Auto

ആഢംബരത്തിന്റെ റോള്‍സ് റോയ്‌സ്; 118 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പന

2022ല്‍ കമ്പനി വിറ്റതില്‍ പകുതിയും കള്ളിനന്‍ എന്ന എസ്‌യുവി മോഡലാണ്. ബിഎംഡബ്ല്യൂ എജിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് റോള്‍സ് റോയ്‌സ്

Dhanam News Desk

റോള്‍സ് റോയ്‌സിനെ (Rolls -Royce) സംബന്ധിച്ച് ചരിത്രത്തില്‍ കുറിച്ചുവെയ്ക്കുന്ന വര്‍ഷമാണ് 2022. കമ്പനിയുടെ 118 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും അധികം വാഹനങ്ങള്‍ വിറ്റ വര്‍ഷം. 6,021 റോള്‍സ് റോയ്‌സുകളാണ് കഴിഞ്ഞ വര്‍ഷം നിരത്തുകളിലെത്തിയത്. ആറുകോടി രൂപയ്ക്ക് മുകളിലാണ് റോള്‍സ് റോയ്‌സ് മോഡലുകളുടെ വില ആരംഭിക്കുന്നത്.

പടിഞ്ഞാറന്‍ ഏഷ്യ, ഏഷ്യ പസഫിക്, യുഎസ്എ, യൂറോപ്പ് ഉള്‍പ്പടെയുള്ള വിപണികളില്‍ വില്‍പ്പന ഉയര്‍ന്നു. എട്ട് ശതമാനമാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ നേടിയ വളര്‍ച്ച. ശരാശരി 537,100 യുഎസ് ഡോളറാണ് ഉപഭോക്താക്കള്‍ റോള്‍സ് റോയ്‌സ് കാറുകള്‍ക്ക് വേണ്ടി മുടക്കുന്നത്. 2022ല്‍ കമ്പനി വിറ്റതില്‍ പകുതിയും കള്ളിനന്‍ (Cullinan) എന്ന എസ്‌യുവി മോഡലാണ്. റിലയന്‍സിന്റെ മുകേഷ് അംബാനി കഴിഞ്ഞ വര്‍ഷം 13 കോടി രൂപ മുടക്കി കള്ളിനന്‍ സ്വന്തമാക്കിയിരുന്നു. വില്‍പ്പനയില്‍ ഗോസ്റ്റിന്റെ വിഹിതം 30 ശതമാനവും ഫാന്റത്തിന്റെ വിഹിതം 10 ശതമാനവുമാണ്.

10 മാസം മുതല്‍ ഒരു വര്‍ഷം വരെയാണ് റോള്‍സ് റോയ്‌സ് മോഡലുകളുടെ ബുക്കിംഗ് കാലയളവ്. റോള്‍സ് റോയ്‌സിന്റെ ആദ്യത്തെ സമ്പൂര്‍ണ ഇലക്ട്രിക് മോഡല്‍ സ്‌പെക്ടര്‍ അവതരിപ്പിച്ച വര്‍ഷം കൂടിയായിരുന്നു 2022. മോഡലിന് ഇതുവരെ 300ല്‍ അധികം പ്രീബുക്കിംഗ് ആണ് ലഭിച്ചത്. 2030ഓടെ പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറാന്‍ ഒരുങ്ങുകയാണ് കമ്പനി. ലക്ഷ്വറി വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യൂ എജിയുടെ കീഴിലാണ് റോള്‍സ് റോയ്‌സ് പ്രവര്‍ത്തിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT