Uber school canva
Auto

സ്‌കൂളുകളിലും യൂബര്‍ സേവനം; 35 % ചാര്‍ജ് കുറവ്; ദുബൈയില്‍ സര്‍വീസ് തുടങ്ങി

റിയല്‍ ടൈം ട്രിപ്പ് ട്രാക്കിംഗ്, കൃത്യസമയങ്ങളിലെ സേവനം, കുറഞ്ഞ യാത്രാ ചെലവ് എന്നിവയാണ് പ്രത്യേകതകള്‍

Dhanam News Desk

സ്‌കൂള്‍ കുട്ടികളിലേക്ക് സേവനം വിപുലീകരിച്ച് യൂബര്‍. കുട്ടികള്‍ക്കായി സ്റ്റുഡന്റ് അക്കൗണ്ട് തുടങ്ങിയാണ് ദുബൈയില്‍ യൂബര്‍ പുതിയ മേഖലയിലേക്ക് കടന്നിരിക്കുന്നത്. ഇതിനായി ദുബൈ റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടിയുമായി കരാറായി. കുട്ടികള്‍ക്ക് കുറഞ്ഞ ചെലവില്‍ സുരക്ഷിത യാത്ര ഒരുക്കുന്നതാണ് പുതിയ പദ്ധതിയെന്ന് കമ്പനി അവകാശപ്പെടുന്നു. യൂബര്‍ സ്‌കൂള്‍ എന്നാണ് പുതിയ സേവനം അറിയപ്പെടുന്നത്.

സേവനം എട്ടു വയസ് മുതല്‍

എട്ടു വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് സ്‌കൂളില്‍ പോകുന്നതിന് യൂബറിന്റെ സേവനം ലഭിക്കുക. നിലവില്‍ യൂബര്‍ നടപ്പാക്കുന്ന ടീന്‍സ് അക്കൗണ്ടുമായി ബന്ധിപ്പിച്ചുള്ളതാണ് പുതിയ സേവനം. മക്കള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ യൂബറിന്റെ ടീന്‍സ് അക്കൗണ്ട് എടുക്കണം. തുടര്‍ന്ന് സ്ഥിരമായി കുട്ടികളെ സ്‌കൂളില്‍ അയക്കുന്നതിനായി റൈഡുകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ചേര്‍ക്കാം. കൃത്യസമയങ്ങളിലെ മികച്ച സേവനമാണ് യൂബര്‍ വാഗ്ദാനം ചെയ്യുന്നത്.

പോര്‍ട്ടലിന്റെ പ്രത്യേകതകള്‍

നിലവിലുള്ള സ്‌കൂള്‍ വാഹനങ്ങളുടെ നിരക്കുകളേക്കാള്‍ 35 ശതമാനം കുറഞ്ഞ നിരക്കുകളാണ് സ്ഥിരം ഉപയോക്താക്കള്‍ക്ക് കമ്പനി ഓഫര്‍ ചെയ്യുന്നത്. 10 ട്രിപ്പുകള്‍ക്ക് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഈ ഇളവ്. റിയല്‍ ടൈം ട്രിപ്പ് ട്രാക്കിംഗ് സംവിധാനത്തിലൂടെ കുട്ടികള്‍ എവിടെയെത്തി എന്ന് അറിയാന്‍ രക്ഷിതാക്കള്‍ക്ക് സൗകര്യമുണ്ട്. ജോലിക്കാരായ മാതാപിതാക്കള്‍ക്ക് ഓഫീസില്‍ ഇരുന്ന് കുട്ടികളുടെ യാത്രകള്‍ അറിയാം. യൂബര്‍ ഡ്രൈവറുടെ വിവരങ്ങള്‍, ഓഡിയോ റെക്കോര്‍ഡിംഗ് തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്.

പ്രയോജനം എന്ത്?

നിലവില്‍ സ്‌കൂള്‍ ബസുകളോ സ്വകാര്യ വാഹനങ്ങളോ ഉപയോഗിക്കുന്നവര്‍ക്ക് യൂബര്‍ കൂടുതല്‍ സൗകര്യപ്രദവും സുരക്ഷതവുമാകുമെന്ന് ദുബൈ റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി പ്ലാനിംഗ് വിഭാഗം ഡയറക്ടര്‍ ആദില്‍ ഷക്കേരി പറയുന്നു. വിശ്വസിക്കാവുന്നതും സുരക്ഷിതവും ഫ്‌ളെക്‌സിബിളുമായ ഓപ്ഷനാണ് ഇതെന്നും അദ്ദേഹം കുട്ടിച്ചേര്‍ക്കുന്നു. കുട്ടികളുടെ സ്‌കൂള്‍ യാത്ര സംബന്ധിച്ച് രക്ഷിതാക്കള്‍ക്കുള്ള ആശങ്കകള്‍ കുറക്കുന്നതിന് ഈ സേവനം സഹായിക്കുമെന്ന് യൂബര്‍ കമ്യൂണിക്കേഷന്‍ മേധാവി കാരിന്‍ ആരിഫ് വ്യക്തമാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT