടിഞ്ഞ് 2,95,257 യൂണിറ്റായി. സ്‌കൂട്ടര്‍ വില്‍പ്പനയിലും വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. സ്‌കൂട്ടര്‍ വില്‍പ്പന 83 ശതമാനം കുറഞ്ഞ് 50,294 യൂണിറ്റായി. ഏപ്രിലില്‍ 3,00,462 യൂണിറ്റുകളായിരുന്നു വിറ്റഴിച്ചിരുന്നത്. ത്രീവിലര്‍ വില്‍പ്പനയിലാണ് ഏറ്റവും കൂടുതല്‍ കുറവുണ്ടായത്. ഏപ്രലിലെ 13,728 നേക്കാള്‍ 91 ശതമാനം ഇടിഞ്ഞ് 1,251 യൂണിറ്റായി.
അതേസമയം മൊത്തം വാഹന വില്‍പ്പനയില്‍ 65 ശതമാനം കുറവും മെയ് മാസത്തില്‍ രേഖപ്പെടുത്തി. 4,42,013 യൂണിറ്റുകള്‍ മാത്രമാണ് കഴിഞ്ഞ മാസം വിറ്റഴിച്ചത്. ഏപ്രിലില്‍ ഇത് 12,70,458 യൂണിറ്റായിരുന്നു. കോവിഡിനെ തുടര്‍ന്ന് ഭൂരിഭാഗം സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതാണ് വില്‍പ്പന കുറയാന്‍ കാരണമെന്ന് സിയാം ഡയറക്ടര്‍ ജനറല്‍ രാജേഷ് മേനോന്‍ പറഞ്ഞു. മെഡിക്കല്‍ ആവശ്യത്തിനായി ഓക്‌സിജന്‍ ലഭ്യമാക്കുന്നതിന് നിരവധി വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ നിര്‍മാണശാലകള്‍ അടച്ചുപൂട്ടിയിരുന്നതായും അദ്ദേഹം പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine