image credit : Tata Motors 
Auto

ഡീസലും ഇലക്ട്രിക്കുമല്ല, സീന്‍ മാറ്റാന്‍ ടാറ്റയുടെ ഹൈഡ്രജന്‍ ട്രക്കുകള്‍ വരുന്നു! പരീക്ഷണയോട്ടം മൂന്ന് റൂട്ടുകളില്‍ ഉടന്‍

ഹൈഡ്രജന്‍ വാഹനങ്ങളില്‍ ഇന്ധനം നിറക്കുന്നത്, പദ്ധതിയുടെ സാമ്പത്തിക നേട്ടങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്താനാണ് പരീക്ഷണം

Dhanam News Desk

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി ചേര്‍ന്ന് ഹൈഡ്രജന്‍ ട്രക്കുകള്‍ പരീക്ഷിക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്‌സ്. ഡീസലിന് പകരം ഗ്രീന്‍ ഹൈഡ്രജന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇന്റേണല്‍ കമ്പസ്റ്റ്ഷന്‍ എഞ്ചിനായിരിക്കും വാഹനത്തിലുണ്ടാവുക. നാഷണല്‍ ഗ്രീന്‍ ഹൈഡ്രജന്‍ മിഷന്റെ ഭാഗമായി ജംഷഡ്പൂര്‍-കലിംഗനഗര്‍, മുംബയ്-അഹമ്മദാബാദ്, മുംബൈ-പൂനെ റൂട്ടുകളില്‍ ഒന്നര വര്‍ഷത്തോളം വാഹനം പരീക്ഷണയോട്ടം നടത്തും. ഹൈഡ്രജന്‍ വാഹനങ്ങളില്‍ ഇന്ധനം നിറക്കുന്നത്, പദ്ധതിയുടെ സാമ്പത്തിക നേട്ടങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്തുന്നതിനാണിത്. 15 ട്രക്കുകളാണ് പരീക്ഷണയോട്ടത്തിന് തയ്യാറായിരിക്കുന്നത്. ഈ റൂട്ടുകളിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പെട്രോള്‍ പമ്പുകളില്‍ ഹൈഡ്രജന്‍ നിറക്കുന്നതിനുള്ള പ്രത്യേക സൗകര്യം ഒരുക്കും.

അടുത്തിടെ ഡല്‍ഹിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ ഹൈഡ്രജന്‍ ഇന്ധനമായ ട്രക്ക് ടാറ്റ മോട്ടോഴ്‌സ് പ്രദര്‍ശിപ്പിച്ചിരുന്നു. ടാറ്റ പ്രൈമ എച്ച് 28 എന്ന് പേരിട്ട വാഹനം അടുത്ത് തന്നെ നിരത്തുകളില്‍ പരീക്ഷണയോട്ടം തുടങ്ങും. ഒരു തവണ ഇന്ധനം നിറച്ചാല്‍ 550 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന 5.3 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എച്ച്2ഐസ് എഞ്ചിനാണ് വാഹനത്തിലുള്ളത്. സുരക്ഷക്കും കണക്ടിവിറ്റിക്കും വേണ്ടി സെഗ്‌മെന്റിലെ മറ്റൊരു വണ്ടിക്കും ഇല്ലാത്ത രീതിയിലുള്ള സൗകര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹൈഡ്രജന്‍ ഇന്ധനമായതിനാല്‍ സീറോ എമിഷനിലാണ് വാഹനം പുറത്തിറങ്ങുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ വാഹനം വില്‍പ്പനക്ക് തയ്യാറാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഇതിന് പുറമെ ഫ്യൂവല്‍ സെല്ലില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു വാഹനവും കമ്പനിയുടെ പണിപ്പുരയിലുണ്ട്.

14 സ്മാര്‍ട്ട് വാഹനങ്ങള്‍

ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ കൊമേഷ്യല്‍ വാഹനങ്ങളുടെ ശ്രേണിയില്‍ ടാറ്റ മോട്ടോഴ്‌സ് 14 സ്മാര്‍ട്ട് വാഹനങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ഡീസല്‍, ബയോഡീസല്‍, സി.എന്‍.ജി, എല്‍.എന്‍.ജി, എഥനോള്‍, ഇലക്ട്രിക് ബാറ്ററി, ഹൈഡ്രജന്‍ തുടങ്ങിയ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ കമ്പനി എത്തിച്ചിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT