Auto

ഹോണ്ട ആക്ടിവ-125 വാങ്ങണമെങ്കില്‍ മാസത്തവണ തിരിച്ചടവ് ഇതാണ്; ഡൗണ്‍പേമെന്റ് അടക്കം പൂര്‍ണ വിശദാംശങ്ങള്‍

സ്‌കൂട്ടര്‍ ലോണ്‍ നല്‍കുന്ന ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും സാധാരണയായി വാഹനത്തിന്റെ 80% മുതല്‍ 90% വരെ തുക ഫിനാന്‍സ് ചെയ്യാറുണ്ട്

Dhanam News Desk

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ സ്‌കൂട്ടറുകളില്‍ ഒന്നാണ് ഹോണ്ട ആക്ടിവ 125. നഗരങ്ങളില്‍ ദിനസഞ്ചാരത്തിനായി വലിയ തോതില്‍ ആളുകള്‍ തിരഞ്ഞെടുക്കുന്ന മോഡലാണിത്. മുഴുവന്‍ തുകയും നല്‍കി വാങ്ങുന്നതിന് പകരം മാസത്തവണ തിരിച്ചടവിന് (ഇ.എം.ഐ) പറ്റിയ രീതിയില്‍ വായ്പയെടുത്ത് വാങ്ങുന്നവരാണ് കൂടുതലും.

ആക്ടിവ 125 വാങ്ങാന്‍ എത്ര ഡൗണ്‍ പേയ്‌മെന്റ് വേണം, മാസത്തില്‍ എത്ര ഇ.എം.ഐ വരും, ആകെ എത്ര തിരിച്ചടക്കണം തുടങ്ങിയ കാര്യങ്ങള്‍ പലര്‍ക്കും സംശയമാണ്. അതിന്റെ പൂര്‍ണ വിശദീകരണമാണ് ചുവടെ.

വില എത്ര?

ഹോണ്ട ആക്ടിവ 125-ന്റെ വില ശരാശരി 89,000 മുതല്‍ 94,000 രൂപ വരെയാണ്. എന്നാല്‍ രജിസ്ട്രേഷന്‍, ഇന്‍ഷുറന്‍സ്, മറ്റ് ചാര്‍ജുകള്‍ എന്നിവ ചേര്‍ന്നാല്‍ ഓണ്‍റോഡ് വില പല നഗരങ്ങളിലും ഒരു ലക്ഷത്തിനു മുകളിലാണ്. ഈ മോഡല്‍ പ്രധാനമായും മൂന്ന് വേരിയന്റുകളിലാണ് ലഭിക്കുന്നത്: DLX, H-Smart, Anniversary Edition. വേരിയന്റുകള്‍ക്ക് അനുസരിച്ച് വിലയില്‍ വ്യത്യാസമുണ്ടാകും.

ലോണ്‍ എങ്ങനെ ലഭിക്കും?

സ്‌കൂട്ടര്‍ ലോണ്‍ നല്‍കുന്ന ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും സാധാരണയായി വാഹനത്തിന്റെ 80% മുതല്‍ 90% വരെ തുക ഫിനാന്‍സ് ചെയ്യാറുണ്ട്. ബാക്കി തുകയാണ് ഉപഭോക്താവ് ഡൗണ്‍ പേയ്‌മെന്റായി നല്‍കേണ്ടത്.

ഉദാഹരണം: ഓണ്‍റോഡ് വില: 1.05 ലക്ഷം - 1.10 ലക്ഷം വരെ. ഡൗണ്‍ പേയ്‌മെന്റ്: 5,000 - 15,000 രൂപ എന്നു കരുതുക. അപ്പോള്‍ ലോണ്‍ തുക: ഏകദേശം 90,000 - 1.04 ലക്ഷം രൂപ. ഡൗണ്‍ പേയ്‌മെന്റ് തുക ബാങ്കിന്റെ നിബന്ധനകളും ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്‌കോറും ആശ്രയിച്ചിരിക്കും.

EMI എത്ര വരുമെന്നു നോക്കാം. മൂന്ന് വര്‍ഷത്തെ ലോണ്‍ എടുത്താല്‍ ലോണ്‍ തുക: 94,000 രൂപ. പലിശ നിരക്ക്: ഏകദേശം 9.7%. കാലാവധി: 36 മാസം. ഇതനുസരിച്ച് മാസം ഏകദേശം 3,047 രൂപ EMI അടയ്‌ക്കേണ്ടിവരും.

മറ്റൊരു ഉദാഹരണം: ലോണ്‍: 1.04 ലക്ഷം. ഡൗണ്‍ പേയ്‌മെന്റ്: 5,496. പലിശ: 10%. കാലാവധി: 36 മാസം. ഇതില്‍ മാസം ഏകദേശം 3,700 മുതല്‍ 3,800 വരെ EMI വരാം.

കാലാവധി കുറച്ചാല്‍ EMI കൂടും. ഉദാഹരണത്തിന്: ലോണ്‍: 80,000, പലിശ: 8.5-9%, കാലാവധി: 12 മാസം, ഇവിടെ EMI ഏകദേശം 6,900 മുതല്‍ 7,000 വരെ എത്താം.

24 മാസത്തെ ലോണ്‍ എടുത്താല്‍ 3,600 മുതല്‍ 3,700 വരെ EMI വരാം.

ടൂ വീലര്‍ ലോണുകള്‍ക്ക് സാധാരണയായി പലിശ നിരക്ക് 9% മുതല്‍ 15% വരെ പോകാം. കാലാവധി: 12 മാസം മുതല്‍ 60 മാസം വരെ. കാലാവധി കൂടുതലായാല്‍ EMI കുറയും. എന്നാല്‍ ആകെ പലിശ തുക കൂടുതലാകും.

ആകെ തിരിച്ചടവ് എത്ര?

ഒരു ഉദാഹരണം: സ്‌കൂട്ടര്‍ വില: 1,06,000 രൂപ. ഡൗണ്‍ പേയ്‌മെന്റ്: 10,000. ലോണ്‍: 96,000. പലിശ: 10%, കാലാവധി: 3 വര്‍ഷം. ഇവിടെ പ്രതിമാസ തിരിച്ചടവു തുക ഏകദേശം 3,100 രൂപ വരും. ആകെ പലിശയായി 15,000-ഓളം അധികം നല്‍കേണ്ടിവരും.

EMIയെ ബാധിക്കുന്ന ഘടകങ്ങള്‍

EMIയുടെ തുക തീരുമാനിക്കുന്നത് ചില പ്രധാന ഘടകങ്ങളാണ്: വാഹനത്തിന്റെ വില, ഡൗണ്‍ പേയ്‌മെന്റ്, പലിശ നിരക്ക്, ലോണ്‍ കാലാവധി, ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്‌കോര്‍. കൂടുതല്‍ ഡൗണ്‍ പേയ്‌മെന്റ് നല്‍കിയാല്‍ ലോണ്‍ തുക കുറയുകയും EMIയും പലിശയും കുറയുകയും ചെയ്യും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT