image: @canva 
Auto

ഏപ്രില്‍ മുതല്‍ കാറുകള്‍ക്ക് വില വര്‍ധിക്കും

ഓണ്‍-ബോര്‍ഡ് ഡയഗ്‌നോസ്റ്റിക്‌സ് എന്ന ഉപകരണം ഘടിപ്പിക്കുന്നതോടെ വാഹനങ്ങളുടെ നിർമാണ ചെലവ് ഉയരും

Dhanam News Desk

ഓണ്‍-ബോര്‍ഡ് ഡയഗ്നോസ്റ്റിക്സ് (OBD) 2 എന്ന ഡയഗ്‌നോസ്റ്റിക് ഉപകരണം ഘടിപ്പിക്കുന്നതോടെ ഏപ്രില്‍ മുതല്‍ കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ദി ഹിന്ദു ബിസിനസ്‌ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. നിര്‍മാണ ചെലവ് ഉയരുന്നതിനാല്‍ വാഹന നിര്‍മാതാക്കള്‍ കാറുകളുടെ വില 10,000 രൂപ മുതല്‍ 30,000 രൂപ വരെ വര്‍ധിപ്പിക്കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഓണ്‍-ബോര്‍ഡ് ഡയഗ്‌നോസ്റ്റിക്‌സ്

ഓണ്‍-ബോര്‍ഡ് ഡയഗ്‌നോസ്റ്റിക്‌സ് എന്നത് ഒരു കമ്പ്യൂട്ടര്‍ സംവിധാനമാണ്. ഇത് ഒരു കാറിന്റെ പ്രകടനം നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. ഇത് വാഹനത്തിനുള്ളിലെ സെന്‍സറുകളുടെ ശൃംഖലയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന് കാര്‍ നിയന്ത്രിക്കുന്നതിനോ ഉപയോക്താവിനെ പ്രശ്നങ്ങള്‍ അറിയിക്കുന്നതിനോ ഇത് സഹായിക്കുന്നു. ലബോറട്ടറിയില്‍ നേരത്തെ നടത്തിയ പരിശോധനകള്‍ക്കൊപ്പം തത്സമയം എമിഷന്‍ അളവും ഇത് നിരീക്ഷിക്കും. ഈ ഉപകരണം ഘടിപ്പിക്കുന്നതോടെ ചെലവ് ഉയരുന്നതിനാല്‍ വാഹനങ്ങള്‍ക്ക് നിര്‍മ്മാതാക്കള്‍ വില വര്‍ധിപ്പിക്കും.

ഇവയ്ക്ക് വില വര്‍ധിക്കും

കാറുകള്‍ക്ക് 10,000 മുതല്‍ 30,000 രൂപ വരെയും ഇരുചക്ര വാഹനങ്ങള്‍ക്ക് 2,500 രൂപ വരെയും വാഹന വില വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. വില വര്‍ധന എല്ലാ വിഭാഗങ്ങളിലും നടപ്പാക്കിയേക്കുമെന്നും സൂചനയുണ്ട്. അടുത്തിടെ ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്സിഡസ് ബെന്‍സ് ഏപ്രില്‍ 1 മുതല്‍ ഇന്ത്യയില്‍ തങ്ങളുടെ വാഹനങ്ങള്‍ക്ക് 5 ശതമാനം വരെ വിലവര്‍ധന പ്രഖ്യാപിച്ചിരുന്നു.

ഏപ്രില്‍ മുതല്‍ ഡയഗ്‌നോസ്റ്റിക് ഉപകരണം ഘടിപ്പിക്കുന്നതോടെ അധിക ചിലവുകള്‍ ഉണ്ടാകുമെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് സീനിയര്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. വാഹന വില വര്‍ധന വേരിയന്റുകളെ അടിസ്ഥാനമാക്കിയായിരിക്കും. പെട്രോള്‍ വാഹനങ്ങളേക്കാള്‍ ഡീസല്‍ വാഹനങ്ങളുടെ വില വര്‍ധിക്കും. ഇത്തരത്തിലുള്ള വില വര്‍ധന ഉപഭോക്താക്കളെ പല രീതിയിലും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്.

പ്രതിമാസ അടവ് ഉയരും

വാഹന വില കൂടുന്നതിനനുസരിച്ച് യാത്രാ വാഹനങ്ങളുടെയും ഇരുചക്ര വാഹനങ്ങളുടെയും പ്രതിമാസ അടവ് (ഇഎംഐ) ഉയരും. മാനദണ്ഡങ്ങളിലെ മാറ്റങ്ങള്‍ മൂലമുള്ള ഇത്തരം വിലക്കയറ്റത്തെക്കുറിച്ച് ആശങ്കയുണ്ടെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് മനീഷ് രാജ് സിംഘാനിയ പറഞ്ഞു. അതേസമയം ഏകദേശം 7,00,000 പാസഞ്ചര്‍ വാഹന ബുക്കിംഗ് ഉള്ളതിനാല്‍ വാഹനങ്ങളുടെ ഡിമാന്‍ഡില്‍ വലിയ ഇടിവ് വ്യവസായം പ്രതീക്ഷിക്കുന്നില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT