canva
Auto

മറിച്ചുവിറ്റാല്‍ വില കിട്ടാത്ത ഇ.വികള്‍! ആഗോള പ്രതിസന്ധി, സെക്കന്‍ഡ് ഹാന്‍ഡ് ഇ.വി വാങ്ങുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?

രാജ്യത്തെ ആദ്യ ഇലക്ട്രിക് ടാക്‌സി സര്‍വീസ് കമ്പനിയായ ബ്ലൂസ്മാര്‍ട്ടിന്റെ തകര്‍ച്ചയോടെയാണ് ഈ പ്രതിസന്ധി കൂടുതല്‍ വെളിപ്പെട്ടത്

Dhanam News Desk

ഒരു വാഹനത്തിന്റെ റീസെയില്‍ വാല്യൂ കണക്കാക്കുന്നത് എങ്ങനെയാണ്? വാഹനത്തിന്റെ പഴക്കം, സഞ്ചരിച്ച ദൂരം, എഞ്ചിന്റെ നിലവിലെ അവസ്ഥ, മോഡല്‍ അങ്ങനെ നിരവധി ഘടകങ്ങളാണ് ഇതിന് പരിഗണിക്കുന്നത്. എന്നാല്‍ യൂസ്ഡ് കാര്‍ വിപണിയിലെത്തുന്ന ഇലക്ട്രിക് വാഹനങ്ങളുടെ മൂല്യം എങ്ങനെ കണ്ടെത്തും? കൃത്യമായ ഉത്തരം നല്‍കാന്‍ ആര്‍ക്കും കഴിയുന്നില്ല. വാഹനലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണിത്. വാഹന ഉടമകളെയും കമ്പനികളെയും ധനകാര്യ സ്ഥാപനങ്ങളെയും ഒരുപോലെ ബാധിക്കുന്ന നിലയിലേക്ക് ഈ പ്രതിസന്ധി വളര്‍ന്നിരിക്കുകയാണെന്ന് വിദഗ്ധര്‍ പറയുന്നു.

ബ്ലൂസ്മാര്‍ട്ട് ഒരു സൂചന

രാജ്യത്തെ ആദ്യ ഇലക്ട്രിക് വാഹന ടാക്‌സി സര്‍വീസ് കമ്പനിയായ ബ്ലൂസ്മാര്‍ട്ടിന്റെ തകര്‍ച്ചയോടെയാണ് ഈ പ്രതിസന്ധി കൂടുതല്‍ വെളിപ്പെട്ടത്. ബ്ലൂസ്മാര്‍ട്ട് തകര്‍ന്നതോടെ കമ്പനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ആയിരത്തോളം ഇ.വികളുടെ വില 10 ലക്ഷം രൂപയില്‍ നിന്ന് 2.5 ലക്ഷം രൂപയായി. രണ്ട് വര്‍ഷം മാത്രം പഴക്കമുള്ള ഇ.വികളുടെ വില പോലും 40 ശതമാനത്തോളം ഇടിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആദ്യ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭൂരിഭാഗം ഇ.വികളുടെയും മൂല്യം 49 ശതമാനം ഇടിഞ്ഞതായി മറ്റ് ചില പഠനങ്ങളും പറയുന്നു. വിപണിയില്‍ കൂടുതലായെത്തിയ ചില മോഡലുകള്‍ക്ക് ആദ്യ വര്‍ഷങ്ങളില്‍ തന്നെ 25 ശതമാനത്തോളം മൂല്യം നഷ്ടമായെന്നും കണക്കുകള്‍ പറയുന്നു.

എന്തുകൊണ്ട് ഇങ്ങനെ?

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ സബ്‌സിഡി നല്‍കിയിരുന്നു. എന്നാല്‍ കമ്പനികള്‍ ഇത് ഉപയോക്താക്കളിലേക്ക് നേരിട്ട് നല്‍കാതെ കമ്പനികള്‍ തന്നെ എടുത്തതായാണ് ആരോപണം. ഇത് ഇത്തരം വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ഇടയാക്കി. സെക്കന്‍ഡ് ഹാന്‍ഡ് വിപണിയിലെത്തുമ്പോള്‍ വാഹനത്തിന് ഇത്രയും വില നല്‍കാന്‍ ഉപയോക്താക്കള്‍ തയ്യാറാകുന്നില്ല. ബാറ്ററി, ചാര്‍ജിംഗ് സാങ്കേതിക വിദ്യകളില്‍ പെട്ടെന്നുണ്ടായ മാറ്റങ്ങളും വിപണിയെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ആദ്യ കാലങ്ങളില്‍ ഇറങ്ങിയ ഇ.വികളേക്കാള്‍ റേഞ്ചും ചാര്‍ജിംഗ് സ്പീഡും കൂടിയവയാണ് ഇപ്പോള്‍ വിപണിയിലുള്ള മോഡലുകള്‍. ഇത് പഴയ മോഡലുകളുടെ വില സ്വാഭാവികമായും ഇടിച്ചിട്ടുണ്ട്. റേഞ്ചിനെക്കുറിച്ചും ബാറ്ററിയുടെ കാലപ്പഴക്കം സംബന്ധിച്ചുമുള്ള ആശങ്കയും പ്രതിസന്ധിക്ക് ആക്കം കൂട്ടി.

കമ്പനികള്‍ക്കും തിരിച്ചടി

ഈ പ്രതിസന്ധി കമ്പനികളെയും ധനകാര്യ സ്ഥാപനങ്ങളെയും ആശങ്കയിലാഴ്ത്തുന്നുണ്ടെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉപയോക്താവിന്റെ വാഹനം ഈടുവാങ്ങിയാണ് മിക്ക സ്ഥാപനങ്ങളും വാഹന വായ്പ അനുവദിക്കുന്നത്. എന്നാല്‍ കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇ.വികളുടെ മൂല്യം കുറയുമെന്നതിനാല്‍ മിക്ക സ്ഥാപനങ്ങളും കുറഞ്ഞ കാലാവധിയിലാണ് ഇത്തരം വായ്പ അനുവദിക്കുന്നത്. വായ്പ തിരിച്ചടക്കാതെ വരുന്ന സാഹചര്യത്തില്‍ ഈടു നല്‍കിയ വാഹനം കണ്ടുകെട്ടിയാല്‍ പോലും നഷ്ടമുണ്ടാകുമെന്നാണ് മിക്കവരും കരുതുന്നത്. ഇതുമൂലം ഇ.വി വായ്പക്ക് താരതമ്യേന ഉയര്‍ന്ന പലിശയാണ് മിക്ക ധനകാര്യ സ്ഥാപനങ്ങളും ഈടാക്കുന്നത്.

സെക്കന്‍ഡ് ഹാന്‍ഡ് ഇ.വി വാങ്ങുമ്പോള്‍

തുടക്കകാലത്ത് ഇവികള്‍ വാങ്ങിയവരില്‍ വലിയൊരു വിഭാഗം ഇപ്പോള്‍ പുതിയ വാഹനത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഇത് കുറഞ്ഞ വിലയില്‍ ഇ.വി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള അവസരമാണ്. പുതിയവയേക്കാള്‍ വളരെ കുറഞ്ഞ വിലയില്‍ ഇവികള്‍ വിപണിയില്‍ ലഭ്യമാകുമെന്നതാണ് കാരണം. മികച്ച കണ്ടീഷനിലുള്ളൊരു ഇ.വി കണ്ടെത്തുക വെല്ലുവിളിയാണ്. എങ്കിലും ഇത്തരമൊരു നീക്കത്തിന് ഇറങ്ങിത്തിരിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

1.ചാര്‍ജര്‍

ഇ.വികളിലെ ഓണ്‍ബോര്‍ഡ് ചാര്‍ജറുകള്‍ കേടാകാനുള്ള സാധ്യതയുണ്ട്. മാറ്റിവെക്കുക വലിയ ചെലവുള്ള കാര്യവുമാണ്. അതുകൊണ്ട് തുടക്കത്തില്‍ തന്നെ ചാര്‍ജറിന്റെ കാര്യം പരിശോധിക്കണം.

2.എയര്‍ ഹീറ്റ് പമ്പ്

പല ഇലക്ട്രിക് വാഹനങ്ങളിലും പെട്ടെന്ന് തന്നെ കേടാകാന്‍ സാധ്യതയുള്ള ഒന്നാണ് എയര്‍ ഹീറ്റ് പമ്പ് അല്ലെങ്കില്‍ പി.ടി.സി ഹീറ്ററുകള്‍. ഇ.വികളിലെ ഏറ്റവും വില കൂടിയ ഉപകരണങ്ങളില്‍ ഒന്ന് കൂടിയാണിത്. അതുകൊണ്ട് തന്നെ സെക്കന്‍ഡ് ഹാന്‍ഡ് ഇ.വി വാങ്ങുമ്പോള്‍ ഇക്കാര്യം കൃത്യമായി പരിശോധിക്കണം.

3. ബാറ്ററിയുടെ ആയുസ്

ഇ.വികളെക്കുറിച്ചുള്ള ഏറ്റവും വലിയ ആശങ്ക അതിന്റെ ബാറ്ററി തന്നെയാണ്. പ്രകടനം മോശമായാല്‍ മാറ്റിവെക്കാന്‍ വലിയ ചെലവാകുന്ന ഒന്നാണിത്. ആശങ്കപ്പെടുന്ന അത്രയും പ്രശ്‌നം ബാറ്ററിയില്‍ ഉണ്ടായേക്കില്ലെന്ന റിപ്പോര്‍ട്ടുകളും ഉണ്ടെങ്കിലും ബാറ്ററിയുടെ ആയുസ് പരിശോധിക്കേണ്ടത് നിര്‍ബന്ധമാണ്. ബാറ്ററിയുമായി ബന്ധപ്പെട്ട ഒരു വിദഗ്ധന്റെ സേവനം ഇക്കാര്യത്തില്‍ തേടാവുന്നതാണ്.

4. തുരുമ്പുണ്ടോ

ഇ.വികള്‍ക്കെന്നല്ല എല്ലാ വാഹനങ്ങളെയും ബാധിക്കുന്ന പ്രശ്‌നമാണിത്. ആധുനിക കാറുകളില്‍ തുരുമ്പ് പിടിക്കാതിരിക്കാനുള്ള സുരക്ഷയുണ്ടെങ്കിലും ഇക്കാര്യം പരിശോധിക്കുന്നതാണ് ഉചിതം.

5.ടയറുകള്‍ നിര്‍ബന്ധം

ബാറ്ററി പാക്കിന്റെയും കൂടി ഭാരമുള്ളതിനാല്‍ മറ്റ് വാഹനങ്ങളേക്കാള്‍ ഇ.വികളുടെ ഭാരം കൂടുതലാണ്. അതുകൊണ്ട് തന്നെ ടയറുകള്‍ പെട്ടെന്ന് തേഞ്ഞുതീരും. പെട്ടെന്നുള്ള ആക്‌സിലറേഷനും ബ്രേക്കിംഗും ഇത് വര്‍ധിപ്പിക്കുകയും ചെയ്യും. ഇ.വി ടയറുകളുടെ വിലയും ഒരല്‍പ്പം കൂടുതലാണ്. ഇവ മാറ്റിയിടുന്നതും ചെലവേറുമെന്ന് ഓര്‍മിപ്പിക്കേണ്ടതില്ലല്ലോ. ഇ.വി വാങ്ങുമ്പോള്‍ ടയറുകളുടെ ആയുസും പരിശോധിക്കേണ്ടത് നിര്‍ബന്ധമാണ്.

Various types of sandals including block heels and double-strap flats on sandy ground, metaphorically representing diverse choices and caution when buying used EVs.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT