ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിൽ 2026-27 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ വലിയ മാറ്റം. മാരുതി സുസുക്കി 5,25,228 യൂണിറ്റുകളുമായി ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ, 1,87,953 യൂണിറ്റുകളുടെ വിൽപനയോടെ ടാറ്റ മോട്ടോഴ്‌സ് മഹീന്ദ്രയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. 1,74,745 യൂണിറ്റുകൾ വിറ്റ മഹീന്ദ്ര മൂന്നാം സ്ഥാനത്തേക്ക് നീങ്ങി; ഹ്യുണ്ടായ് നാലാം സ്ഥാനത്ത്.
ഇന്ത്യയിലെ പാസഞ്ചർ വാഹന (PV) വിപണിയിൽ നിർണായകമായ മാറ്റം രേഖപ്പെടുത്തിക്കൊണ്ട്, 2026-27 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ (ഏപ്രിൽ-ജൂൺ) മഹീന്ദ്രയെ പിന്നിലാക്കി ടാറ്റ മോട്ടോഴ്‌സ് രണ്ടാം സ്ഥാനം സ്വന്തമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (FY26) രണ്ടാം സ്ഥാനത്തുണ്ടായിരുന്ന മഹീന്ദ്രയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് ടാറ്റയുടെ ഈ തിരിച്ചുവരവ്.
സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സിന്റെ (SIAM) കണക്കുകൾ പ്രകാരം, ഒന്നാം പാദത്തിൽ ടാറ്റ മോട്ടോഴ്‌സ് 1,87,953 യൂണിറ്റുകൾ വിറ്റഴിച്ചു. ഇതേ കാലയളവിൽ മഹീന്ദ്രയുടെ വിൽപന 1,74,745 യൂണിറ്റുകളായിരുന്നു. മാരുതി സുസുക്കി 5,25,228 യൂണിറ്റുകളുമായി ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ, 1,39,374 യൂണിറ്റുകൾ വിറ്റഴിച്ച ഹ്യുണ്ടായ് നാലാം സ്ഥാനത്താണ്.
ടാറ്റയുടെ എസ്‌യുവി (SUV) നിരയിലുള്ള ശക്തമായ ഡിമാൻഡാണ് ഈ വിജയത്തിന് പിന്നിൽ. കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലായ പഞ്ച് (Punch) 60,321 യൂണിറ്റുകളും, നെക്‌സോൺ (Nexon) 55,561 യൂണിറ്റുകളും വിറ്റഴിച്ചു. ഇവ രണ്ടും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപനയുള്ള വാഹനങ്ങളുടെ പട്ടികയിലും ഇടംപിടിച്ചു. അതേസമയം, മഹീന്ദ്രയുടെ ഏറ്റവും വലിയ വിൽപന നേടിക്കൊടുത്തത് സ്കോർപിയോ (44,590 യൂണിറ്റുകൾ) ആണ്.
ടിയാഗോ, പഞ്ച് എന്നിവയുടെ പുതിയ മോഡലുകള്‍ക്ക് ലഭിച്ച മികച്ച പ്രതികരണമാണ് ഈ മുന്നേറ്റത്തിന് സഹായിച്ചതെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് എംഡിയും സിഇഒയുമായ ശൈലേഷ് ചന്ദ്ര പറഞ്ഞു. കമ്പനിയുടെ 'മൾട്ടി പവർട്രെയിൻ' തന്ത്രവും വില്‍പ്പന കൂട്ടാന്‍ സഹായിച്ചു. ഒരേ കാർ മോഡൽ തന്നെ പെട്രോൾ, ഡീസൽ, സിഎൻജി (CNG), ഇലക്ട്രിക് (EV) തുടങ്ങി വ്യത്യസ്ത വകഭേദങ്ങളിൽ ലഭ്യമാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഉദാഹരണത്തിന് പഞ്ച് (Punch), നെക്സൺ (Nexon), കർവ്വ് (Curvv) തുടങ്ങിയവ ഇത്തരത്തില്‍ ലഭ്യമാണ്.
ഇലക്ട്രിക് വാഹന (EV) മേഖലയിലെ വളർച്ചയും കമ്പനിക്ക് കരുത്തേകി. സിയാറ (Sierra) എസ്‌യുവിയുടെ വിതരണത്തിൽ ചില തടസങ്ങൾ ഉണ്ടായെങ്കിലും വരും പാദങ്ങളിൽ അത് പരിഹരിക്കപ്പെടുമെന്നും ശൈലേഷ് ചന്ദ്ര പറഞ്ഞു. മൊത്തത്തിലുള്ള പാസഞ്ചർ വാഹന വ്യവസായം ഈ പാദത്തിൽ 25.9 ശതമാനം വളർച്ച രേഖപ്പെടുത്തിയതും വിപണിയിലെ ശുഭസൂചനയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine