Auto

ഇലക്ട്രിക് വാഹന തരംഗം നിയമനങ്ങളിലും, ഇവി മേഖലയില്‍ വരാനിരിക്കുന്നത് ഒരു ലക്ഷം തൊഴിലവസരങ്ങള്‍

ഇ-മൊബിലിറ്റി രംഗത്ത് ഒരു വര്‍ഷത്തിനിടെ നിയമനങ്ങള്‍ 30-40 ശതമാനത്തോളം വര്‍ധിച്ചു

Dhanam News Desk

രാജ്യത്തെ വാഹന വിപണിയിലെ ഇലക്ട്രിക്കിലേക്കുള്ള ഗതിമാറ്റത്തിന് വേഗത കൂടിയതോടെ, തൊഴിലവസരങ്ങളും ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ച പിഎല്‍ഐ സ്‌കീമിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ നിക്ഷേപങ്ങളും കമ്പനികളും ഈ രംഗത്തേക്ക് വരുമെന്നതിനാലാണ് ഇലക്ട്രിക് വാഹന രംഗത്ത് തൊഴിലവസരങ്ങള്‍ ഉയരാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തോളം നിയമനങ്ങള്‍ ഈ രംഗത്തുണ്ടാകുമെന്നാണ് ചില കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ഇലക്ട്രിക് വാഹന വിപണിയില്‍ സജീവമായി രംഗത്തുള്ള ഓല ഇലക്ട്രിക്, മഹീന്ദ്ര ഇലക്ട്രിക്, ടാറ്റ മോട്ടോഴ്‌സ്, ഹീറോ അടക്കമുള്ള വാഹന നിര്‍മാതാക്കളുടെ തങ്ങളുടെ ഇവി ശ്രേണിയില്‍ കൂടുതല്‍ മോഡലുകള്‍ പുറത്തിറക്കുമെന്നതിനാല്‍ റിസേര്‍ച്ച് ആന്റ് ഡവലപ്‌മെന്റ്, സപ്ലൈ ചെയിന്‍, എച്ച്ആര്‍, ഫിനാന്‍സ്, സെയില്‍സ്, മാര്‍ക്കറ്റിംഗ് തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ നിയമനങ്ങള്‍ നടത്തിയേക്കും.

'ഇ-മൊബിലിറ്റി രംഗത്ത് ഒരു വര്‍ഷത്തിനിടെ നിയമനങ്ങളില്‍ 30-40 ശതമാനത്തോളം വര്‍ധവാണുണ്ടായിട്ടുള്ളത്' സിഐഇഎല്‍ എച്ച് ആര്‍ സര്‍വീസസ് സിഇഒ ആദിത്യ മിശ്ര പറഞ്ഞതായി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇലക്ട്രിക് വാഹന രംഗത്ത് മാത്രമല്ല, ഇതിനോടനുബന്ധിച്ചുള്ള ബാറ്ററി ചാര്‍ജിംഗ് മേഖലകളിലടക്കം മാന്‍പവര്‍ ആവശ്യകത വര്‍ധിച്ചിട്ടുണ്ട്. അടുത്ത രണ്ട് വര്‍ഷങ്ങളില്‍ ഇവി വിഭാഗത്തിലെ നിയമനങ്ങള്‍ ഇതേ പോലെ തുടരുമെന്നും അദ്ദേഹം പറയുന്നു.

അതേസമയം, ഒലയടക്കമുള്ള പുതിയ സ്റ്റാര്‍ട്ട്അപ്പ് കമ്പനികള്‍ ഡീലര്‍ഷിപ്പ് കേന്ദ്രങ്ങള്‍ തന്നെ ഒഴിവാക്കിയാണ് വാഹനങ്ങള്‍ ഡെലിവറി ചെയ്യുന്നത്. ഇത് ഡീലര്‍ഷിപ്പ് കേന്ദ്രങ്ങളിലുണ്ടാവുന്ന തൊഴില്‍ സാധ്യതകള്‍ കുറയ്ക്കാന്‍ കാരണമായേക്കും. കൂടാതെ, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മെയിന്റനന്‍സ് കുറവായതിനാല്‍ സര്‍വീസിംഗ് പോലുള്ള രംഗങ്ങളിലും തൊഴില്‍ സാധ്യത മങ്ങും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT