Auto

ഇല്ല നാനോ പോകുന്നില്ല; ഓർഡർ ചെയ്താൽ ടാറ്റ നിർമ്മിച്ച് നൽകും

Dhanam News Desk

വിപണിയിൽ ആവശ്യക്കാർ കുറഞ്ഞതോടെ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ കുഞ്ഞൻ കാറായ നാനോ അപ്പാടെ നിർത്തിക്കളയും എന്ന വാർത്ത ഈയിടെ ചർച്ചകളിൽ നിറഞ്ഞിരുന്നു. എന്നാൽ അങ്ങിനെയല്ല കാര്യങ്ങൾ.

ആവശ്യക്കാർ ഓർഡർ നൽകുന്നതിനനുസരിച്ച് നാനോ നിർമ്മിച്ച് നൽകാനാണ് കമ്പനിയുടെ ഇപ്പോഴത്തെ പദ്ധതിയെന്ന് ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു. നാനോയുടെ നിർമ്മാണ യൂണിറ്റിൽ ടിയാഗോ, ടിഗോർ എന്നിവയും കൂടി നിർമ്മിക്കും.

രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും വില കുറഞ്ഞ കാർ എന്ന വിശേഷണത്തോടെയാണ്​ ടാറ്റ മോട്ടോഴ്‍സ് നാനോയെ വിപണിയിലെത്തിച്ചത്​. രത്തന്‍ ടാറ്റയുടെ സ്വപ്‍ന പദ്ധതി പക്ഷെ പ്രതീക്ഷിച്ച ചലനം വിപണിയിൽ ഉണ്ടാക്കിയില്ല.

ജൂൺ മാസത്തിൽ ടാറ്റ ആകെ ഒരു നാനോ കാർ മാത്രമാണ് നിർമ്മിച്ചത്. വിറ്റുപോയതാകട്ടെ മൂന്ന് കാറുകളും. ഒരു നാനോ കാർ പോലും കയറ്റുമതി ചെയ്തിട്ടുമില്ല.

അതേസമയം 2017 ജൂണിൽ 275 യൂണിറ്റുകൾ നിർമ്മിച്ചിരുന്നു. ആഭ്യന്തര വിപണിയിൽ 167 കാറുകൾ വിറ്റുപോയി. 25 യൂണിറ്റുകൾ കയറ്റുമതിയും ചെയ്തിരുന്നു.

ജനുവരി 2008 ലെ ഓട്ടോ എക്സ്പോയിലാണ് നാനോ അവതരിപ്പിക്കപ്പെട്ടത്. പ്രാരംഭ വില ഒരു ലക്ഷത്തിനടുത്തായിരുന്നു.

Image Courtesy : www.tatamotors.com

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT