Auto

പ്രതിദിനം 273 വാഹനങ്ങള്‍ നിര്‍മിക്കും, വര്‍ഷം ഒരുലക്ഷം, തുടക്കത്തില്‍ ജോലി 3,000 പേര്‍ക്ക്; ഇന്ത്യയില്‍ നാലാം ഫാക്ടറിയുമായി ടൊയോട്ട

പുതിയ ഫാക്ടറി കൂടി വരുന്നതോടെ ആകെ പ്രൊഡക്ഷന്‍ കപ്പാസിറ്റി പ്രതിവര്‍ഷം അഞ്ചുലക്ഷം യൂണിറ്റുകളായി ഉയരും.

Dhanam News Desk

ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്‍ ഇന്ത്യയില്‍ പുതിയ ടെയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഫാക്ടറി സ്ഥാപിക്കുന്നു. 2029ന്റെ ആദ്യ പകുതിയില്‍ ഉത്പാദനം ലക്ഷ്യമിട്ടുള്ള ഫാക്ടറിയില്‍ വര്‍ഷം തോറും ഒരു ലക്ഷം വാഹനങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കും. ഇന്ത്യയിലും അനുബന്ധ വിപണികളിലേക്കുള്ള വാഹനങ്ങളാകും ഇവിടെ നിര്‍മിക്കുക. മഹാരാഷ്ട്രയിലെ ബിഡ്കിന്‍ ഇന്‍ഡസ്ട്രീയല്‍ ഏരിയയിലാകും ഫാക്ടറി വരിക.

ഫാക്ടറിയുടെ തുടക്കത്തില്‍ 2,800 പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഇന്ത്യയിലെ കമ്പനിയുടെ നാലാമത്തെ ഫാക്ടറിയാകും ഇത്. ഈ പ്രൊഡക്ഷന്‍ യൂണിറ്റിന്റെ ആകെ നിക്ഷേപം എത്രയാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഇന്ത്യന്‍ വിപണി നിര്‍ണായകം

ഇന്ത്യയില്‍ വലിയ വിപണി സാധ്യതയാണ് ടൊയോട്ട കാണുന്നത്. കമ്പനിയുടെ മൂന്നാമത്തെ വലിയ വിപണിയാണ് ഇന്ത്യ. മഹാരാഷ്ട്രയിലെ ഫാക്ടറിയിലാകും പുതിയ മോഡല്‍ എസ്.യു.വി കമ്പനി പുറത്തിറക്കുക. ഇന്ത്യയ്ക്ക് പുറമേ ആഫ്രിക്കന്‍ മാര്‍ക്കറ്റുകളിലേക്കുള്ള കയറ്റുമതിയും ഇവിടെ നിന്നാകും.

മഹാരാഷ്ട്രയിലും കര്‍ണാടകയിലുമാണ് ടൊയോട്ടയ്ക്ക് നിലവില്‍ ഇന്ത്യയില്‍ ഫാക്ടറികളുള്ളത്. പുതിയ ഫാക്ടറി കൂടി വരുന്നതോടെ ആകെ പ്രൊഡക്ഷന്‍ കപ്പാസിറ്റി പ്രതിവര്‍ഷം അഞ്ചുലക്ഷം യൂണിറ്റുകളായി ഉയരും.

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ വില്പന കഴിഞ്ഞ സാമ്പത്തികവര്‍ഷം 19 ശതമാനം വര്‍ധിച്ചിരുന്നു. 3,88,801 യൂണിറ്റുകളാണ് ഇന്ത്യയില്‍ വിറ്റത്. കയറ്റുമതിയില്‍ 42 ശതമാനം വര്‍ധനയും രേഖപ്പെടുത്തിയിരുന്നു.

മറ്റ് ആഗോള വിപണികളില്‍ ചൈനീസ് വാഹന നിര്‍മാതാക്കളില്‍ നിന്ന് കനത്ത മത്സരമാണ് ടൊയോട്ട നേരിടുന്നത്. ഇന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നതും ഇക്കാര്യമാണ്.

ഏപ്രിലില്‍ രാജ്യത്ത് ആകെ വിറ്റത് 26,11,317 വാഹനങ്ങളാണ്. മുന്‍ വര്‍ഷത്തെ 23,12,221 യൂണറ്റുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ 13 ശതമാനത്തിന്റെ വര്‍ധന. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്റെ (FADA) കണക്കുപ്രകാരം ചരിത്രത്തിലെ ഏറ്റവും മികച്ച ഏപ്രില്‍ വില്പനയാണ് കഴിഞ്ഞ മാസം നടന്നത്.

ഇരുചക്ര വാഹന വിപണി 13 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മുച്ചക്ര വാഹന വിപണിയില്‍ കുതിപ്പ് 7.19 ശതമാനമാണ്. പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗത്തില്‍ 12.21 ശതമാനമായി വില്പന ഉയര്‍ന്നു. കൊമേഴ്സ്യല്‍ വാഹനങ്ങളുടെ വിഭാഗത്തില്‍ 15 ശതമാനവും ട്രാക്ടറുകളുടെ വിഭാഗത്തില്‍ 23.22 ശതമാനവും വളര്‍ച്ച കൈവരിക്കാന്‍ വിപണിക്ക് സാധിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT