Pic Courtesy : https://www.sony.com/ 
Auto

ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കാന്‍ സോണി; ആദ്യം എത്തുക രണ്ട് മോഡലുകള്‍

ഇവികൾക്കായി സോണി മൊബിലിറ്റി എന്ന പുതിയ കമ്പനിക്ക് രൂപം നല്‍കി

Dhanam News Desk

മറ്റ് ടെക്ക് ഭീമന്മാരുടെ പാത പിന്തുടര്‍ന്ന് ഇലക്ട്രിക് വാഹന രംഗത്തേക്കുള്ള വരവിനെക്കുറിച്ച് 2020ല്‍ തന്നെ സോണി ഗ്രൂപ്പ് അറിയിച്ചിരുന്നു. ഇപ്പോള്‍ ഏത് നിമിഷം വേണമെങ്കിലും പുതിയ ഇവി വില്‍പ്പന ആരംഭിക്കാം എന്ന സൂചന നല്‍കിയിരിക്കുകയാണ് സോണി. ഇതിനായി സോണി മൊബിലിറ്റി എന്ന പുതിയ കമ്പനിക്കും രൂപം നല്‍കി. യുഎസില്‍ നടന്ന സിഇഎസ് ടെക്‌നോളജി ട്രേഡ് ഫെയറില്‍ സോണി ഗ്രൂപ്പ് ചെയര്‍മാനും പ്രസിഡന്റുമായ കെനിചിറോ യോഷിദയാണ് പുതിയ കമ്പനി പ്രഖ്യാപിച്ചത്.

സോണി വിഷന്‍- എസ്

2020ല്‍ സിഇഎസ് വേദിയില്‍ തന്നെയാണ് സോണി തങ്ങളുടെ ആദ്യ ഇവിയുടെ പ്രോട്ടോടൈപ്പ് അവതരിപ്പിച്ചത്. വിഷന്‍-എസ് കോണ്‍സെപ്റ്റ് എന്ന പേരില്‍ ഒരു സെഡാന്‍ മോഡലായിരുന്നു കമ്പനി അവതരിപ്പിച്ചത്. ആ മോഡല്‍ 2021ല്‍ പരീക്ഷണങ്ങളുടെ ഭാഗമായി പൊതു നിരത്തുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത്തവണ വിഷന്‍-എസ് 02 എന്ന പേരില്‍ SUV ആണ് സോണി അവതരിപ്പിച്ചത്. 2020ലെ സെഡാന്‍ മോഡല്‍ ഇത്തവണയും സിഇഎസ് ഫെയറില്‍ ഉണ്ട്.

ഓട്ടോ-ഡ്രൈവിംഗിനായി 40 സെന്‍സറുകള്‍, 360 ഡിഗ്രി ഓഡിയോ ഫീച്ചര്‍, 5ജി സപ്പോര്‍ട്ട് തുടങ്ങിയവ വാഹനത്തില്‍ ഉണ്ടാകുമെന്ന് സോണി നേരത്തെ അറിയിച്ചിരുന്നു. വിഷന്‍-എസിന് 536 എച്ച്പി ഡ്യുവല്‍ മോട്ടോര്‍ ഓള്‍ വീല്‍-ഡ്രൈവ് ആണ് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 240 കി.മീ ആണ് വാഹനത്തിൻ്റെ പരമാവതി വേഗത. 100 കി.മീ വേഗത ആര്‍ജിക്കാന്‍ വാഹനത്തിന് അഞ്ച് സെക്കന്‍ഡുകള്‍ മതി. എന്നാല്‍ ഇരു മോഡലുകളെക്കുറിച്ചുള്ള വിശാദാംശങ്ങള്‍ സോണി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ആപ്പിള്‍, ഷവോമി, ഫോക്‌സ്‌കോണ്‍ എന്നിവയാണ് ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്ന മറ്റ് ടെക്ക് കമ്പനികള്‍. അപ്പിളിൻ്റെ ഇവി പ്രോജക്ട് ടൈറ്റന്‍ വാഹന പ്രേമികള്‍ ഉറ്റുനോക്കുന്ന ഒന്നാണ്. പരമ്പരാഗത മോട്ടോര്‍ വാഹന കമ്പനികള്‍ക്കൊപ്പം ടെക്ക് ഭീമന്മാരും ഇവി രംഗത്തേക്ക് എത്തുന്നതോടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക കുറഞ്ഞ വിലയ്ക്ക് മികച്ച വാഹനങ്ങളായിരിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT