ടെസ്‌ലയുടെ കാര്‍ ഏതാനും ദിവസം മുമ്പ് ഇന്ത്യയില്‍ ഇതാദ്യമായി വിറ്റു. മഹാരാഷ്ട്രയിലെ ഗതാഗത മന്ത്രി പ്രതാപ് സര്‍നായിക്കാണ് വെള്ളിയാഴ്ച മോഡല്‍-വൈ ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യത്തെ കസ്റ്റമറായത്. ബുക്ക് ചെയ്ത് രണ്ടുമാസം കാത്തിരുന്ന ശേഷമാണ് വാഹനം സ്വന്തമാക്കാന്‍ മന്ത്രിക്ക് കഴിഞ്ഞത്. ടെസ്‌ലയുടെ ആദ്യത്തെ ഷോറൂം മുംബൈയില്‍ ജൂലൈ 15നാണ് തുറന്നത്. രണ്ടു മാസം കൊണ്ട് ഇന്ത്യയില്‍ 600 പേര്‍ ടെസ്‌ല കാറിന് ബുക്ക് ചെയ്തിട്ടുണ്ട്. അതായത് ശരാശരി 300 കാറിന്റെ പ്രതിമാസ ബുക്കിംഗ്. മോഡല്‍ വൈക്ക് റോഡ് നികുതിയും മറ്റു ഫീസുകളും കൂടാതെ ശരാശരി 60 ലക്ഷം രൂപയാണ് ഇന്ത്യയിലെ വില. ദീര്‍ഘദൂര വേരിയന്റിന് 69 ലക്ഷത്തോളം വരും. ജി.എസ്.ടി ഇളവുകള്‍ സാധാരണ കാറുകള്‍ക്ക് കിട്ടുമെങ്കിലും ടെസ്‌ല അടക്കം പ്രീമിയം വാഹനങ്ങള്‍ക്ക് ജി.എസ്.ടി 28ല്‍ നിന്ന് 40 ശതമാനമായി വര്‍ധിക്കുകയാണ് ചെയ്തത്.
ഇന്ത്യന്‍ വിപണി പിടിക്കാനുള്ള പരിശ്രമത്തില്‍ മുംബൈയിലും ഡല്‍ഹിയിലും ടെസ്‌ല ഷോറൂം തുറന്നതിനിടയില്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്. എന്താണ് ലോകസമ്പന്നന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ലയെന്ന മുന്തിയ ഇനം ഇലക്ട്രിക് വാഹനത്തിന് അമേരിക്കയില്‍ ഇപ്പോഴുള്ള ഡിമാന്റ്? 2017നു ശേഷം ടെസ്‌ലയുടെ വിപണി വിഹിതം യു.എസില്‍ ഏറ്റവും താഴെ എത്തിയിരിക്കുന്നു എന്നാണ് ഉത്തരം. മത്‌സരം മുറുകുമ്പോള്‍ പുതിയ കമ്പനികള്‍ക്കും വേരിയന്റുകള്‍ക്കും പിന്നാലെ പോവുകയാണ് വാഹന പ്രേമികള്‍ എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ടെസ്‌ലയേക്കാള്‍ കൂടുതല്‍ ഇളവുകള്‍ എതിരാളികളായ ഹ്യുണ്ടായ്, ഹോണ്ട, കിയ, ടൊയോട്ട, വോക്‌സ്‌വാഗണ്‍ തുടങ്ങിയവ ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. വിപണി സ്വാധീനം നേടുകയും ചെയ്യുന്നു. ടെസ്‌ലക്കാകട്ടെ, പ്രഖ്യാപിച്ച നവീകരണമൊന്നും വാഹനത്തിന് വരുത്താന്‍ കഴിഞ്ഞിട്ടുമില്ല.
ടെസ്‌ല ഇലക്ട്രിക് കാറുകളുടെ വില്‍പന അമേരിക്കയില്‍ എട്ടു വര്‍ഷത്തിനിടയില്‍ ഏറ്റവും താഴെയാണ് നില്‍ക്കുന്നത്. ഓഗസ്റ്റില്‍ ടെസ്‌ലയുടെ വിപണി വിഹിതം ഇതാദ്യമായി 40 ശതമാനത്തില്‍ താഴേക്കു പോയി. 38 ശതമാനം എന്നാണ് ഓഗസ്റ്റിലെ കണക്ക്. ജൂണിലെ 49 ശതമാനത്തില്‍ നിന്നാണ് ജൂലൈയില്‍ 42ലേക്ക് താഴ്ന്നതെന്നും കാണണം. മറ്റു കമ്പനികള്‍ പുതിയ ഇലക്ട്രിക് കാറുകള്‍ ഇറക്കുമ്പോള്‍ ടെസ്‌ല റോബോടാക്‌സികള്‍ക്കു പിന്നാലെയായിരുന്നു. ഇതോടെ ചെലവു കുറഞ്ഞ ഇലക്ട്രിക് കാറുകള്‍ക്കുള്ള പദ്ധതി വൈകി. മോഡല്‍-വൈ ടെസ്‌ലയുടെ മികച്ച വില്‍പനയുള്ള കാറാണ്. അതില്‍ ഇടക്ക് പരിഷ്‌കാരങ്ങള്‍ വരുത്തി നോക്കിയെങ്കിലും വിപണിയുടെ പ്രതീക്ഷക്ക് ഒത്തതായില്ല. സൈബര്‍ ട്രക്ക്, മോഡല്‍ വൈ എസ്.യു.വി എന്നിവയും 'ക്ലച്ച്' പിടിച്ചില്ല. ഇതിനെല്ലാമിടയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ടെസ്‌ലയുടെ വില്‍പന ഇടിഞ്ഞു കൊണ്ടിരിക്കുന്നത്. കാര്‍ വിപണിയില്‍ പുതിയ ഇനങ്ങള്‍ അവതരിപ്പിക്കാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നാണ് ഈ മേഖലയിലെ ആഗോള വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനൊപ്പം ഇലോണ്‍ മസ്‌ക് രാഷ്ട്രീയം കളിക്കാനിറങ്ങിയതും ടെസ്‌ലയെന്ന ബ്രാന്‍ഡിനെ ദോഷകരമായി ബാധിച്ചു. രാഷ്ട്രീയ കളിക്കൊടുവില്‍ ട്രംപുമായി തെറ്റി പിരിയുകയും ചെയ്തു. ടെസ്‌ലയുടെ വില്‍പന ഇടിഞ്ഞെങ്കിലും യു.എസിലെ ഇലക്ട്രിക് വാഹന വില്‍പന ജുലൈയില്‍ 1.28 ലക്ഷം യൂണിറ്റുകളാണ്. ഇത് 24 ശതമാനം വര്‍ധനയാണ് കാണിക്കുന്നത്. വിപണി വിഹിതം കുറഞ്ഞെങ്കിലും ടെസ്‌ലയുടെ വില്‍പനയില്‍ 7 ശതമാനം വര്‍ധനവുണ്ട് എന്ന് മസ്‌കിന് ആശ്വസിക്കാം. എന്നാല്‍ യു.എസ് കാര്‍ വിപണി 14 ശതമാനം വളര്‍ച്ച കാണിച്ചപ്പോഴാണിത്.
കാര്‍ വിപണിയിലെ മുന്‍നിരക്കാരായ ടെസ്‌ലക്ക് വില്‍പന കൂട്ടാനും പ്രീമിയം ഇനങ്ങളില്‍ മേധാവിത്തം നിലനിര്‍ത്താനും വര്‍ഷങ്ങളായി കഴിഞ്ഞിരുന്നു. അതുവഴി ലാഭവും കൂടിക്കൂടി വന്നു. എന്നാല്‍ വില്‍പന ഇടിയുകയും മത്‌സരം മുറുകുകയും ചെയ്തതോടെ ലാഭം കുറഞ്ഞു. മാര്‍ജിന്‍ കുറച്ചു കൊണ്ട് വില കുറക്കാനും നിര്‍ബന്ധിതമായത് ടെസ്‌ല കമ്പനിയുടെ നിക്ഷേപകരെ അസ്വസ്ഥരാക്കിയിട്ടുമുണ്ട്. ടെസ്‌ലയേക്കാള്‍ വളര്‍ച്ച നേടാന്‍ എതിരാളികള്‍ക്ക് കഴിയുന്നു എന്നതാണ് ഇപ്പോഴത്തെ നില.
Read DhanamOnline in English
Subscribe to Dhanam Magazine