Auto

ഇലക്ട്രിക് ചരക്ക് വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ ടാറ്റയും ലൈലാന്റും

ചെറു കൊമേഴ്‌സ്യല്‍ വാഹനങ്ങളാകും ആദ്യം എത്തുക

Dhanam News Desk

ഇലക്ട്രിക് ചരക്ക് വാഹനങ്ങള്‍ പുറത്തിറക്കാന്‍ തയ്യാറെടുത്ത് രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സും അശോക് ലൈലാന്റും. ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന ലാസ്റ്റ് മൈല്‍ സെഗ്മെൻ്റി ലാകും ഇരു നിര്‍മാതാക്കളും ആദ്യം വാഹനങ്ങള്‍ പുറത്തിറക്കുക. നേരത്തെ തന്നെ ടാറ്റയും ലൈലാന്റും ഇലക്ട്രിക് ബസുകള്‍ അവതരിപ്പിച്ചിരുന്നു.

വാഹനങ്ങളുടെ ദൂരപരിധി, പെര്‍ഫോമന്‍സ് തുടങ്ങിയ കാര്യങ്ങളില്‍ ഇ-കൊമേഴ്‌സ് കമ്പനികളുടെ ഉള്‍പ്പടെ ആവശ്യങ്ങള്‍ പരിഗണിച്ചാകും ടാറ്റയുടെ ഇലക്ട്രിക് കോമേഴ്‌സ്യല്‍ വാഹനങ്ങള്‍ എത്തുക. കാര്‍ഗോ സെഗ്മെൻ്റി നായി പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളും അവതരിപ്പിക്കുമെന്ന് ടാറ്റാ മോട്ടോഴ്‌സ് അറിയിച്ചു.

ഈ വര്‍ഷം കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ വിപണിയില്‍ 20 ശതമാനം വളര്‍ച്ചയാണ് ടാറ്റ പ്രതീക്ഷിക്കുന്നത്. ഡീസലിൻ്റെ വില ഉയര്‍ന്നതിനെ തുടര്‍ന്ന് സിഎന്‍ജി വാഹനങ്ങളുടെ വില്‍പ്പന വര്‍ധിച്ചെന്നും ടാറ്റ അറിയിച്ചു. ഇപ്പോള്‍ ആകെ വില്‍ക്കുന്ന കൊമേഴ്‌സ്യല്‍ വാഹനങ്ങളില്‍ 41 ശതമാനവും സിഎന്‍ജി വാഹനങ്ങളാണ്.

അശോക് ലൈലാന്റ് തങ്ങളുടെ ഇലക്ട്രിക് വാഹന വിഭാഗം പൂര്‍ണമായും സ്വിച്ച് മൊബിലിറ്റി ഓട്ടോമോട്ടിവ്‌സ് എന്ന സഹസ്ഥാപനത്തിന് കീഴിലാക്കിയിരുന്നു. ഇ- ബസുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ലൈലാന്റ് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ചെറു കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ ഡിസംബറില്‍ അവതരിപ്പിക്കും. വാഹനത്തിന് 2,000 ഓഡറുകള്‍ ലഭിച്ചു എന്നാണ് വിവരം.

കൂടാതെ സ്വിച്ചിൻ്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓം ഗ്ലോബല്‍ മൊബിലിറ്റിക്ക് കീഴില്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ ഉള്‍പ്പടെയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വേണ്ട സേവനങ്ങളും അശോക് ലൈലാന്റ് ആരംഭിക്കും. 150-200 മില്യണ്‍ ഡോളറിൻ്റെ നിക്ഷേപം ഈ മേഖലയില്‍ നടത്താനാണ് അശോക് ലൈലാന്റ് ലക്ഷ്യമിടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT