Auto

ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്നുണ്ടോ? മഴക്കാലത്ത് ഇക്കാര്യം ശ്രദ്ധിക്കണേ

സുരക്ഷിതമായി ചാര്‍ജിംഗ് നടത്തിയില്ലെങ്കില്‍ ബാറ്ററിക്ക് കേടുവരാനിടയുണ്ട്

Dhanam News Desk

ജനപ്രീതി വര്‍ധിച്ചതോടെ നമ്മുടെ നിരത്തുകളിലെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ട്. പച്ച നമ്പര്‍ പ്ലേറ്റുകളുമായി ഇലക്ട്രിക് സ്‌കൂട്ടറുകളും ഓട്ടോകളും കാറുകളുമൊക്കെ റോഡുകളില്‍ ഇപ്പോള്‍ സജീവമാണ്. എന്നാല്‍, ഇവയുടെ സംരക്ഷണവും ഏറെ കരുതലോടെ ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ തിരിച്ചടി നേരിടേണ്ടിവരും, പ്രത്യേകിച്ച് മഴക്കാലത്ത്. എങ്ങനെയാണ് മഴക്കാലത്ത് ഇലക്ട്രിക് വാഹനങ്ങള്‍ സുരക്ഷിതമായി ഉപയോഗിക്കേണ്ടതെന്ന് നോക്കാം.

1. സെര്‍ട്ടിഫൈഡ് ചാര്‍ജറുകള്‍ മാത്രം ഉപയോഗിക്കുക

വാഹനം ചാര്‍ജ് ചെയ്യുമ്പോള്‍ കമ്പനിയില്‍നിന്ന് ലഭിക്കുന്ന സെര്‍ട്ടിഫൈഡ് ചാര്‍ജറുകള്‍ മാത്രം ഉപയോഗിക്കുക. ഇവ ശരിയായ ശരിയായ കവറിംഗോടെയും ഷോര്‍ട്ട് സര്‍ക്യൂട്ട്, സ്പാര്‍ക്കുകള്‍ എന്നിവ തടയുന്ന സംരക്ഷണ പാളികളോടെയും നിര്‍മിച്ചതായിരിക്കും. ഇതിന് പകരം മറ്റ് ചാര്‍ജറുകള്‍ ഉപയോഗിക്കുമ്പോള്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്, സ്പാര്‍ക്കുകള്‍ തുടങ്ങിയവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍, വാഹനം ചാര്‍ജ് ചെയ്യുന്നതിന് എല്ലായ്‌പ്പോഴും ഒഇഎം നല്‍കിയ ചാര്‍ജര്‍ മാത്രം ഉപയോഗിക്കുക.

2. പാര്‍ക്ക് ചെയ്യുമ്പോള്‍ വാഹനം കവര്‍ ചെയ്യുക

മഴക്കാലത്തുണ്ടാകുന്ന ഈര്‍പ്പം ബാറ്ററി കണക്ഷനുകള്‍ പോലുള്ള മെക്കാനിക്കല്‍ ബിറ്റുകളുടെ നാശത്തിന് കാരണമായേക്കാം. ഇത് ബാറ്ററിയുടെ ആയുസിനെയും ശക്തിയെയും ബാധിക്കും. കൂടാതെ, മഴ കാറിന്റെ പുറംഭാഗത്തിനും കേടുവരുത്തും. അത് തടയുന്നതിന്, നിങ്ങളുടെ ഇലക്ട്രിക് കാര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ അത് മൂടിവയ്ക്കുന്നത് നല്ലതാണ്.

3. ഡ്രൈ ഏരിയകളില്‍നിന്ന് മാത്രം ചാര്‍ജ് ചെയ്യുക

ഇലക്ട്രിക് കാര്‍ ചാര്‍ജ് ചെയ്യുമ്പോള്‍ മിന്നലുണ്ടായാല്‍ ഇത് വൈദ്യുതിയുടെ അമിത പ്രവാഹത്തിന് കാരണമായേക്കും. ഇതുകാരണം ചാര്‍ജിംഗ് പോയിന്റിനും ആന്തരിക സര്‍ക്യൂട്ടുകള്‍ക്കും കേടുവരാനിടയുണ്ട്. വരണ്ടതും മൂടിയതുമായ സ്ഥലമാണ് കാര്‍ ചാര്‍ജ് ചെയ്യുന്നതെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം.

4. അകം വശം ശ്രദ്ധിക്കണേ

മറ്റ് കാര്യങ്ങള്‍ പോലെ തന്നെ മഴക്കാലത്ത് കാറിന്റെ അകം വശവും ശുചിത്വത്തോടെ സംരക്ഷിക്കണം. അല്ലെങ്കില്‍ ഇത് ദുര്‍ഗന്ധത്തിനിടയാക്കും. പലപ്പോഴും മലിനമായ ചെരിപ്പുകള്‍, നനഞ്ഞ ഇരിപ്പിടങ്ങള്‍ എന്നിവയാണ് ദുര്‍ഗന്ധത്തിനിടയാക്കുന്നത്. സീറ്റുകളിലെയും മറ്റും നനവ് ഒഴിവാക്കാന്‍ ഒരു ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കാവുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT