Auto

വാഹന വേഗ പരിധി ഇന്ന് മുതല്‍; ഇരുചക്ര വാഹന വേഗത 60 കി.മീ

കാറുകളുടെ വേഗത നാലുവരി ദേശീയ പാതയില്‍ 100 കിലോമീറ്ററും

Dhanam News Desk

സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി ഇന്ന് മുതല്‍ പ്രാബല്യത്തില്‍. എ.ഐ കാമറകള്‍ പ്രവര്‍ത്തന സജ്ജമായതിനെത്തുടര്‍ന്നാണ് വേഗപരിധി പുനര്‍നിശ്ചയിച്ചത്. വേഗപരിധി പ്രാബല്യത്തിലാക്കികൊണ്ട് ഇന്നലെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

ഇരുചക്ര-മുച്ചക്ര വാഹനങ്ങള്‍

സംസ്ഥാനത്ത് റോഡപകടങ്ങളില്‍ വലിയൊരുഭാഗം ഇരുചക്ര വാഹനങ്ങളായതിനാല്‍ അവയുടെ പരമാവധി വേഗപരിധി മണിക്കൂറില്‍ 70 കിലോമീറ്ററില്‍നിന്ന് 60 ആയാണ് കുറച്ചത്. ഇരുചക്ര വാഹനങ്ങള്‍ക്ക് നഗരങ്ങളിലെ റോഡുകളില്‍ 50 കിലോമീറ്ററാണ് വേഗപരിധി. മുച്ചക്ര വാഹനങ്ങളുടെയും സ്‌കൂള്‍ ബസുകളുടെയും പരമാവധി വേഗപരിധി 50 കിലോമീറ്ററായി തുടരും.

ഒമ്പത് സീറ്റ് വരെയുള്ളവ

ഒമ്പത് സീറ്റ് വരെയുള്ള യാത്ര വാഹനങ്ങള്‍ക്ക് ആറുവരി ദേശീയ പാതയില്‍ മണിക്കൂറില്‍ 110 കിലോമീറ്റര്‍, നാലുവരി ദേശീയ പാതയില്‍ 100 കിലോമീറ്റര്‍, മറ്റ് ദേശീയപാത, എം.സി റോഡ്, നാലു വരി സംസ്ഥാന പാത,  മറ്റു സംസ്ഥാനപാതപാതകൾ, പ്രധാന ജില്ലാ റോഡുകൾ എന്നിവിടങ്ങളിൽ 90 കിലോമീറ്റര്‍, മറ്റു റോഡുകളില്‍ 80 കിലോമീറ്റര്‍, നഗര റോഡുകളില്‍ 50 കിലോമീറ്റര്‍ എന്നിങ്ങനെയാണ് പുതുക്കിയ വേഗപരിധി.  

ഒമ്പത് സീറ്റിന് മുകളിലുള്ളവ

ഒമ്പത് സീറ്റിന് മുകളിലുള്ള യാത്ര വാഹനങ്ങള്‍ക്ക് ആറുവരി ദേശീയ പാതയില്‍ മണിക്കൂറില്‍ 95 കിലോമീറ്റര്‍, നാലുവരി ദേശീയ പാതയില്‍ 90 കിലോമീറ്റര്‍, മറ്റ് ദേശീയപാത, എം.സി റോഡ്, നാലു വരി സംസ്ഥാന പാത എന്നിവയില്‍ 85 കിലോമീറ്റര്‍, മറ്റു സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 കിലോമീറ്റര്‍, മറ്റു റോഡുകളില്‍ 70 കിലോമീറ്റര്‍, നഗര റോഡുകളില്‍ 50 കിലോമീറ്റര്‍ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.

ചരക്ക് വാഹനങ്ങള്‍ക്ക്

ചരക്ക് വാഹനങ്ങള്‍ക്ക് ആറുവരി, നാലുവരി ദേശീയപാതകളില്‍ മണിക്കൂറില്‍ 80 കിലോമീറ്ററും മറ്റ് ദേശീയപാതകളിലും നാലുവരി സംസ്ഥാന പാതകളിലും 70 കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 കിലോമീറ്ററും മറ്റ് റോഡുകളില്‍ 60 കിലോമീറ്ററും നഗര റോഡുകളില്‍ 50 കിലോമീറ്ററും എന്നിങ്ങനെയാണ് പുതുക്കിയ വേഗപരിധി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT