image:@linkedin/jswgroup 
Auto

ജെ.എസ്.ഡബ്ല്യു ഗ്രൂപ്പും കാര്‍ വിപണിയിലേക്ക്; എം.ജി മോട്ടോറിന്റെ ഓഹരികള്‍ ഏറ്റെടുക്കും

സാജന്‍ ജിന്‍ഡാലിന്റെ ഉടമസ്ഥയതിയിലുള്ള കമ്പനി എം.ജി മോട്ടോര്‍ ഇന്ത്യയുടെ 48 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാനൊരുങ്ങുന്നു

Dhanam News Desk

ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ് ചെയര്‍മാന്‍ സാജന്‍ ജിന്‍ഡാലിന്റെ ഉടമസ്ഥയിലുള്ള സ്വകാര്യ കമ്പനി ചൈനീസ് കമ്പനിയായ സെയ്ക്കിന്റെ (SAIC) ഉടമസ്ഥതയിലുള്ള എം.ജി മോട്ടോര്‍ ഇന്ത്യയുടെ   48 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

എം.ജി മോട്ടോര്‍ ഇന്ത്യയുടെ 45 മുതല്‍ 48 ശതമാനം വരെ ഓഹരികള്‍ ജിന്‍ഡാല്‍ സ്വന്തമാക്കുമെന്നാണ് അറിയുന്നത്. ചര്‍ച്ചകളിലൂടെ ഇത് 51 ശതമാനം ആകാന്‍ സാധ്യതയുണ്ടെന്നും പറയുന്നു. അങ്ങനെയായാല്‍ ഏറ്റെടുക്കലോടെ എം.ജി മോട്ടോര്‍ പൂര്‍ണമായും ഇന്ത്യന്‍ കമ്പനിയായി മാറും. ഇന്ത്യയിലെ ജീവനക്കാരുടേയും ഡീലര്‍മാരുടേയും 5-8 ശതമാനവും ഇതോടെ ജിന്‍ഡാലിനു കീഴിലാകും. ബോര്‍ഡിലും മാനേജ്‌മെന്റിലും ഭൂരിഭാഗവും ഇന്ത്യാക്കാരെ ഉള്‍പ്പെടുത്തിയേക്കും.

ഗ്രൂപ്പിലെ ലിസ്റ്റഡ് കമ്പനികളായ ഡെ.എസ്.ഡബ്ല്യു സ്റ്റീല്‍, ജെ.എസ്.ഡബ്ല്യു എനര്‍ജി എന്നിവയ്ക്ക് ഈ സംരംഭത്തില്‍ പങ്കാളിത്തമുണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റെടുക്കല്‍ വാര്‍ത്തയെകുറിച്ച് ജെ.എസ്.ഡബ്ല്യു ഗ്രൂപ്പും എം.ജി മോട്ടോര്‍ ഇന്ത്യയും ഇതുവരെ പ്രതികരിച്ചിട്ടില്ല.

9,800 മുതല്‍ 12,300 കോടി രൂപ വരെയാണ് എം.ജി മോട്ടോര്‍ ഇന്ത്യയുടെ മൂല്യം കണക്കാക്കുന്നതെന്നാണ് അറിയുന്നത്. നേരത്തെ 12,000 മുതല്‍ 15,000 കോടി രൂപവരെയായിരുന്നു കണക്കാക്കിയിരിക്കുന്നത്. അടുത്ത നാലഞ്ച് മാസങ്ങള്‍ക്കുള്ളില്‍ ഔദ്യോഗിക കരാര്‍ ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷ.

ചര്‍ച്ചകളുമായി വമ്പന്‍മാര്‍

നേരത്തെ ശതകോടീശ്വരന്‍ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ്, രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാണ കമ്പനിയായ ഹീറോ മോട്ടോര്‍കോര്‍പ്പ്, പ്രേംജി ഇന്‍വെസ്റ്റ് എന്നിവരുമായും എം.ജി മോട്ടോര്‍ ഇന്ത്യ ഏറ്റെടുക്കല്‍ ചര്‍ച്ചകള്‍ നടത്തുന്നതായി സൂചനകളുണ്ടായിരുന്നു.

നിലവില്‍ ചൈനീസ് കമ്പനിയെന്ന ലേബലാണ് എം.ജിക്കുള്ളത്. അത്, ഇന്ത്യയിലെ നിക്ഷേപത്തിന് തിരിച്ചടിയാണെന്ന വിലയിരുത്തലുണ്ട്. അതാണ് ഓഹരികള്‍ വിറ്റഴിക്കാന്‍ ഗ്രൂപ്പിനെ പ്രേരിപ്പിക്കുന്നത്.

2017 ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ച കമ്പനിക്ക് ഹെക്ടര്‍, ആസ്റ്റര്‍, ഗ്ലോസ്റ്റര്‍, കോമറ്റ് തുടങ്ങിയ മോഡുലകളിലൂടെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ വിപണി പിടിക്കാന്‍ സാധിച്ചിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT