image credit : United State Secret service 
Auto

ചലിക്കുന്ന കൊട്ടാരം, മിസൈലിനെ പോലും തടുക്കും, ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വാഹനം! ട്രംപിന്റെ ബീസ്റ്റ് കാറിന്റെ വിശേഷങ്ങള്‍

ആവശ്യമെങ്കില്‍ നൂക്ലിയാര്‍ ലോഞ്ച് കോഡുകള്‍ പോലും പ്രയോഗിക്കാവുന്ന തരത്തിലുള്ള ആശയ വിനിമയ സംവിധാനങ്ങളാണ് വാഹനത്തിലുള്ളത്

Dhanam News Desk

കഴിഞ്ഞ ദിവസം 47ാമത് യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേറ്റെടുക്കുമ്പോള്‍ വണ്ടിഭ്രാന്തന്മാരുടെ കണ്ണുടക്കിയത് ലോകത്തിലെ ഏറ്റവും സുരക്ഷിതമെന്ന് വിശേഷിപ്പിക്കുന്ന കാഡിലാക് വണ്‍ എന്ന അമേരിക്കന്‍ സ്റ്റേറ്റ് കാറിലാണ്. അമേരിക്കന്‍ സീക്രട്ട് സര്‍വീസിന് മാത്രം അറിയാവുന്ന നിരവധി രഹസ്യ ഫീച്ചറുകള്‍ ഒളിപ്പിച്ച ബീസ്റ്റ് എന്ന് വിളിപ്പേരുള്ള വാഹനത്തിലാണ് വണ്ടിഭ്രാന്തന്‍ കൂടിയായ ഡൊണാള്‍ഡ് ട്രംപിന്റെ യാത്ര. രഹസ്യാന്വേഷണ ഏജന്‍സിയുടെ നിര്‍ദ്ദേശാനുസരണം ജനറല്‍ മോട്ടോഴ്‌സാണ് വാഹനം നിര്‍മിച്ചത്. എവിടെയാണ് ഇത് നിര്‍മിക്കുന്നതെന്നും ആരൊക്കെയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇപ്പോഴും പൊതുസമൂഹത്തിന് അജ്ഞാതം. മിസൈല്‍ ആക്രമണത്തെപ്പോലും ചെറുക്കാന്‍ സംവിധാനങ്ങളുള്ള ട്രംപിന്റെ കറുത്ത ചെകുത്താന്റെ കഥ.

സുരക്ഷയില്‍ നമ്പര്‍ വണ്‍

1963ല്‍ യു.എസ് പ്രസിഡന്റായിരുന്ന ജോണ്‍ എഫ് കെന്നഡിയെ വധിച്ചതോടെയാണ് അമേരിക്കന്‍ പ്രസിഡന്റുമാരുടെ ഔദ്യോഗിക വാഹനം അടച്ചുറപ്പുള്ളതാക്കിയത്.പിന്നീട് പ്രസിഡന്റുമാര്‍ മാറി വന്നതിന് അനുസരിച്ച് വാഹനങ്ങളിലെ സുരക്ഷാ സംവിധാനങ്ങളും അപ്‌ഗ്രേഡായി. 9,000ത്തോളം കിലോഗ്രാം ഭാരമുള്ള ഒരു സൈനിക ടാങ്കാണ് ശരിക്കും യു.എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനം. കാഡിലാക് എസ്‌കലേഡ് എക്‌സ്.ടി 6 എന്ന മോഡലിനോട് സാദൃശ്യം തോന്നുന്ന രൂപം. ഒരേസമയം ഏഴ് പേര്‍ക്ക് സഞ്ചരിക്കാം. രാസായുധ പ്രയോഗം, സൈബര്‍ ആക്രമണം തുടങ്ങി എല്ലാ വിധത്തിലുള്ള ഭീഷണികളില്‍ നിന്നും പ്രസിഡന്റിനെ സംരക്ഷിക്കാന്‍ വേണ്ട സംവിധാനങ്ങള്‍ വാഹനത്തിലുണ്ട്. ഇനി ഏതെങ്കിലും രീതിയില്‍ പ്രസിഡന്റിന് പരിക്കേറ്റാല്‍ അടിയന്തര ചികിത്സ നല്‍കാന്‍ സമാന ഗ്രൂപ്പിലുള്ള ബ്ലഡ് ബാഗുകളും ഓക്‌സിജന്‍ ടാങ്കുകളും വരെ വാഹനത്തിലുണ്ട്.

2018ല്‍ പുറത്തിറങ്ങിയ മൂന്നാം തലമുറ ബീസ്റ്റ് ജി.എം മോട്ടോര്‍സിന്റെ ഹെവിഡ്യൂട്ടി ട്രക്കായ ഷെവര്‍ലറ്റ് കോഡിയാക്കിന്റെ പ്ലാറ്റ്‌ഫോമിലാണ് നിര്‍മിച്ചിരിക്കുന്നത്. സ്റ്റീല്‍, അലൂമിനിയം തുടങ്ങിയ ആര്‍മേര്‍ഡ് ഗ്രേഡ് വസ്തുക്കളാണ് വാഹനത്തിന്റെ ബോഡിക്ക് കരുത്തേകുന്നത്. സുരക്ഷക്കായി സ്‌മോക്ക് സ്‌ക്രീന്‍, ബുള്ളറ്റ് പ്രൂഫ് വിന്‍ഡോസ്, പഞ്ചറാകാത്ത ടയറുകള്‍, നൈറ്റ് വിഷന്‍, ബോംബ് പ്രതിരോധ സംവിധാനം തുടങ്ങിയ നിരവധി ഫീച്ചറുകള്‍.

പ്രസിഡന്റിനൊപ്പം പറക്കും

പോട്ടസ് എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന അമേരിക്കന്‍ പ്രസിഡന്റ് ലോകത്തിന്റെ ഏത് കോണിലെത്തിയാലും സഞ്ചരിക്കുന്നതും ബീസ്റ്റ് വണ്ടിയിലാണ്. ഈ വാഹനങ്ങളെത്തിക്കാന്‍ ബോയിംഗ് സി17 ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങളും റെഡിയാണ്. അമേരിക്കന്‍ പതാകയും പ്രസിഡന്‍ഷ്യല്‍ ഫ്‌ളാഗുമാണ് സാധാരണ വാഹനത്തിലുണ്ടാകുന്നത്. വിദേശത്ത് എത്തിയാല്‍ ആതിഥേയ രാജ്യത്തിന്റെ പതാകയും വാഹനത്തിലുണ്ടാകും.

ആവശ്യമെങ്കില്‍ നൂക്ലിയാര്‍ ലോഞ്ച് കോഡുകള്‍ പോലും പ്രയോഗിക്കാവുന്ന തരത്തിലുള്ള ആശയ വിനിമയ സംവിധാനങ്ങളാണ് വാഹനത്തിലുള്ളത്. പ്രസിഡന്റിന്റെ വാഹനവ്യൂഹത്തില്‍ ഒന്നിലധികം ബീസ്റ്റ് വണ്ടികളുണ്ടാകും. കൂടെ നിരവധി സ്‌പെഷലൈസ്ഡ് വാഹനങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ടാകും. അടിയന്തര ഘട്ടങ്ങളില്‍ വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ പോലും ചെയ്യാന്‍ പരിശീലനം നേടിയവരാണ് ഇവര്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT