image credit : canva , Mahindra , Force 
Auto

മഹീന്ദ്രയില്‍ ടാറ്റ സ്റ്റൈല്‍ ഉടച്ചുവാര്‍ക്കല്‍, ട്രക്ക്-ബസ് ഡിവിഷന്‍ എസ്എംഎല്‍ മഹീന്ദ്രയ്ക്ക് കൈമാറി; ഓഹരികളില്‍ വന്‍കുതിപ്പ്

2025 ഓഗസ്റ്റില്‍ സുമിറ്റോമോ കോര്‍പ്പറേഷനില്‍ നിന്നും ഇസുസു മോട്ടോഴ്സില്‍ നിന്നും എസ്എംഎല്‍ ഐസുസുവിന്റെ നിയന്ത്രണ ഓഹരികള്‍ മഹീന്ദ്ര സ്വന്തമാക്കിയിരുന്നു.

Dhanam News Desk

വാണിജ്യ വാഹന ബിസിനസ് ഏകീകരിക്കുന്നതിന്റെ ഭാഗമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ട്രക്ക്-ബസ് ഡിവിഷന്‍ എസ്എംഎല്‍ മഹീന്ദ്രയ്ക്ക് കൈമാറും. മഹീന്ദ്രയുടെ ലിസ്റ്റ് ചെയ്ത ഉപകമ്പനിയാണ് എസ്എംഎല്‍ മഹീന്ദ്ര. 525 കോടി രൂപയ്ക്കാണ് ഇടപാട്. കൈമാറ്റത്തിന് ഇന്നു ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്കി.

വാണിജ്യ വാഹന ബിസിനസ് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിനുമാണ് ഇത്തരത്തിലൊരു നീക്കം. ഇതോടെ ഗ്രൂപ്പിന്റെ ട്രക്ക്, ബസ്, ഹെവി കൊമേഴ്‌സ്യല്‍ വാഹന ബിസിനസുകള്‍ ഒറ്റ കോര്‍പ്പറേറ്റ് ഘടനയ്ക്കു കീഴിലാകും. വാര്‍ത്തകള്‍ പുറത്തുവന്നത് എസ്എംഎല്‍ ഓഹരികളെ ഇന്ന് (ജൂലൈ 29) 20 ശതമാനം ഉയര്‍ത്തി.

കൈമാറ്റം പൂര്‍ത്തിയാകുന്നതോടെ ട്രക്ക് ആന്‍ഡ് ബസ് ഡിവിഷനിലെ ജീവനക്കാര്‍, ആസ്തികള്‍, ലൈസന്‍സുകള്‍, കരാറുകള്‍ ഉള്‍പ്പെടെ എല്ലാം എസ്എംഎല്‍ മഹീന്ദ്രയുടെ കീഴിലാകും. ആസ്തികളും ബാധ്യതകളും വേര്‍തിരിച്ച് വില്‍ക്കാതെ ഒരു ബിസിനസ് യൂണിറ്റിനെ പൂര്‍ണമായും ഒറ്റ ഇടപാടായി കൈമാറുന്ന രീതിയിലാണ് ഇടപാട്.

റെഗുലേറ്ററി അനുമതികള്‍ ലഭിക്കുന്ന മുറയ്ക്ക് 2027 ജനുവരി 31നകം കൈമാറ്റം പൂര്‍ത്തിയാകും. ട്രക്ക്, ബസ് ഡിവിഷന്‍ 2026 സാമ്പത്തികവര്‍ഷം 2,989 രൂപയുടെ വരുമാനം നേടിയിരുന്നു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ആകെ വരുമാനത്തിന്റെ 2.02 ശതമാനം വരുമിത്.

സാങ്കേതികവിദ്യ, വിതരണ ശൃംഖല, ഉപഭോക്തൃ സേവനം എന്നിവയില്‍ കൂടുതല്‍ ഏകോപനം സൃഷ്ടിക്കാനും വിപണിയിലെ സാന്നിധ്യം ശക്തിപ്പെടുത്താനും സാധിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.

സുമിറ്റോമോ-ഐസുസു ഏറ്റെടുക്കലിന് പിന്നാലെ

2025 ഓഗസ്റ്റില്‍ സുമിറ്റോമോ കോര്‍പ്പറേഷനില്‍ നിന്നും ഇസുസു മോട്ടോഴ്സില്‍ നിന്നും എസ്എംഎല്‍ ഐസുസുവിന്റെ നിയന്ത്രണ ഓഹരികള്‍ മഹീന്ദ്ര സ്വന്തമാക്കിയിരുന്നു. ഇരു കമ്പനികളില്‍ നിന്നുമായി 58.96 ശതമാനം ഓഹരികളാണ് ഏറ്റെടുത്തത്. തുടര്‍ന്ന് കമ്പനിയുടെ പേര് എസ്എംഎല്‍ മഹീന്ദ്രയായി മാറ്റുകയും ചെയ്തു.

നിക്ഷേപകര്‍ക്ക് നേട്ടം

ആറുമാസത്തിനിടെ 27 ശതമാനവും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 48 ശതമാനവും നേട്ടം നിക്ഷേപകര്‍ക്ക് നല്കിയ ഓഹരിയാണ് എസ്എംഎല്‍ മഹീന്ദ്ര ലിമിറ്റഡ്. ജൂണില്‍ അവസാനിച്ച സാമ്പത്തികവര്‍ഷം 958 കോടി രൂപയായിരുന്നു വരുമാനം. ലാഭം 64 കോടി രൂപ. മുന്‍ വര്‍ഷത്തേക്കാള്‍ വരുമാനം കൂടിയപ്പോള്‍ ലാഭത്തില്‍ മൂന്ന് കോടിയുടെ കുറവുണ്ടായി. കഴിഞ്ഞ സാമ്പത്തികവര്‍ഷം 2,838 കോടി രൂപ വരുമാനവും 160 കോടി രൂപ ലാഭവും നേടാന്‍ എസ്എംഎല്‍ മഹീന്ദ്രയ്ക്ക് സാധിച്ചു.

Mahindra & Mahindra will transfer its Truck and Bus business to listed subsidiary SML Mahindra in a ₹525 crore restructuring deal, lifting SML Mahindra shares by 20%

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT