Auto

പ്ലാറ്റിനം ഇറക്കുമതി ചുങ്കം ഇരട്ടിയാക്കിയത് ഡീസല്‍ എസ്.യു.വികള്‍ക്കും ഹൈബ്രിഡ് കാറുകള്‍ക്കും തിരിച്ചടി, വിവിധ മോഡലുകള്‍ക്ക് വില ഉയരും

ഡീസല്‍ സ്പോര്‍ട് യൂട്ടിലിറ്റി വാഹനങ്ങള്‍, സ്‌ട്രോങ്ങ് ഹൈബ്രിഡ് മോഡലുകള്‍ എന്നിവയെയായിരിക്കും ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക

Dhanam News Desk

രാജ്യത്ത് പ്ലാറ്റിനം ഇറക്കുമതി ചുങ്കം ഇരട്ടിയിലധികം വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വാഹനവിപണിയില്‍ വിലക്കയറ്റത്തിന് വഴിയൊരുക്കുന്നു. വാഹനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന പുക നിയന്ത്രിക്കുന്നതിനുള്ള 'എമിഷന്‍ കണ്‍ട്രോള്‍ സിസ്റ്റങ്ങളുടെ' നിര്‍മ്മാണച്ചെലവ് വര്‍ധിക്കുന്നതാണ് ഇതിന് പ്രധാന കാരണം. ഉല്‍പാദനച്ചെലവ് വര്‍ധിക്കുന്നതോടെ, കാറ്റലിറ്റിക് കണ്‍വെര്‍ട്ടറുകളില്‍ കൂടുതല്‍ പ്ലാറ്റിനം ഉപയോഗിക്കുന്ന ഡീസല്‍ സ്പോര്‍ട് യൂട്ടിലിറ്റി വാഹനങ്ങള്‍, സ്‌ട്രോങ്ങ് ഹൈബ്രിഡ് മോഡലുകള്‍ എന്നിവയെയായിരിക്കും ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക.

വാഹന നിര്‍മ്മാതാക്കള്‍ ഈ അധികച്ചെലവ് ഉപഭോക്താക്കളിലേക്ക് കൈമാറുകയാണെങ്കില്‍ എന്‍ട്രി ലെവല്‍ പെട്രോള്‍ കാറുകള്‍ക്ക് 2,500 രൂപ മുതല്‍ 4,000 രൂപ വരെ വര്‍ധിക്കും. മിഡ്-സൈസ് ഡീസല്‍ എസ്.യു.വികള്‍ക്ക് 8,000 രൂപ മുതല്‍ 12,000 രൂപ വരെയാണ് വില വര്‍ധന പ്രതീക്ഷിക്കുന്നത്. സ്‌ട്രോങ്ങ് ഹൈബ്രിഡ് മോഡലുകള്‍ക്ക് 12,000 രൂപ മുതല്‍ 18,000 രൂപ വരെയും ഉയര്‍ന്നേക്കുമെന്നും നിരീക്ഷകര്‍ പറയുന്നു.

പെട്രോള്‍ കാറുകളില്‍ 2 മുതല്‍ 4 ഗ്രാം വരെയാണ് ഇവ ഉപയോഗിക്കുന്നതെങ്കില്‍, ഡീസല്‍എസ്‌യുവികളില്‍ 6 മുതല്‍ 10 ഗ്രാം വരെയും ഹൈബ്രിഡ് വാഹനങ്ങളില്‍ 10 മുതല്‍ 15 ഗ്രാം വരെയും ലോഹങ്ങള്‍ ആവശ്യമാണ്.

ബോഷ് ഇന്ത്യ (Bosch India), ടെനെക്കോ (Tenneco) തുടങ്ങിയ ഘടകഭാഗ നിര്‍മ്മാതാക്കള്‍ കരാറുകള്‍ പുനര്‍നിര്‍ണയിക്കേണ്ടി വരും. സ്വര്‍ണം ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള ലോഹങ്ങളുടെ വില മാറുന്നതിനനുസരിച്ച് ബില്ലിംഗില്‍ മാറ്റം വരുത്താനുള്ള 'കമ്മോഡിറ്റി പാസ്-ത്രൂ' ക്ലോസുകള്‍ മിക്ക കരാറുകളിലും ഉള്ളതിനാലാണിത്.

ഇറക്കുമതി ചുങ്കം ഇരട്ടിയായി

പ്ലാറ്റിനത്തിന്റെ ഇറക്കുമതി ചുങ്കം 6.4 ശതമാനത്തില്‍ നിന്ന് 15.4 ശതമാനമായാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. ബിഎസ്-VI എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി കാറ്റലിറ്റിക് കണ്‍വെര്‍ട്ടറുകളില്‍ പ്ലാറ്റിനം ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. ആഗോള വിപണിയില്‍ നിലവില്‍ ഒരു ഔണ്‍സ് പ്ലാറ്റിനത്തിന് 950 മുതല്‍ 1,050 ഡോളര്‍ വരെയാണ് വില. ഇതിനെ ആഗോള സംഭവങ്ങളും വ്യവസായ ആവശ്യങ്ങളും സ്വാധീനിക്കുന്നുണ്ട്.

ആരെയൊക്കെ ബാധിക്കും?

ഭാരമേറിയ എഞ്ചിനുകളില്‍ കൂടുതല്‍ പ്ലാറ്റിനം ഉപയോഗിക്കേണ്ടി വരുന്നതിനാല്‍ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്, അശോക് ലെയ്ലാന്‍ഡ് എന്നിവരെ ഇത് കാര്യമായി ബാധിക്കും. കൂടാതെ, സ്‌കോര്‍പിയോ-എന്‍, താര്‍, എക്‌സ്യുവി 700 തുടങ്ങിയ ഡീസല്‍ മോഡലുകളുള്ള മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്കും ഇന്‍പുട്ട് ചെലവ് വര്‍ധിക്കും. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍, മാരുതി സുസുക്കി എന്നിവരുടെ ഹൈബ്രിഡ് വാഹനങ്ങളുടെ വിലയിലും മാറ്റമുണ്ടായേക്കാം.

ചുങ്കം ഇളവും റീസൈക്ലിംഗും

കാറ്റലിറ്റിക് കണ്‍വെര്‍ട്ടറുകളുടെ നിര്‍മ്മാണത്തിനായി നേരിട്ട് ഇറക്കുമതി ചെയ്യുന്ന പ്ലാറ്റിനത്തിന് ഐജിസിആര്‍ (IGCR) പദ്ധതി പ്രകാരം 7.5 ശതമാനം എന്ന ഇളവ് ചെയ്ത നിരക്ക് തുടരുമെന്നത് നിര്‍മ്മാതാക്കള്‍ക്ക് നേരിയ ആശ്വാസമാണ്. എങ്കിലും വിപണിയിലെ മൊത്തത്തിലുള്ള വിലവര്‍ധന ഒഴിവാക്കാനാവില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

അതേസമയം, ഉപയോഗശൂന്യമായ കണ്‍വെര്‍ട്ടറുകളില്‍ നിന്ന് പ്ലാറ്റിനം വീണ്ടെടുക്കുന്നതിനെ (Recycling) പ്രോത്സാഹിപ്പിക്കുന്നതിനായി ഇതിന്മേലുള്ള ഡ്യൂട്ടി 4.35 ശതമാനമായി കുറച്ചിട്ടുണ്ട്.

2026ന്റെ ഒന്നാം പാദത്തില്‍ വാഹന വില്‍പനയില്‍ 8 മുതല്‍ 10 ശതമാനം വരെ വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയ ഇന്ത്യന്‍ വാഹന മേഖല, നിലവിലെ വിനിമയ നിരക്ക് വെല്ലുവിളികള്‍ക്കും കമ്മോഡിറ്റി പ്രശ്‌നങ്ങള്‍ക്കും പുറമെ ഈ അധിക സമ്മര്‍ദ്ദം കൂടി നേരിടേണ്ടി വരും. അതേസമയം, കാറ്റലിറ്റിക് കണ്‍വെര്‍ട്ടറുകള്‍ ആവശ്യമില്ലാത്ത ഇലക്ട്രിക് വാഹനങ്ങള്‍ക്ക് (EV) ഈ പുതിയ സാഹചര്യം വിപണിയില്‍ കൂടുതല്‍ കരുത്ത് പകര്‍ന്നേക്കാം.

India has more than doubled the effective import duty on platinum from 6.4% to 15.4%, which is expected to raise vehicle prices.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT