Auto

ഇലോണ്‍ മസ്‌കിന്റെ വീരവാദം പൊളിച്ച് 'സൈബര്‍ ട്രക്ക്'

Dhanam News Desk

'സൈബര്‍ ട്രക്ക്' എന്നറിയപ്പെടുന്ന ഓള്‍-ഇലക്ട്രിക് പിക്കപ്പ് വാഹനം ആദ്യമായി വേദിയില്‍ അവതരിപ്പിച്ച സംഭവം വലിയ നാണക്കേടായി മാറിയതിന്റെ ആഘാതത്തില്‍ ടെസ്ല മേധാവി ഇലോണ്‍ മസ്‌ക്. ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ആണ് വാഹനത്തിന്റേതെന്ന അവകാശവാദം നിറഞ്ഞ സദസ്സിന് മുന്നില്‍ ഒരു ലോഹപ്പന്തു കൊണ്ടുള്ള ഏറില്‍ തരിപ്പണമായി.

ഒമ്പത് എംഎം ഹാന്‍ഡ്ഗണ്ണില്‍ നിന്നുള്ള വെടിയുണ്ടയെ ചെറുക്കും താനിറക്കുന്ന സൈബര്‍ട്രക്കിന്റെ ഗ്ലാസുകളെന്നാണ് മസ്‌ക് പറഞ്ഞിരുന്നത്. ഇതിന്റെ ലോഹ നിര്‍മിത ബോഡിയും യാത്രക്കാര്‍ക്ക് സമ്പൂര്‍ണ സമ്പൂര്‍ണ സംരക്ഷണം നല്‍കുമെന്ന് അവകാശപ്പെട്ടിരുന്നു.2003 ല്‍ കമ്പനി സ്ഥാപിതമായതിനുശേഷം ടെസ്ലയുടെ ആറാമത്തെ വാഹനമാണിത്. കുറഞ്ഞ വില 39,900 ഡോളര്‍. വിചിത്രമാണിതിന്റെ രൂപകല്‍പന.

അവതരണവേളയില്‍ സൈബര്‍ ട്രക്കിന്റെ ഡോറില്‍ ചുറ്റിക കൊണ്ടുള്ള അടിയേറ്റിട്ടും നേരിയ അടയാളം പോലും ഉണ്ടായില്ല. തുടര്‍ന്ന് വിന്‍ഡോ ഗ്ലാസില്‍ ലോഹ പന്ത് എറിയാന്‍ കമ്പനിയുടെ ചീഫ് ഡിസൈനറായ ഫ്രാന്‍സ് വോണ്‍ ഹോള്‍ഷോസെനെയാണ് മസ്‌ക് നിയോഗിച്ചത്. എന്നാല്‍ മുന്നിലെ വിന്‍ഡോ ഗ്ലാസ് ആദ്യ ഏറില്‍ തന്നെ തകര്‍ന്നതുകണ്ട് ഇലോണ്‍ മസ്‌കിന്റെ വായില്‍ നിന്ന് ആദ്യം പുറത്തുവന്നത് ഒരു അശ്‌ളീല വാക്കിന്റെ കാല്‍ ഭാഗം. തുടര്‍ന്നു പൂരിപ്പിച്ചു:'ഓ ദൈവമേ...'. ഏറിന് അമിതവേഗമായിരുന്നതാകാം കാരണമെന്ന് വിശദീകരിക്കാനുള്ള വിഫലശ്രമവുമുണ്ടായി.

'ഒന്നുകൂടി എറിഞ്ഞ് നോക്കാം അല്ലേ?' എന്ന് ഹോള്‍ ഷൗസന്‍ മസ്‌കിനോട് ആരാഞ്ഞു. അദ്ദേഹം അനുവാദം നല്‍കി. പക്ഷേ, വേഗം കുറച്ചുള്ള രണ്ടാമത്തെ ഏറില്‍ പിന്‍ വശത്തെ ഡോര്‍ വിന്‍ഡോ ഗ്ലാസും തകര്‍ന്നു. 'ചില്ലു പൊളിച്ച് പന്ത് അപ്പുറം പോയില്ലല്ലോ, അത് ഒരു നല്ല കാര്യം തന്നെ.' - ഒടുവില്‍ മസ്‌ക് പ്രതികരിച്ചതിങ്ങനെ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT