image credit : canva 
Auto

2026ല്‍ ഇന്ത്യന്‍ റോഡുകള്‍ മാറും; അഞ്ച് വമ്പന്‍ കാര്‍ ലോഞ്ചുകള്‍ റെഡി, ഏതൊക്കെയെന്ന് അറിയേണ്ടേ?

പുതുക്കിയ ഡിസൈന്‍, കൂടുതല്‍ സ്മാര്‍ട്ട് ടെക്നോളജി, ഇലക്ട്രിക് പവര്‍ട്രെയിന്‍ എന്നിവയുമായി നിരവധി ബ്രാന്‍ഡുകള്‍ പുതിയ മോഡലുകള്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്

Dhanam News Desk

ഇന്ത്യന്‍ വാഹന വിപണി വലിയൊരു വഴിത്തിരിവിലേക്ക്. 2025ല്‍ ടെസ്റ്റിംഗ് മോഡലുകളും സ്‌പൈ ഷോട്ടുകളും മാത്രം കണ്ട ആരാധകര്‍ക്ക്, 2026 യഥാര്‍ഥ ലോഞ്ചുകളുടെ വര്‍ഷമാകും. പുതുക്കിയ ഡിസൈന്‍, കൂടുതല്‍ സ്മാര്‍ട്ട് ടെക്നോളജി, ഇലക്ട്രിക് പവര്‍ട്രെയിന്‍ എന്നിവയുമായി നിരവധി ബ്രാന്‍ഡുകള്‍ ഏറെ വൈകാതെ ഇന്ത്യന്‍ ഷോറൂമുകളില്‍ പുതിയ മോഡലുകള്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്.

SUV വിഭാഗത്തില്‍ നിന്ന് EV രംഗത്തേക്ക് വരെ നീളുന്ന ഈ ലിസ്റ്റ്, 2026ല്‍ കാര്‍ വാങ്ങാന്‍ ആലോചിക്കുന്നവര്‍ക്കായി വലിയ ആവേശമാണ് സൃഷ്ടിക്കുന്നത്. 2026ല്‍ നടക്കാന്‍ പോകുന്നുവെന്ന് ഉറപ്പായ ഇന്ത്യയിലെ അഞ്ച് പ്രധാന കാര്‍ ലോഞ്ചുകള്‍ ഇവയാണ്.

കിയ സെല്‍റ്റോസ് - ജനുവരി 2

2026ലെ ആദ്യ വലിയ ലോഞ്ച് കിയ സെല്‍റ്റോസ് ആയിരിക്കും. പുതുക്കിയ ഫ്രണ്ട് ഡിസൈന്‍, പുതിയ LED ലൈറ്റിംഗ്, ഡിജിറ്റല്‍ അപ്ഗ്രേഡുകളുള്ള ഇന്റീരിയര്‍ എന്നിവയാണ് പ്രധാന ഹൈലൈറ്റുകള്‍. കോംപാക്ട് SUV സെഗ്മെന്റില്‍ സ്‌റ്റൈലിനും ഫീച്ചറുകള്‍ക്കും പ്രാധാന്യം നല്‍കുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ സെല്‍റ്റോസ് എത്തുന്നത്.

മഹീന്ദ്ര XUV 7XO - ജനുവരി 5

XUV700ന് പകരക്കാരനായി എത്തുന്ന മഹീന്ദ്ര XUV 7XO, ഇലക്ട്രിക് മോഡലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനും ആധുനിക കാബിന്‍ ടെക്നോളജിയും കൊണ്ടാണ് ശ്രദ്ധ നേടുന്നത്. വിശ്വാസ്യത തെളിയിച്ച മെക്കാനിക്കല്‍ അടിസ്ഥാനങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുള്ള ഈ അപ്ഡേറ്റ്, മഹീന്ദ്ര ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്.

റിനോ ഡസ്റ്റര്‍ (ന്യൂജന്‍) - ജനുവരി 26

ഒരുകാലത്ത് ഇന്ത്യന്‍ SUV വിപണിയെ തന്നെ മാറ്റിയ റിനോ ഡസ്റ്റര്‍ പുതിയ രൂപത്തില്‍ തിരിച്ചെത്തുന്നു. കൂടുതല്‍ കരുത്തുള്ള ഡിസൈന്‍, നവീകരിച്ച ഫീച്ചറുകള്‍, ADAS പോലുള്ള സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയാണ് പ്രധാന സവിശേഷതകള്‍. റിപ്പബ്ലിക് ഡേ വാരാന്ത്യത്തിലെ ഈ ലോഞ്ച്, ഡസ്റ്ററിന്റെ പഴയ ആരാധകരെ വീണ്ടും ആകര്‍ഷിക്കുമെന്ന പ്രതീക്ഷയിലാണ് വിപണി.

മാരുതി സുസുക്കി ഇ-വിറ്റാര - ജനുവരി 2026

പെട്രോള്‍-ഡീസല്‍ മോഡലുകള്‍ക്കൊപ്പം ഇലക്ട്രിക് ചുവട് വെപ്പ് ശക്തമാക്കുകയാണ് മാരുതി സുസുക്കി. കമ്പനിയുടെ ആദ്യ ഇലക്ട്രിക് SUVയായ ഇ-വിറ്റാര, രണ്ട് ബാറ്ററി ഓപ്ഷനുകളോടെയും മികച്ച റേഞ്ചോടെയുമാണ് എത്തുക. ഇന്ത്യയിലെ EV വിപണി കൂടുതല്‍ മാസ് സെഗ്മെന്റിലേക്കു നീങ്ങുന്നതിന്റെ വ്യക്തമായ അടയാളമാണ് ഈ ലോഞ്ച്.

ടാറ്റ സിയറ EV - 2026ന്റെ ആദ്യ പകുതി

ടാറ്റ സിയറ, ഇലക്ട്രിക് അവതാരത്തില്‍ വരുകയാണ്. പുതിയ EV പ്ലാറ്റ്ഫോമില്‍ നിര്‍മ്മിക്കുന്ന സിയറ EV, ശക്തമായ റേഞ്ചും ആധുനിക ഡിസൈനുമാണ് വാഗ്ദാനം ചെയ്യുന്നത്. നൊസ്റ്റാള്‍ജിയയും നെക്സ്റ്റ്-ജെന്‍ ടെക്നോളജിയും ഒരുമിക്കുന്ന ഈ മോഡല്‍, EV ആരാധകരുടെ ലിസ്റ്റില്‍ മുന്‍പന്തിയിലായിരിക്കും.

പുതിയ സെല്‍റ്റോസും ഡസ്റ്ററും മുതല്‍ പൂര്‍ണമായും ഇലക്ട്രിക് മോഡലുകളായ ഇ-വിറ്റാരയും സിയറ EVയും വരെ, 2026ലെ ലോഞ്ചുകള്‍ ഇന്ത്യന്‍ വാഹന വിപണി വലിയ മാറ്റത്തിലേക്ക് കടക്കുന്നുവെന്നാണ് കാണിക്കുന്നത്. കൂടുതല്‍ ചോയ്‌സുകള്‍, പുതിയ ടെക്നോളജി, ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ശക്തമായ നീക്കം - 2026 കാര്‍ വാങ്ങാന്‍ ആലോചിക്കുന്നവര്‍ക്ക് നല്ലൊരു വര്‍ഷമായിരിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT