Image courtesy: tesla.com
Auto

ടെസ്‍ല ഇന്ത്യയിലെത്തിക്കുക ഈ മോഡലുകള്‍, ചൈനയില്‍ നിന്ന് ഇറക്കുമതി വേണ്ട എന്നതിന് ഇതും കാരണം

ആദ്യഘട്ടത്തില്‍ ടെസ്‍ല ഇന്ത്യയിലെത്തിക്കുക ഇറക്കുമതി ചെയ്യുന്ന കാറുകള്‍

Dhanam News Desk

ടെസ്‍ല ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശക്തമായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇലക്ട്രിക്ക് കാറുകള്‍ക്ക് ജനങ്ങളുടെ ഇടയില്‍ പ്രിയം വര്‍ധിച്ചു വരുന്നതും ബൃഹത്തായ ഇന്ത്യന്‍ വിപണിയും ടെസ്‍ലയെ ഇന്ത്യന്‍ വിപണിയില്‍ കാലെടുത്തു വെക്കാന്‍ മോഹിപ്പിക്കുന്ന ഘടകങ്ങളാണ്. അന്താരാഷ്ട്ര വിപണിയില്‍ ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റഴിക്കുന്ന കമ്പനിയും ഇലോണ്‍ മസ്കിന്റെ നേതൃത്വത്തിലുളള ടെസ്‍ലയാണ്.

യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ എത്തിയത്, ട്രംപിനെ വലിയ രീതിയില്‍ പിന്തുണയ്ക്കുന്ന മസ്കിന് അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ സ്വീകാര്യത നല്‍കുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ യു.എസ് സന്ദര്‍ശനത്തില്‍ മസ്കുമായി കൂടിക്കാഴ്ച നടത്താന്‍ പ്രത്യേകം ശ്രദ്ധിച്ചതാണ് ടെസ്‍ല കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ അധികം താമസിക്കില്ല എന്ന വിലയിരുത്തുകള്‍ക്ക് അടിസ്ഥാനം.

നയതന്ത്ര ബന്ധം മികച്ചതല്ല

ഏപ്രിലോട് കൂടി ടെസ്‍ല ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുമെന്നാണ് കരുതുന്നത്. ആദ്യഘട്ടത്തില്‍ ഇറക്കുമതി ചെയ്യുന്ന കാറുകളായിരിക്കും കമ്പനി ഇന്ത്യയില്‍ വിറ്റഴിക്കുക. ചൈന, ജര്‍മ്മനി എന്നിവിടങ്ങളില്‍ കമ്പനിക്ക് നിര്‍മ്മാണ യൂണിറ്റുകളുണ്ട്. എന്നാല്‍ ചൈനയില്‍ നിന്നുളള കാറുകള്‍ ഇന്ത്യയിലേക്ക് മസ്ക് കൊണ്ടുവരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയും ചൈനയും തമ്മില്‍ നയതന്ത്ര ബന്ധം അത്ര മികച്ചതല്ല എന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതാണ് ജര്‍മ്മന്‍ ടെസ്‍ല കാറുകളായിരിക്കും ഇന്ത്യയിലെത്തുക എന്ന വാദഗതിക്ക് ശക്തി പകരുന്നത്.

രണ്ടാം ഘട്ടത്തില്‍ ഇന്ത്യയില്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കാനും ടെസ്‍ലയ്ക്ക് പദ്ധതിയുണ്ട്. ഇതിനായി പല സംസ്ഥാനങ്ങളും ഇതിനോടകം താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് ടെസ്‍ലയുടെ ഫാക്ടറികള്‍ സ്ഥാപിക്കാന്‍ താല്‍പ്പര്യവുമായി മുൻനിരയിലുളളത്.

അതേസമയം യൂറോപ്പിലെ ഏറ്റവും നൂതനമായ നിർമ്മാണ സൗകര്യങ്ങളിലുളള ഫാക്ടറിയുളള ബെർലിൻ ബ്രാൻഡൻബർഗിലുള്ള യൂണിറ്റില്‍ നിന്ന് മോഡൽ 3, ​​മോഡൽ വൈ എന്നീ ടെസ്‍ല കാറുകളാണ് മസ്ക് ഇന്ത്യയിലെത്തിക്കുക എന്നാണ് കരുതുന്നത്. 25,000 ഡോളറിന് (ഏകദേശം 22 ലക്ഷം രൂപ) മുകളിലാണ് ഇവയുടെ വില. ഇന്ത്യന്‍ വിപണിക്കായി വിലയില്‍ കുറവ് വരുത്തുന്നതിനായി മോഡലുകളുടെ സ്പെസിഫിക്കേഷനുകളില്‍ മാറ്റം വരുത്തുന്ന കാര്യവും കമ്പനി പരിഗണിക്കും.

വലിയ റേഞ്ച്

ടെസ്‍ല കാറുകള്‍ കൂടി എത്തുന്നതോടെ ഇലക്ട്രിക്ക് വാഹന വിപണിയില്‍ വിപ്ലവകരമായ മാറ്റങ്ങളായിരിക്കും ഇന്ത്യന്‍ വിപണി സാക്ഷ്യം വഹിക്കുക. വലിയ റേഞ്ചും ഗുണനിലവാരവുമാണ് ടെസ്‍ല കാറുകളെ ജനങ്ങള്‍ക്ക് പ്രിയങ്കരമാക്കുന്നത്. 511 കിലോമീറ്റര്‍ റേഞ്ച് മോഡൽ 3 വാഗ്ദാനം ചെയ്യുമ്പോള്‍, മോഡൽ വൈ 598 കിലോമീറ്ററാണ് റേഞ്ച് അവകാശപ്പെടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT