ഇന്ത്യന്‍ ഇരുചക്ര ഇലക്ട്രിക വാഹന വിപണിയില്‍ രാജകീയ അരങ്ങേറ്റത്തിന് വിയറ്റ്നാമീസ് വാഹന നിര്‍മാതാക്കളായ വിന്‍ഫാസ്റ്റ് (VinFast). അടുത്ത വര്‍ഷം ആദ്യം ഇന്ത്യന്‍ വിപണിക്കായി മൂന്നു മോഡലുകള്‍ പുറത്തിറക്കാനാണ് പദ്ധതി.
വിയറ്റ്നാമില്‍ വില്‍ക്കുന്ന ഇവോ (Evo), ക്യോ (Kyo), കിനെറ്റ് (Kinet) എന്നീ മോഡലുകളെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ സ്കൂട്ടറുകള്. ഈ മൂന്ന് മോഡലുകളും ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനാണ് കമ്പനിയുടെ തീരുമാനം.
വിയറ്റ്നാമില്‍ വില്‍ക്കുന്ന മോഡലുകളാണെങ്കിലും ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ രൂപമാറ്റം വരുത്തിയാകും വില്‍ക്കുക. ഇന്ത്യന്‍ റോഡുകളുടെ സ്വഭാവവും ഉപഭോക്താക്കളുടെ ആവശ്യങ്ങളും പരിഗണിച്ച് രൂപകല്‍പ്പനയിലും ഷാസിയിലും കാര്യമായ മാറ്റങ്ങള്‍ വരുത്തും. ഗ്രൗണ്ട് ക്ലിയറന്‍സ് വര്‍ധിപ്പിക്കുക, സീറ്റിനടിയിലെ സ്റ്റോറേജ് സൗകര്യം മെച്ചപ്പെടുത്തുക തുടങ്ങിയവയ്ക്കാണ് ഊന്നല്‍ നല്‍കുക.
ഇന്ത്യയിലെത്തുമ്പോള്‍ മോഡലുകളുടെ പേരുകളിലും മാറ്റമുണ്ടായേക്കുമെന്നാണ് സൂചന. ബാറ്ററി ശേഷി, മോട്ടോര്‍ കരുത്ത്, റേഞ്ച് എന്നീ കാര്യങ്ങളില്‍ ഇന്ത്യന്‍ മോഡലുകളില്‍ വ്യത്യാസം വന്നേക്കും.
വിന്‍ഫാസ്റ്റിന്റെ മൂന്ന് സ്കൂട്ടറുകളില്‍ ഏറ്റവും കുറഞ്ഞ വിലയുള്ള മോഡലാണ് ഇവോ. മണിക്കൂറില്‍ 70 കിലോമീറ്റര്‍ പരമാവധി വേഗവും ഒറ്റ ചാര്‍ജില്‍ 165 കിലോമീറ്റര്‍ റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്. എല്‍സിഡി ഡിസ്പ്ലേ, ഫ്രണ്ട് ഡിസ്ക് ബ്രേക്ക്, 12 ഇഞ്ച് വീലുകള്‍, മൊബൈല്‍ ആപ്പ് വഴിയുള്ള വാഹന ട്രാക്കിംഗ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. വിയറ്റ്നാമില്‍ ഇവോയുടെ പ്രാരംഭ വില ഇന്ത്യന്‍ രൂപയില്‍ ഏകദേശം 68,000 ആണ്. ഇന്ത്യയിലെ വില കമ്പനി പ്രഖ്യാപിച്ചിട്ടില്ല.
കുടുംബങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചുള്ള മോഡലാണ് ക്യോ. ഒറ്റ ചാര്‍ജില്‍ 160 കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. 14 ഇഞ്ച് വീലുകള്‍, 21 ലിറ്റര്‍ സീറ്റിനടിയിലെ സ്റ്റോറേജ്, ടിഎഫ്ടി ഡിസ്പ്ലേ, കീലെസ് സംവിധാനം, ഹില്‍ ഹോള്‍ഡ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. രണ്ട് ബാറ്ററികളും പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ ഏകദേശം നാലര മണിക്കൂര്‍ ആവശ്യമാണ്. വിയറ്റ്നാമില്‍ ഏകദേശം 1.09 ലക്ഷം രൂപയാണ് വില.
കൂടുതല്‍ കരുത്തും വേഗവും ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടുള്ള മോഡലാണ് കിനെറ്റ്. 5.2 കിലോവാട്ട് പരമാവധി കരുത്തുള്ള മോട്ടോറാണ് ഇതിന്റെ പ്രധാന സവിശേഷത. മണിക്കൂറില്‍ 90 കിലോമീറ്റര്‍ പരമാവധി വേഗം കൈവരിക്കാനാകും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ ആറു സെക്കന്‍ഡില്‍ താഴെ സമയം മതി. ഒറ്റ ചാര്‍ജിലെ റേഞ്ച് 145 കിലോമീറ്ററാണ്. 22 ലിറ്റര്‍ സ്റ്റോറേജ് സൗകര്യവും ലഭിക്കും. വിയറ്റ്നാമിലെ വില ഇന്ത്യന്‍ രൂപയില്‍ ഏകദേശം 1.45 ലക്ഷമാണ്.
2025ല്‍ വിഎഫ് 6 (VF 6), വി.എഫ് 7 (VF 7) ഇലക്ട്രിക് എസ്യുവികള് അവതരിപ്പിച്ചാണ് വിന്‍ഫാസ്റ്റ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. ഇന്ത്യയില്‍ ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിക്കുന്നുണ്ടെങ്കിലും മത്സരം ശക്തമാണ്. നിലവില്‍ ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക്, ഏഥര്‍, ഒല ഇലക്ട്രിക് എന്നീ കമ്പനികളുമായാണ് വിന്‍ഫാസ്റ്റിന് മത്സരിക്കേണ്ടിവരിക.
Read DhanamOnline in English
Subscribe to Dhanam Magazine