ഇന്ത്യയില്‍ തങ്ങളുടെ ആദ്യത്തെ പൂര്‍ണ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ച് ടൊയോട്ട. ഒറ്റ ചാര്‍ജില്‍ 543 കിലോമീറ്റര്‍ വരെ റേഞ്ച് നല്കുന്ന ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ എബെല്ല (Urban Cruiser Ebella) എന്നു പേരിട്ടിരിക്കുന്ന ഈ മോഡലിന്റെ വരവ് ഇന്ത്യയില്‍ ഇവി മത്സരത്തില്‍ വഴിത്തിരിവ് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മാരുതി സുസൂക്കി ഇ വിറ്റാരയുടെ റീബാഡ്ജ് പതിപ്പാണിത്. ഇവി കൂടി എത്തിയതോടെ പെട്രോള്‍, ഡീസല്‍, ഹൈബ്രിഡ്, ഇലക്ട്രിക് മോഡലുകളും ടൊയോട്ട ഇന്ത്യയുടെ പോര്‍ട്ട്‌ഫോളിയോയെ വിശാലമാക്കുന്നു.
ടൊയോട്ടയ്ക്ക് സുരക്ഷ ഒരു പ്രധാന ഘടകമാണ്. ഇവി മോഡലിലും ഇതിലൊരു വിട്ടുവീഴ്ച്ചയ്ക്ക് കമ്പനി മുതിര്‍ന്നിട്ടില്ല. 7 എയര്‍ബാഗുകളും ഡിസ്‌ക് ബ്രേക്കുകളും 360-ഡിഗ്രി ക്യാമറ, ലെവല്‍ 2 എഡിഎഎസ് (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം) എന്നിവ ഉള്‍പ്പെടുന്നു.
അഞ്ച് മോണോടോണ്‍ കളര്‍ ഓപ്ഷനുകളും നാല് ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളും ലഭ്യമാണ്. ആദ്യത്തേതില്‍ കഫേ വൈറ്റ്, ബ്ലൂയിഷ് ബ്ലാക്ക്, ഗെയിമിംഗ് ഗ്രേ, സ്‌പോര്‍ട്ടിന്‍ റെഡ്, എന്റൈസിംഗ് സില്‍വര്‍ എന്നിവ ഉള്‍പ്പെടുന്നു. അര്‍ബന്‍ ക്രൂയിസര്‍ ഇബെല്ലയിലെ ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളില്‍ കഫേ വൈറ്റ്, ലാന്‍ഡ് ബ്രീസ് ഗ്രീന്‍, സ്‌പോര്‍ട്ടിന്‍ റെഡ്, എന്റൈസിംഗ് സില്‍വര്‍ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.
8 വര്‍ഷ ബാറ്ററി വാറണ്ടി, തുടക്കത്തില്‍ രാജ്യത്താകെ 500 ഇവി ടച്ച്‌പോയിന്റുകളും കമ്പനി ഉറപ്പു നല്കുന്നു. 60 ശതമാനം ബൈബാക്ക് സ്‌കീമുകളും ഇവി പ്രേമികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. കറുപ്പ്, തവിട്ട് നിറങ്ങള്‍ ഉള്‍പ്പെട്ട ഡ്യൂവല്‍ ടോണ്‍ ഇന്റീരിയറാണുള്ളത്.
49 Kwh, 61 kwh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ അര്‍ബന്‍ ക്രൂയിസര്‍ എബെല്ല ലഭിക്കും. 61 kwh ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ 171.6 എച്ച്പി ഇലക്ട്രിക് മോട്ടോറാണ് ഉപയോഗിക്കുന്നത്. ചെറിയ വേരിയന്റില്‍ 106 എച്ച്പി ഇലക്ട്രിക് മോട്ടോറാണുള്ളത്.
പനോരമിക് സണ്‍റൂഫ്, 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, വെന്റിലേറ്റഡ് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജര്‍, ജെബിഎല്‍ സൗണ്ട് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, ക്ലൈമറ്റ് കണ്‍ട്രോള്‍ ഫീച്ചറുകളും പ്രത്യേകതയാണ്. 25,000 രൂപ ടോക്കണ്‍ തുക നല്‍കി ഇലക്ട്രിക് എസ്യുവി ബുക്ക് ചെയ്യാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine