Image : Maruti Suzuki, Mahindra, Tata Motors, Hyundai websites 
Auto

ജി.എസ്.ടിയിലെ കുറവ് അവസരമാക്കാന്‍ കമ്പനികള്‍! ജനപ്രിയ എസ്.യു.വികള്‍ക്ക് ₹3.49 ലക്ഷം വരെ കുറയും, കമ്പനികള്‍ക്ക് ₹2,500 കോടിയുടെ നഷ്ടം

വിലക്കുറവ് പ്രഖ്യാപിച്ച് മഹീന്ദ്ര, ടൊയോട്ട, ടാറ്റ മോട്ടോഴ്‌സ്, റെനോ എന്നീ കമ്പനികള്‍

Dhanam News Desk

ചരക്ക് സേവന നികുതി (ജി.എസ്.ടി) നിരക്ക് പരിഷ്‌ക്കരണത്തിന്റെ ഗുണഫലം ഉപയോക്താക്കളിലെത്താന്‍ വാഹനങ്ങളുടെ വില കുറച്ച് മഹീന്ദ്രയും ടൊയോട്ടയും. നേരത്തെ 28 ശതമാനമായിരുന്ന ചെറുവാഹനങ്ങളുടെ നികുതി 18 ശതമാനമാക്കിയിരുന്നു. എസ്.യു.വി പോലുള്ള വലിയ വാഹനങ്ങളുടെ നികുതി 40 ശതമാനമാക്കിയെങ്കിലും നഷ്ടപരിഹാര സെസ് എടുത്തുകളഞ്ഞതോടെ ഇവക്കും വില കുറയും. നേരത്തെ ടാറ്റ മോട്ടോഴ്‌സ്, റെനോ എന്നീ കമ്പനികളും വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബര്‍ 22 മുതലാണ് വിലക്കുറവ് പ്രാബല്യത്തില്‍ വരുന്നത്. ജനപ്രിയ മോഡലുകള്‍ക്ക് വില കുറക്കുമെന്ന് മാരുതി സുസുക്കിയും സൂചന നല്‍കിയിട്ടുണ്ട്.

മഹീന്ദ്ര

യാത്രാ വാഹനങ്ങളുടെ വില 1.56 ലക്ഷം രൂപ വരെ കുറച്ചതായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അറിയിച്ചു. ബൊലേറോ/നിയോ ശ്രേണിയുടെ വില 1.27 ലക്ഷം രൂപയും, എക്‌സ്.യു.വി 3എക്‌സ്.ഒ (പെട്രോള്‍) 1.4 ലക്ഷം രൂപയും, എക്‌സ്.യു.വി 3 എക്‌സ് ഒ (ഡീസല്‍) 1.56 ലക്ഷം രൂപയും കുറയും. ഥാര്‍ 2 ഡബ്ല്യു.ഡി (ഡീസല്‍) 1.35 ലക്ഷം രൂപയും, ഥാര്‍ 4 ഡബ്ല്യു.ഡി (ഡീസല്‍) 1.01 ലക്ഷം രൂപയുമാണ് കുറയുന്നത്. കൂടാതെ സ്‌കോര്‍പിയോ ക്ലാസിക് 1.01 ലക്ഷം രൂപയും സ്‌കോര്‍പിയോ എന്നിന് 1.45 ലക്ഷം രൂപയും ഥാര്‍ റോക്‌സിന് 1.33 ലക്ഷം രൂപയും, എക്‌സ്.യു.വി 700ന് 1.43 ലക്ഷം രൂപയും കുറയുമെന്നും കമ്പനി വ്യക്തമാക്കി.

ടൊയോട്ട

വാഹന വിലയില്‍ 3.49 ലക്ഷം രൂപ വരെ കുറവ് വരുത്തുമെന്ന് ടൊയോട്ടയും അറിയിച്ചു. ഗ്ലാന്‍സ ഹാച്ച്ബാക്ക് 85,300 രൂപ വരെയും, ടൈസര്‍ 1.11 ലക്ഷം രൂപയും റൂമിയണ്‍ 48,700 രൂപയും ഹൈറൈഡര്‍ 65,400 രൂപയുമാണ് കുറയുന്നത്. ഇന്നോവ ക്രിസ്റ്റ 1.8 ലക്ഷം, ഹൈക്രോസ് 1.15 ലക്ഷം, ഫോര്‍ച്യൂണര്‍ 3.49 ലക്ഷം, ലെജന്‍ഡര്‍ 3.34 ലക്ഷം, ഹൈലക്‌സ് 2.52 ലക്ഷം, കാംറി 1.01 ലക്ഷം, വെല്‍ഫയര്‍ 2.78 ലക്ഷം രൂപ എന്നിങ്ങനെയും വില കുറയും.

ടാറ്റ മോട്ടോഴ്‌സ്

1.55 ലക്ഷം രൂപ വരെയാണ് ടാറ്റ മോട്ടോഴ്‌സ് വാഹന വിലയില്‍ കുറവ് വരുത്തുമെന്ന് അറിയിച്ചത്. ടിയാഗോക്ക് 75,000 രൂപ വരെയും ടിഗോറിന് 80,000 രൂപ വരെയും ആല്‍ട്രോസിന് 1.10 ലക്ഷം രൂപ വരെയും പഞ്ചിന് 85,000 രൂപ വരെയും കുറയും. നെക്‌സോണിന് 1.55 ലക്ഷം രൂപയും കര്‍വിന് 65,000 രൂപയും ഹാരിയറിന് 1.40 ലക്ഷം രൂപയും സഫാരിക്ക് 1.45 ലക്ഷം രൂപയും കുറക്കുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

കമ്പനികള്‍ക്ക് നഷ്ടം ₹2,500 കോടി

അതേസമയം, ജി.എസ്.ടി പരിഷ്‌ക്കാരം ഉപയോക്താക്കള്‍ക്ക് ഗുണമാണെങ്കിലും വാഹന കമ്പനികള്‍ക്കും ഡീലര്‍മാര്‍ക്കും കോടികളുടെ നഷ്ടം വരുത്തുമെന്നും വാഹനലോകം പറയുന്നു. നേരത്തെ ഉയര്‍ന്ന നഷ്ടപരിഹാര സെസ് നല്‍കി വാഹനങ്ങള്‍ വാങ്ങി സൂക്ഷിച്ചിരിക്കുന്ന ഡീലര്‍മാരാണ് കുരുക്കിലായത്. സെപ്റ്റംബര്‍ 22 മുതല്‍ നഷ്ടപരിഹാര സെസ് അവസാനിക്കുന്നതോടെ 2,500 കോടി രൂപയുടെ നഷ്ടം ഡീലര്‍മാര്‍ക്ക് ഉണ്ടാകുമെന്നാണ് കരുതുന്നത്. നേരത്തെ അടച്ച നഷ്ടപരിഹാര സെസ് റീഫണ്ട് ചെയ്യണമെന്ന് ഡീലര്‍മാരുടെയും വാഹന നിര്‍മാതാക്കളുടെയും സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ അനുകൂല നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.

Carmakers including Tata Motors and Mahindra have started revising prices after the GST rate cut. Find out how the new tax structure impacts vehicle costs and car sales in India.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT