image credit : canva and facebook 
Auto

ഇനി കളിമാറും; ഇ.വി നിര്‍മാണത്തിന് അനില്‍ അംബാനിയുടെ റിലയന്‍സ്, ഉപദേശകനായി മലയാളി, പ്രതിവര്‍ഷം 7.5 ലക്ഷം വണ്ടികള്‍

0.2 ശതമാനം നഷ്ടത്തില്‍ വ്യാപാരം നടത്തിയിരുന്ന കമ്പനിയുടെ ഓഹരികള്‍ റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ രണ്ട് ശതമാനം നേട്ടത്തിലേക്ക് മാറി

Dhanam News Desk

അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇലക്ട്രിക് കാറുകളുടെയും ബാറ്ററികളുടെയും നിര്‍മാണത്തിലേക്ക് കടക്കുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട സാധ്യതാ പഠനം നടത്താന്‍ ഏജന്‍സികളെ നിയമിച്ചിട്ടുണ്ട്. കൂടാതെ കമ്പനിയുടെ ഉപദേശകനായി ചൈനീസ് ഇവി കമ്പനിയായ ബി.വൈ.ഡിയിലെ മുന്‍ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബി.വൈ.ഡി ഇന്ത്യയിലെ മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റും മലയാളിയുമായ സഞ്ജയ് ഗോപാലകൃഷ്ണനെയാണ് റിലയന്‍സ് നിയമിച്ചതെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സഞ്ജയ് ഗോപാലകൃഷ്ണന്റെ പ്രതികരണം വന്നിട്ടില്ല. ഇന്ത്യയില്‍ ബി.വൈ.ഡിയുടെ അടിത്തറ പാകിയ ശേഷം അടുത്തിടെയാണ് അദ്ദേഹം വിരമിച്ചത്. മൂന്ന് ഇവി മോഡലുകള്‍ നിരത്തിലെത്തിക്കാനും രാജ്യമാകെ ഡീലര്‍ഷിപ്പുകള്‍ സ്ഥാപിക്കാനും രണ്ടുവര്‍ഷത്തിനിടെ കമ്പനിക്ക് കഴിഞ്ഞിരുന്നു.

റിലയന്‍സിന്റെ പ്ലാന്‍ ഇങ്ങനെ

ആദ്യഘട്ടത്തില്‍ 2.5 ലക്ഷം യൂണിറ്റുകള്‍ ഉത്പാദിപ്പിക്കുന്ന പ്ലാന്റ് സ്ഥാപിക്കാനാണ് പദ്ധതി. പിന്നീട് വിദേശത്തേക്ക് കയറ്റുമതി ചെയ്യാനാകും വിധം 7.5 ലക്ഷം യൂണിറ്റുകള്‍ പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്ന തരത്തിലേക്ക് ഇതിനെ മാറ്റും. ബാറ്ററി നിര്‍മാണത്തിനായി ആദ്യഘട്ടത്തില്‍ 10 ഗിഗാവാട്ട് അവേഴ്‌സ് ശേഷിയുള്ള പ്ലാന്റും പത്തുവര്‍ഷത്തിനുള്ളില്‍ 75 ഗിഗാവാട്ട് അവര്‍ ശേഷിയുള്ള പ്ലാന്റും നിര്‍മിക്കും. അതേസമയം, വിഷയത്തില്‍ പ്രതികരിക്കാന്‍ കമ്പനി തയ്യാറായിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം 0.2 ശതമാനം നഷ്ടത്തില്‍ വ്യാപാരം നടത്തിയിരുന്ന കമ്പനിയുടെ ഓഹരികള്‍ റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ രണ്ട് ശതമാനം നേട്ടത്തിലേക്ക് മാറി.

ചേട്ടന്‍ അംബാനി v/s അനിയന്‍ അംബാനി

ഏഷ്യയിലെ ഏറ്റവും സമ്പന്നനും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനുമായ മുകേഷ് അംബാനിയുടെ അനിയനാണ് അനില്‍ അംബാനി. 2005ല്‍ കുടുംബ ബിസിനസ് ഭാഗം വച്ച ശേഷം ഇരുവരും സ്വന്തമായാണ് ബിസിനസ് ചെയ്യുന്നത്. ഇതില്‍ മുകേഷ് അംബാനി ഇതിനോടകം ഇവി ബാറ്ററികളുടെ നിര്‍മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 10 ഗിഗാ വാട്ട് അവര്‍ ശേഷിയുള്ള ബാറ്ററി നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാന്‍ കമ്പനിക്ക് അനുമതി ലഭിച്ചിരുന്നു. അനില്‍ അംബാനി കൂടി ബാറ്ററി നിര്‍മാണ മേഖലയിലേക്ക് എത്തുന്നതോടെ ഇവി വിപണി സഹോദരന്മാര്‍ തമ്മിലുള്ള മത്സരത്തിനാകും സാക്ഷ്യം വഹിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT