ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ഓണത്തോടനുബന്ധിച്ച് പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. 2.25 ലക്ഷം വരെ ആനുകൂല്യങ്ങള്‍, ബുക്കിംഗുകള്‍ക്ക് മുന്‍ഗണനാ ഡെലിവറി, ആകര്‍ഷകമായ ഫിനാന്‍സ് പദ്ധതികള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഓഫറുകള്‍. സിയറ ജൂബിലി എഡിഷന്‍, നെക്സോണ്‍ ക്യാമോ എഡിഷന്‍, പഞ്ച് എച്ച്ബിഎക്സ് പാക്ക് എന്നീ മോഡലുകളുടെ പ്രത്യേക പതിപ്പുകളും അവതരിപ്പിച്ചിട്ടുണ്ട്.
കേരളത്തിലുടനീളം 85 സര്‍വീസ് സെന്ററുകള്‍, ശരാശരി 15 കിലോമീറ്ററിന് ഒരു സര്‍വീസ് സെന്റര്‍ എന്ന രീതിയിലുള്ള സേവന ശൃംഖലയും ഉപഭോക്താക്കള്‍ക്ക് ലഭ്യമാണെന്ന് ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ വിവേക് ശ്രീവത്സ പറഞ്ഞു. ടാറ്റ മോട്ടോഴ്സിന്റെ വളര്‍ച്ചാ യാത്രയില്‍ കേരളത്തിന് വളരെ പ്രധാനപ്പെട്ട സ്ഥാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആള്‍ട്രോസ് മോഡലിന് 54,500 രൂപ വരെയാണ് ഓണക്കാലത്ത് കിഴിവ് ലഭിക്കുക. നെക്സോണിന് 72,500 രൂപ വരെയും ഹാരിയറിന് 47,000 രൂപ വരെയും ഇളവ് ലഭിക്കും. ഇലക്ട്രിക് മോഡലുകളായ നെക്സോണിന് 60,000 രൂപ വരെ ഉറപ്പായ വിലക്കിഴിവ് ലഭിക്കും. ഹാരിയര്‍ ഇവിയുടെ 2.25 ലക്ഷം വരെയുള്ള ആനുകൂല്യത്തില്‍ ഒരു ലക്ഷം വരെ ലോയല്‍റ്റി ബെനിഫിറ്റും സൗജന്യ ഇന്‍ഷുറന്‍സും ഉള്‍പ്പെടുന്നു.
കഴിഞ്ഞ രണ്ടുവര്‍ഷമായി സര്‍വീസ് രംഗത്ത് തങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് ധനംഓണ്‍ലൈന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്ക് അനുവദിച്ച പ്രത്യേക സെഷനില്‍ വിവേക് ശ്രീവത്സ പറഞ്ഞു. 2020 മുതല്‍ 2023 വരെയുള്ള ഒരു കാലഘട്ടത്തില്‍ വില്പനയ്‌ക്കൊപ്പം സര്‍വീസ് സെന്ററുകള്‍ വ്യാപിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി പുതിയ സര്‍വീസ് സെന്ററുകള്‍ കൊണ്ടുവരുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.
ഇപ്പോള്‍ കേരളത്തിലുടനീളം 85 സര്‍വീസ് സെന്ററുകള്‍ ടാറ്റയ്ക്കുണ്ട്. അധികം വൈകാതെ അത് 100ല്‍ എത്തും. ഓരോ 15 കിലോമീറ്ററിലും ഒരു സര്‍വീസ് സെന്റര്‍ വീതമുണ്ട്. ഇവിക്ക് മാത്രമായി കേരളത്തില്‍ അഞ്ച് എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളുണ്ട്. മലപ്പുറം, കണ്ണൂര്‍, തൃശൂര്‍ എന്നീ ജില്ലകളില്‍ ഓരോന്നും കൊച്ചിയില്‍ രണ്ടെണ്ണവുമാണ് ഇപ്പോഴുള്ളത്.
കേരളത്തിലടക്കം സര്‍വീസ് സെന്ററുകള്‍ വികസിപ്പിക്കുന്നതില്‍ കമ്പനി വലിയ നിക്ഷേപം നടത്തുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് മികച്ച സര്‍വീസ് അനുഭവം നല്കുന്നതിനായി ഉയര്‍ന്ന നിലവാരമുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നു. ജീവനക്കാര്‍ക്ക് നല്ലരീതിയില്‍ പരിശീലനം നല്കാന്‍ ശ്രദ്ധിക്കുന്നുണ്ട്.
സ്‌പെയര്‍ പാര്‍ട്‌സ് ലഭ്യതയുടെ പരാതി നേരത്തെ ഉണ്ടായിരുന്നു. ഇപ്പോള്‍ ഒരു ദിവസത്തിനുള്ളില്‍ സ്‌പെയര്‍ പാര്‍ട്‌സ് എത്തിക്കുന്നതിനായി റീജിയണല്‍ വെയര്‍ഹൗസുകള്‍ കമ്പനിക്കുണ്ട്. ബെംഗളൂരില്‍ ഞങ്ങള്‍ക്ക് ബാറ്ററി റിഫര്‍ബിഷ്മെന്റ് സെന്ററുകളുണ്ട്. ഉടന്‍ തന്നെ കേരളത്തിലും തുറക്കും.
ചാര്‍ജിംഗ് പോയിന്റുകള്‍ വര്‍ധിപ്പിക്കാന്‍ സ്റ്റാര്‍ട്ടപ്പ് സിപിഒകളുമായി (Charging Power Operators) ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഞങ്ങളുടെ കൈയിലുള്ള ഡാറ്റ ഇത്തരം ചാര്‍ജിംഗ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൈമാറുന്നു. അവര്‍ കൂടുതല്‍ ഇവികളുള്ള റൂട്ടില്‍ ചാര്‍ജറുകള്‍ സ്ഥാപിക്കും. ഇവി അധിഷ്ഠിത സിസ്റ്റം വളര്‍ത്തുന്നതില്‍ ഞങ്ങളുടേതായ സംഭാവന നല്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ വില്‍പനയില്‍ ഏകദേശം 70 ശതമാനം വളര്‍ച്ച കൈവരിച്ചതായും ഉത്സവ സീസണില്‍ ഇത് കൂടുതല്‍ ശക്തമാക്കുകയാണ് ലക്ഷ്യമെന്നും വിവേക് ശ്രീവത്സ പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine