ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ടെസ്‌ല അടുത്ത ആഴ്ച ഇന്ത്യയിൽ ആദ്യ ഷോറൂം തുറക്കുന്നു. ടെസ്‌ലയുടെ ഇലക്ട്രിക് കാറുകൾക്കായുള്ള പുതിയ ഷോറൂം ജൂലൈ 15 ന് മുംബൈയിൽ തുറക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. മുംബൈയിലെ ജിയോ വേൾഡ് ഡ്രൈവിലായിരിക്കും ഷോറൂം ഉദ്ഘാടനം ചെയ്യുക. ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയാണ് ഇന്ത്യ.
യൂറോപ്പിലും ചൈനയിലും വിൽപ്പനയിൽ ഇടിവ് നേരിടുന്ന സമയത്താണ് ഇന്ത്യയിലേക്കുള്ള ടെസ്‌ലയുടെ കടന്നുവരവ്. കമ്പനിയുടെ ചൈനീസ് പ്ലാന്റിൽ നിർമ്മിച്ച മോഡൽ വൈ എസ്‌യുവികളായിരിക്കും ടെസ്‌ല ആദ്യം ഇന്ത്യയില്‍ അവതരിപ്പിക്കുകയെന്നാണ് കരുതുന്നത്. ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഇലക്ട്രിക് വാഹനമാണ് നിലവിൽ മോഡൽ വൈ. ഈ വാഹനങ്ങൾക്ക് 27.7 ലക്ഷം രൂപയാണ് (31,988 ഡോളര്‍) വില. തുടക്കത്തിൽ ടെസ്‌ല പൂർണമായും നിർമ്മിച്ച കാറുകൾ ഇറക്കുമതി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തില്‍ ഇന്ത്യയില്‍ നിര്‍മ്മാണം ആരംഭിക്കാന്‍ മസ്കിന് പദ്ധതികളില്ല.
അതേസമയം കാറുകള്‍ക്ക് ഉയര്‍ന്ന ഇറക്കുമതി തീരുവ ഇന്ത്യ ഈടാക്കുന്നത് ടെസ്‌ലക്ക് വെല്ലുവിളിയാണ്. ഉയർന്ന ഇറക്കുമതി താരിഫും പിന്നീട് കാറിന്റെ വിൽപ്പനയ്ക്ക് ചുമത്തുന്ന നികുതിയും വാഹനങ്ങളുടെ വില വലിയ തോതില്‍ വർദ്ധിപ്പിക്കും. ഡൽഹിയിലും ബംഗളൂരുവിലും അടുത്ത് തന്നെ ഓഫീസ് തുറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.
അതേസമയം, ടെസ്‌ലയുടെ ഷോറൂം ഉദ്ഘാടന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ ഓഹരി വിപണിയില്‍ ഇന്ത്യന്‍ വാഹന നിര്‍മ്മാണ കമ്പനികള്‍ക്ക് തിരിച്ചടി നേരിട്ടു. രാവിലത്തെ വ്യാപാരത്തില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓഹരി 2.40 ശതമാനം ഇടിഞ്ഞ് 3,087 രൂപയിലെത്തി. നിഫ്റ്റി ഓട്ടോ സൂചിക 1.32 ശതമാനം നഷ്ടം രേഖപ്പെടുത്തി. ടെസ്‌ലയുടെ പ്രവേശനം ഇന്ത്യയിലെ ഇലക്ട്രിക് ഓട്ടോമൊബൈല്‍ മേഖലയിലെ മത്സര തീവ്രത വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Tesla to open its first showroom in India on July 15 in Mumbai, intensifying competition in the electric vehicle sector.
Read DhanamOnline in English
Subscribe to Dhanam Magazine