Image Credit: Canva
Auto

വാഹന ഉടമകള്‍ ആശങ്കപ്പെടേണ്ടതില്ല, യുടേണടിച്ച് സിയാം; പെട്രോളിയം മന്ത്രാലയത്തെ ഞെട്ടിച്ച കത്ത് പിന്‍വലിച്ച് ഓട്ടോമൊബൈല്‍ സംഘടന

കത്തില്‍ ഉള്‍പ്പെടുത്തിയ ചില വിവരങ്ങള്‍ക്ക് കൂടുതല്‍ സ്ഥിരീകരണവും രാജ്യവ്യാപകമായ വിവര ശേഖരണവും ആവശ്യമാണെന്ന് വ്യക്തമാക്കിയാണ് നടപടി

Dhanam News Desk

ഇ-20 പെട്രോളിന്റെ ഗുണനിലവാരത്തെ കുറിച്ചുള്ള ആശങ്കകള്‍ ഉന്നയിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് നല്‍കിയ കത്ത് സിയാം പിന്‍വലിച്ചതോടെ വാഹന ഉടമകള്‍ക്ക് ആശ്വാസം. രാജ്യവ്യാപകമായ കൂടുതല്‍ വിവരശേഖരണവും അംഗങ്ങളുമായുള്ള ചര്‍ച്ചയും ആവശ്യമാണെന്ന് സിയാം വ്യക്തമാക്കി. ഇന്ധനത്തിലെ ക്ലോറൈഡ്, ഈര്‍പ്പം തുടങ്ങിയ പ്രശ്നങ്ങള്‍ കുറച്ച് കേസുകളിലേ കണ്ടെത്തിയിട്ടുള്ളൂ എന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കി.

ഇ-20 പെട്രോളിന്റെ ഗുണനിലവാരം വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സൃഷ്ടിക്കുന്നുവെന്ന ആശങ്ക ഉയര്‍ത്തി കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിന് നല്‍കിയ കത്ത് വാഹന നിര്‍മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (SIAM) പിന്‍വലിച്ചു. കത്തില്‍ ഉള്‍പ്പെടുത്തിയ ചില വിവരങ്ങള്‍ക്ക് കൂടുതല്‍ സ്ഥിരീകരണവും രാജ്യവ്യാപകമായ വിവര ശേഖരണവും ആവശ്യമാണെന്ന് വ്യക്തമാക്കിയാണ് നടപടി.

വ്യവസായ സംഘടനകള്‍, എണ്ണ വിപണന കമ്പനികള്‍, വാഹന നിര്‍മാതാക്കള്‍, പരിശോധനാ ഏജന്‍സികള്‍ എന്നിവ തമ്മില്‍ പതിവായി നടക്കുന്ന സാങ്കേതിക ചര്‍ച്ചകളുടെ ഭാഗമായിരുന്നു ഈ ആശയവിനിമയമെന്ന് സിയാം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കണക്കുകള്‍ സ്ഥിരീകരിക്കുന്നതിന് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിപുലമായ വിവരശേഖരണവും അംഗങ്ങളായ വാഹന നിര്‍മാതാക്കളുമായി കൂടുതല്‍ കൂടിയാലോചനയും ആവശ്യമാണെന്ന് സിയാം അറിയിച്ചു.

കത്തില്‍ ഉന്നയിച്ചിരുന്ന ആശങ്കകള്‍

ഇ20 ഇന്ധനം ഉപയോഗിച്ച ചില വാഹനങ്ങളില്‍ ക്ലോറൈഡിന്റെ സാന്നിധ്യം, അമിതമായ ഈര്‍പ്പം തുടങ്ങിയ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ആശങ്കപ്പെടുത്തുന്നുവെന്നും പെട്രോളിയം മന്ത്രാലയത്തിന് നല്കിയ കത്തില്‍ പറയുന്നു. ഇന്ധനത്തില്‍ ക്ലോറൈഡിന്റെ അളവ് കൂടുതലായാല്‍ എന്‍ജിന്‍ ഭാഗങ്ങളില്‍ തുരുമ്പെടുക്കലിനും തേയ്മാനത്തിനും കാരണമാകാമെന്നായിരുന്നു പ്രധാന ആശങ്ക.

ചില റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ വിതരണം ചെയ്ത ഇ20 ഇന്ധനത്തില്‍ ഒരു ശതമാനത്തിലധികം ഈര്‍പ്പം കണ്ടെത്തിയതായും ഇത് ഇന്ധനം വേര്‍പിരിയുന്നതിനും വാഹനം പ്രവര്‍ത്തനരഹിതമാകുന്നതിനും ഇടയാക്കാമെന്നും കത്തില്‍ പറഞ്ഞിരുന്നു. പെട്രോള്‍ പമ്പുകളിലെ സംഭരണ ടാങ്കുകളും പൈപ്പ് ലൈനുകളും കൃത്യമായി പരിപാലിക്കേണ്ടതിന്റെ ആവശ്യകതയും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

രാജ്യത്തെ എണ്ണക്കമ്പനികള്‍ ഇന്ധനത്തിന്റെ ഗുണനിലവാരം സ്ഥിരമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത വന്നപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചിരുന്നു. ക്ലോറൈഡ്, സള്‍ഫൈഡ് എന്നിവയുടെ സാന്നിധ്യം ഉണ്ടോയെന്നറിയാന്‍ 2,000-ത്തിലധികം സാമ്പിളുകള്‍ പരിശോധിച്ചിട്ടുണ്ട്. രാജ്യത്താകെ ഇതുവരെ ക്ലോറൈഡ് മലിനീകരണം കണ്ടെത്തിയത് രണ്ട് കേസുകളില്‍ മാത്രമാണ്. ആ പമ്പുകളില്‍ നിന്നുള്ള വില്‍പന ഉടന്‍ തന്നെ നിര്‍ത്തിവയ്ക്കുകയും ചെയ്തുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഗുണനിലവാരം ഉറപ്പാക്കാന്‍ നടപടികള്‍

ഇ20 ഇന്ധനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാരും എണ്ണക്കമ്പനികളും സ്വീകരിച്ച നടപടികളെയും സിയാം സ്വാഗതം ചെയ്തു. പെട്രോളില്‍ കലര്‍ത്തുന്ന എഥനോളിലെ ക്ലോറൈഡ്, സള്‍ഫര്‍ എന്നിവയുടെ പരമാവധി അളവ് മൂന്ന് പിപിഎം (parts per million) ആയി പെട്രോളിയം മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്. വാഹന വ്യവസായം മുന്നോട്ടുവച്ച ഗുണനിലവാര ആവശ്യങ്ങള്‍ ഈ പരിധി നിറവേറ്റുന്നുണ്ടെന്നാണ് സിയാമിന്റെ വിലയിരുത്തല്‍.

രാജ്യത്തെ 87,000ത്തിലധികം പെട്രോള്‍ പമ്പുകളില്‍ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നതിനായി എണ്ണ വിപണന കമ്പനികള്‍ ദിവസവും എട്ട് മുതല്‍ 12 തവണ വരെ പരിശോധന നടത്തുന്നുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഇന്നലെ വ്യക്തമാക്കിയിരുന്നു. മഴയ്ക്ക് ശേഷവും 'വാട്ടര്‍ ഇന്‍ഗ്രെസ് ടെസ്റ്റിംഗ്' ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തുന്നുണ്ട്.

രാജ്യത്തിന്റെ ഊര്‍ജസുരക്ഷയില്‍ നിര്‍ണായക പങ്കുള്ള ഇ20 പദ്ധതിക്ക് വാഹന വ്യവസായലോകം പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്നും സിയാം അറിയിച്ചു. വാഹന നിര്‍മാതാക്കളും എണ്ണക്കമ്പനികളും തമ്മിലുള്ള സാങ്കേതിക വിഷയങ്ങള്‍ പതിറ്റാണ്ടുകളായി ചര്‍ച്ചകളിലൂടെ പരിഹരിച്ചുവരുന്നതാണ്. വാഹന ഉടമകള്‍ അനാവശ്യമായി ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സംഘടന വ്യക്തമാക്കി.

SIAM has withdrawn its letter to the Petroleum Ministry raising E20 fuel-quality concerns, saying the data requires wider verification and consultation

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT