ടെസ്‌ല മോട്ടോര്‍സിന്റെ മോഡല്‍ 3ക്ക് ഇന്ത്യക്കാര്‍ നല്‍കിയ ബുക്കിംഗ് പണം തിരികെ നല്‍കി കമ്പനി. ഇന്ത്യന്‍ വിപണിയിലേക്കുള്ള ടെസ്‌ലയുടെ ഔദ്യോഗിക അരങ്ങേറ്റം അധികം വൈകില്ലെന്നതിന്റെ സൂചനയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2016 മുതലാണ് ടെസ്‌ലയുടെ മോഡല്‍ 3ക്ക് ഇന്ത്യയില്‍ ബുക്കിംഗ് സ്വീകരിച്ചിരുന്നത്. ഈ മോഡല്‍ ടെസ്‌ല ഇപ്പോള്‍ നിര്‍മിക്കുന്നില്ല. തത്കാലത്തേക്ക് ബുക്കിംഗ് പണം തിരിച്ചുനല്‍കുകയാണെന്നും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ശേഷം മറ്റ് കാര്യങ്ങള്‍ അറിയിക്കുമെന്നുമാണ് കമ്പനി ഉപയോക്താക്കള്‍ക്ക് അയച്ച ഇ-മെയിലില്‍ പറയുന്നത്.
ഏറെക്കാലമായി ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാനുള്ള ശ്രമങ്ങള്‍ ടെസ്‌ല മോട്ടോര്‍സ് നടത്തുന്നുണ്ടെങ്കിലും ഇറക്കുമതി വാഹനങ്ങള്‍ക്കുള്ള ഉയര്‍ന്ന നികുതി മൂലം നടന്നിരുന്നില്ല. എന്നാല്‍ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധം തുടങ്ങിയതോടെ ഇറക്കുമതി വാഹനങ്ങളുടെ നികുതി കുറക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ. ഇതുവഴി അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതോടെയാണ് ടെസ്‌ലയുടെ ഇന്ത്യന്‍ വരവിന് കളമൊരുങ്ങിയത്. തീരുവ കാര്യത്തില്‍ സമവായത്തിലെത്തിയാല്‍ ഉടന്‍ ഇന്ത്യന്‍ വിപിണിയിലെത്തുമെന്ന് ടെസ്‌ലയുടെ ഇന്ത്യന്‍ പ്രതിനിധികളും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുംബൈയിലെ തന്ത്രപ്രധാനമായ സ്ഥലത്ത് ഷോറൂം വാടകക്ക് എടുത്ത ടെസ്‌ല അവരുടെ ചില മോഡലുകള്‍ ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.
ടെസ്‌ലയുടെ മോഡല്‍ വൈ (Model Y) എന്ന കാര്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങള്‍ ഓട്ടോമൊബൈല്‍ വെബ്‌സൈറ്റുകളാണ് പുറത്തുവിട്ടത്. അന്താരാഷ്ട്ര വിപണിയിലുള്ള മോഡല്‍ വൈയുടെ ഫേസ്‌ലിഫ്റ്റ് മോഡലായിരിക്കും ഇന്ത്യയിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര വിപണിയില്‍ രണ്ട് വേരിയന്റുകളാണ് കമ്പനി പുറത്തിറക്കുന്നത്. റിയല്‍ വീല്‍ ഡ്രൈവ് സംവിധാനമുള്ള മോഡല്‍ 719 കിലോമീറ്ററും ഡ്യുവല്‍ മോട്ടോര്‍ ഓള്‍വീല്‍ ഡ്രൈവ് മോഡല്‍ 662 കിലോമീറ്ററും റേഞ്ച് നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം. രണ്ട് വേരിയന്റുകളും 250 കിലോവാട്ട് (kW) ഡി.സി ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യുന്നവയാണ്. അതായത് 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 250 കിലോമീറ്റര്‍ ഓടാമെന്ന് സാരം. ഏകദേശം 55 മുതല്‍ 75 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ ഇന്ത്യയിലെ വിലയെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine