Auto

ഏത് ജനറേഷനും ചേരും! പുത്തന്‍ ഇ.വി സ്‌കൂട്ടറുമായി ടി.വി.എസ്, ഒറ്റച്ചാര്‍ജില്‍ 158 കിലോമീറ്റര്‍

ന്യൂജനറേഷനൊപ്പം കുടുംബ ഉപയോക്താക്കളെയും ലക്ഷ്യമിട്ടെത്തുന്ന വാഹനത്തില്‍ സെഗ്‌മെന്റില്‍ ആദ്യമായി അവതരിപ്പിക്കുന്ന നിരവധി നൂതന ഫീച്ചറുകളുമുണ്ട്

Dhanam News Desk

കേരള വിപണിയില്‍ തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ ഓര്‍ബിറ്റര്‍ അവതരിപ്പിച്ച് ടിവിഎസ് മോട്ടോര്‍ കമ്പനി. ന്യൂജനറേഷനൊപ്പം കുടുംബ ഉപയോക്താക്കളെയും ലക്ഷ്യമിട്ടെത്തുന്ന വാഹനത്തില്‍ സെഗ്‌മെന്റില്‍ ആദ്യമായി അവതരിപ്പിക്കുന്ന നിരവധി നൂതന ഫീച്ചറുകളുമുണ്ട്. പി.എം ഇ-ഡ്രൈവ് സബ്‌സിഡി ഉള്‍പ്പെടെ 1,04,600 രൂപയാണ് കൊച്ചിയിലെ എക്‌സ് ഷോറൂം വില.

പ്രധാന സവിശേഷതകള്‍

ഒറ്റ ചാര്‍ജില്‍ 158 കിലോമീറ്റര്‍ ഐ.ഡി.സി. (IDC) റേഞ്ച് നല്‍കാന്‍ ഓര്‍ബിറ്ററിന് കഴിയും 3.1 കിലോവാട്ട് അവര്‍ ശേഷിയുള്ള ബാറ്ററി ചാര്‍ജ് ചെയ്യാന്‍ നാല് മണിക്കൂറും 10 മിനിറ്റും വേണം. വലിയ വാഹനങ്ങളില്‍ മാത്രം കണ്ടുവരുന്ന ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനവുമുണ്ട്. രണ്ട് ഹെല്‍മെറ്റുകള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ 34 ലിറ്റര്‍ ബൂട്ട് സ്പെയ്സാണ് വാഹനത്തിലുള്ളത്. വീട്ടുസാധനങ്ങള്‍ വാങ്ങിയാല്‍ കൊണ്ടുവരാന്‍ മറ്റൊരു വാഹനം ആവശ്യമില്ലെന്ന് അര്‍ത്ഥം.

14 ഇഞ്ച് വലിപ്പമുള്ള മുന്‍ വീല്‍ മികച്ച ഗ്രിപ്പും സൗകര്യവും ഉറപ്പാക്കുന്നു. ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, പാര്‍ക്കിങ് അസിസ്റ്റ്, റിവേഴ്‌സ് മോഡ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ട്. മികച്ച ഡിജിറ്റല്‍ അനുഭവമൊരുക്കുന്ന ആധുനിക കണക്റ്റഡ് സംവിധാനങ്ങളാണ് ഓര്‍ബിറ്ററിന്റെ മറ്റൊരു പ്രത്യേകത. കൂട്ടിയിടി, മോഷണം, നിശ്ചിത പ്രദേശത്തിന് പുറത്തു പോകല്‍ തുടങ്ങിയവ സംബന്ധിച്ച മുന്നറിയിപ്പുകള്‍ മൊബൈല്‍ ആപ്പ് വഴി റൈഡര്‍ക്ക് ലഭിക്കും. ടേണ്‍-ബൈ-ടേണ്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സ്മാര്‍ട്ട് നാവിഗേഷന്‍ സംവിധാനം, എല്‍.ഇ.ഡി. ഡിജിറ്റല്‍ ക്ലസ്റ്ററില്‍ ഇന്‍കമിങ് കോള്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യം എന്നിവയും ശ്രദ്ധേയമാണ്.

കൂടുതല്‍ റേഞ്ചിനായി റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനമുള്ള ഇക്കോ മോഡ്, മികച്ച പ്രകടനത്തിനായി പവര്‍ മോഡ് എന്നിവയും സ്‌കൂട്ടറിലുണ്ട്. വിശാലമായ 845 മില്ലിമീറ്റര്‍ ഫ്ളാറ്റ്ഫോം സീറ്റും 290 മില്ലിമീറ്റര്‍ സ്‌ട്രെയ്റ്റ്-ലൈന്‍ ഫൂട്ബോര്‍ഡും റൈഡര്‍ക്കും പിന്നിലിരിക്കുന്നവര്‍ക്കും പരമാവധി ലെഗ് സ്പെയ്സും യാത്രാസുഖവും ഉറപ്പാക്കുന്നു.

ആകര്‍ഷകമായ നിറങ്ങള്‍

നിയോണ്‍ സണ്‍ബേസ്റ്റ്, സ്ട്രാറ്റോസ് ബ്ലൂ, ലൂണാര്‍ ഗ്രേ, സ്റ്റെല്ലര്‍ സില്‍വര്‍, കോസ്മിക് ടൈറ്റാനിയം, മാര്‍ഷ്യന്‍ കോപ്പര്‍ എന്നിങ്ങനെ ആറ് ആകര്‍ഷകമായ നിറങ്ങളില്‍ ടി.വി.എസ്. ഓര്‍ബിറ്റര്‍ ലഭ്യമാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT