image credit : canva , tata motors 
Auto

ഇനി ടാറ്റയുടെ ഇ.വികളിലും ബാറ്ററിക്ക് പണം വേണ്ട, ₹3.5 ലക്ഷം വരെ വില കുറയും, വില്‍പ്പന കൂട്ടാന്‍ പുതിയ തന്ത്രം

ടാറ്റയുടെ ടിയാഗോ, പഞ്ച്, ടിഗോര്‍, നെക്‌സോണ്‍ തുടങ്ങിയ മോഡലുകളുടെ ചില വേരിയന്റുകളിലാകും ഇത് നടപ്പിലാക്കുകയെന്നാണ് വിവരം

Dhanam News Desk

ബാറ്ററി ഇലക്ട്രിക് വാഹന (ബി.ഇ.വി) വിപണിയില്‍ ആധിപത്യം ഉറപ്പിക്കാന്‍ ചില മോഡലുകളില്‍ ബാറ്ററി ആസ് എ സര്‍വീസ് (ബാസ്) പദ്ധതി നടപ്പിലാക്കാന്‍ ടാറ്റ മോട്ടോര്‍സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ടാറ്റയുടെ ടിയാഗോ, പഞ്ച്, ടിഗോര്‍, നെക്‌സോണ്‍ തുടങ്ങിയ മോഡലുകളുടെ ചില വേരിയന്റുകളിലാകും ഇത് നടപ്പിലാക്കുകയെന്ന് മണി കണ്‍ട്രോളിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ഓരോ മോഡലുകളുടെയും എക്‌സ് ഷോറൂം വിലയില്‍ 25-30 ശതമാനം കുറയുമെന്നാണ് വിലയിരുത്തല്‍.

എന്താണ് ബാസ്

ബാറ്ററി പണം കൊടുത്ത് വാങ്ങാതെ വാടക നല്‍കി ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനമാണ് ബാസ്. ഉപയോക്താക്കള്‍ വാഹനം ഉപയോഗിക്കുന്നതിന് അനുസരിച്ച് വാടക നല്‍കിയാല്‍ മതിയെന്നതാണ് പ്രത്യേകത. ഇ.വി വാങ്ങുന്നതിന് ആദ്യം മുടക്കേണ്ട തുകയില്‍ വലിയ മാറ്റമുണ്ടാക്കുന്ന പദ്ധതിയാണിത്. പോക്കറ്റിനിണങ്ങുന്ന ഇ.വികള്‍ക്ക് ഉപയോക്താക്കള്‍ക്കിടയിലുള്ള ഡിമാന്‍ഡാണ് ഇത്തരമൊരു നീക്കത്തിലേക്ക് ടാറ്റയെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. സാമ്പത്തികപരമായി നേട്ടമുണ്ടാക്കുമെന്നതിനാല്‍ ഉപയോക്താക്കളും ബാറ്ററി ആസ് എ സര്‍വീസ് പദ്ധതിയെ പിന്തുണയ്ക്കുമെന്നാണ് ടാറ്റ കരുതുന്നത്.

എന്നാല്‍ നിലവില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പ്രാരംഭഘട്ടത്തിലാണെന്നും കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ പദ്ധതി നടപ്പിലാക്കൂ എന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു. ഇന്ത്യന്‍ വിപണിയില്‍ എം.ജി മോട്ടോര്‍ ആണ് ബാറ്ററി വാടകയ്ക്ക് നല്‍കുന്ന പദ്ധതി തുടങ്ങിയത്. ഇതനുസരിച്ച് 13.49-15.49 ലക്ഷം രൂപ വിലയുള്ള എം.ജി വിന്‍സര്‍ 9.99 ലക്ഷം രൂപയ്ക്ക് ലഭിക്കും. ഇതിന് പിന്നാലെ കമ്പനിയുടെ മറ്റ് മോഡലുകളായ കോമറ്റ് ഇ.വി, ഇസഡ്.എസ് ഇവി എന്നിവയിലേക്കും ബാസ് പദ്ധതി വ്യാപിപ്പിച്ചു.

ഇ.വി വിപണിയില്‍ വലിയ മാറ്റത്തിന് സാധ്യത

ഇലക്ട്രിക് വാഹന വിപണിയില്‍ 75-80 ശതമാനം വിഹിതമാണ് ടാറ്റ മോട്ടോര്‍സിനുള്ളത്. വിവിധ ശ്രേണികളിലുള്ള മോഡലുകള്‍ ഇറക്കിയാണ് ടാറ്റ ഇത് നിലനിറുത്തുന്നത്. വില്‍പ്പന കൂട്ടാനായി ഡിസ്‌ക്കൗണ്ടുകളും ഫ്രീ ചാര്‍ജിംഗ് അടക്കമുള്ള ഓഫറുകളും നല്‍കുന്നുണ്ടെങ്കിലും പെട്രോള്‍/ഡീസല്‍ വാഹനങ്ങളുമായുള്ള വിലവ്യത്യാസം പല ഉപയോക്താക്കളെയും ഇവി സ്വന്തമാക്കുന്നതില്‍ നിന്നും തടയുന്നുണ്ട്. ഇത് മനസിലാക്കിയാണ് ടാറ്റ ബാറ്ററി വാടകയ്ക്ക് നല്‍കാമെന്ന തീരുമാനത്തിലെത്തിയതെന്നാണ് വിവരം.

കഴിഞ്ഞ ആറ് മാസമായി ടാറ്റയുടെ ഇവി വില്‍പ്പനയും താഴോട്ടാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ ടാറ്റ ഇവി വില്‍പ്പന 14 ശതമാനമാണ് കുറഞ്ഞത്. സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ശതമാനം കുറവുണ്ടായി. സെപ്റ്റംബറില്‍ 23 ശതമാനമാണ് വില്‍പ്പന കുറഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെ സമാനകാലയളവില്‍ 6,050 യൂണിറ്റുകള്‍ വിറ്റപ്പോള്‍ ഇത്തവണ 4,680 യൂണിറ്റുകള്‍ മാത്രമാണ് നിരത്തിലെത്തിക്കാനായത്. ബാസ് പദ്ധതി നടപ്പിലാക്കിയാല്‍ ഓരോ മോഡലിനും 2-3.5 ലക്ഷം രൂപ വരെ കുറയുമെന്നാണ് പ്രതീക്ഷ. ബാറ്ററിയുടെ കാലാവധി സംബന്ധിച്ച ആശങ്കകള്‍ക്ക് പരിഹാരമാകുന്നതോടെ കൂടുതല്‍ ഉപയോക്താക്കള്‍ ഇ.വി സ്വന്തമാക്കുമെന്നും വിലയിരുത്തലുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT