Auto

ഇലക്ട്രിക് ബൈക്ക് വിപണിയില്‍ കളം പിടിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്; തമിഴ്നാട്ടില്‍ ₹1,000 കോടി രൂപയുടെ നിക്ഷേപം

ഏഴ് വര്‍ഷത്തിനുള്ളില്‍ നിക്ഷേപം നടത്താനാണ് പദ്ധതി; 500 പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരം ലഭിക്കും

Dhanam News Desk

തമിഴ്നാട്ടില്‍ 1,000 കോടി രൂപയുടെ വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. കമ്പനിയുടെ ഇലക്ട്രിക് വാഹന വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായാണ് ഈ നിക്ഷേപം. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് സര്‍ക്കാരുമായി കമ്പനി ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

അടുത്ത ഏഴ് വര്‍ഷത്തിനുള്ളിലാണ് നിക്ഷേപം നടത്തുക. പുതിയ ഇലക്ട്രിക് വാഹനങ്ങളുടെ വികസനം, സാങ്കേതികവിദ്യ മെച്ചപ്പെടുത്തല്‍, ഉല്‍പ്പാദന സൗകര്യങ്ങള്‍ വിപുലീകരിക്കല്‍ എന്നിവയ്ക്കാണ് പ്രധാനമായും തുക വിനിയോഗിക്കുക. പദ്ധതിയിലൂടെ 500 പേര്‍ക്ക് വരെ തൊഴിലവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

വര്‍ഷം 20 ലക്ഷം ബൈക്കുകള്‍ നിര്‍മിക്കാന്‍ ശേഷി

റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് വാഹന ബ്രാന്‍ഡിന് തമിഴ്നാട്ടിലെ വല്ലം വടഗലില്‍ ഗവേഷണ, ഉല്‍പ്പാദന കേന്ദ്രങ്ങളുണ്ട്. ഇതിനു പുറമെ റോയല്‍ എന്‍ഫീല്‍ഡിന്റെ നാല് നിര്‍മാണ യൂണിറ്റുകളും ആസ്ഥാനവും ടെക്നിക്കല്‍ സെന്ററും തമിഴ്നാട്ടിലാണ് പ്രവര്‍ത്തിക്കുന്നത്.

തമിഴ്നാട്ടില്‍ ഈ വര്‍ഷം റോയല്‍ എന്‍ഫീല്‍ഡ് പ്രഖ്യാപിക്കുന്ന രണ്ടാമത്തെ വലിയ നിക്ഷേപമാണിത്. ഫെബ്രുവരിയില്‍ ചെയാറിലെ നിലവിലുള്ള നിര്‍മാണ കേന്ദ്രത്തിന്റെ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനായി 958 കോടി രൂപയുടെ നിക്ഷേപം കമ്പനി പ്രഖ്യാപിച്ചിരുന്നു. ഈ വിപുലീകരണം പൂര്‍ത്തിയാകുന്നതോടെ കമ്പനിയുടെ മൊത്തം വാര്‍ഷിക ഉല്‍പ്പാദന ശേഷി 20 ലക്ഷം മോട്ടോര്‍സൈക്കിളുകളായി ഉയരും.

ബൈക്ക് കിട്ടാന്‍ രണ്ട് മാസം വരെ കാത്തിരിപ്പ്

സെപ്റ്റംബറിലും ഒക്ടോബറിലും എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണ് റോയല്‍ എന്‍ഫീല്‍ഡ് മോഡലുകള്‍ക്ക് ലഭിച്ചത്. ചില മോഡലുകള്‍ സ്വന്തമാക്കാന്‍ ഉപയോക്താക്കള്‍ രണ്ട് മാസം വരെ കാത്തിരിക്കേണ്ട സാഹചര്യവുമുണ്ട്.

രാജ്യത്തെ 250 സിസി മുതല്‍ 750 സിസി വരെയുള്ള മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ ഏകദേശം 83 ശതമാനം വിപണി വിഹിതം റോയല്‍ എന്‍ഫീല്‍ഡിനുണ്ട്. അതേസമയം, മൊത്തം മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ കമ്പനിയുടെ വിഹിതം ഒമ്പത് ശതമാനമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT