Auto

ഷോക്ക് വേവ്സ് ഫ്രം ആള്‍ട്രാവയലറ്റ്! പ്രീ ബുക്കിംഗിലും റെക്കോഡിട്ട് ടെസറാക്ട്

ലോഞ്ച് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ തന്നെ 20,000 ബുക്കിംഗ് നേടിയെടുക്കാന്‍ ടെസറാക്റ്റിന് കഴിഞ്ഞിട്ടുണ്ട്.

Suresh Narayanan

വളരെ ചുരുങ്ങിയ കാലയളവില്‍ ഓട്ടോമൊബൈല്‍ മേഖലയില്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിഞ്ഞ ഒരു കമ്പനിയാണ് അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ്. 2022ല്‍ ലോഞ്ച് ചെയ്ത ആദ്യ വാഹനമായ ആള്‍ട്രാവയലറ്റ് എഫ് 77 എന്ന ഇലക്ട്രിക് ബൈക്ക് വളരെയേറെ പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ ഇലക്ട്രിക് സ്‌കൂട്ടര്‍ സെഗ്മന്റിലേക്കും ഇറങ്ങുകയാണ് ആള്‍ട്രാവയലറ്റ്!

അള്‍ട്രാവയലറ്റ് ടെസറാക്റ്റ്!

20ല്‍ പരം വര്‍ഷങ്ങളായി സ്‌കൂട്ടര്‍ ഡിസൈനില്‍ ശ്രദ്ധേയമായ മാറ്റം ഒന്നോ രണ്ടോ സ്‌കൂട്ടറുകളില്‍ മാത്രമാണ് കാണാന്‍ കഴിഞ്ഞിട്ടുള്ളത്. അതിന് കാരണം സ്‌കൂട്ടറിനെ ജീവിത ശൈലിയില്‍പ്പെടുന്ന ഒന്നായിട്ടല്ല നാം കാണുന്നത്. മറിച്ച്, ഒരു നിത്യോപയോഗ സാധനമായി മാറിയിരിക്കുകയാണത്. അതിനൊരു മാറ്റമായാണ് അള്‍ട്രാവയലറ്റ് ടെസറാക്റ്റ് വരുന്നത്. അത്യാധുനിക സവിശേഷതളും ടെക്‌നോളജിയുമായി സ്‌കൂട്ടര്‍ സെഗ്മന്റിലേക്ക് ആള്‍ട്രാവയലറ്റ് ആദ്യ കാല്‍വെയ്പ്പ് നടത്തുന്നത് ടെസറാക്ക്റ്റ് എന്ന ഇലക്ട്രിക് മാക്‌സി സ്‌കൂട്ടറുമായാണ്. ലോഞ്ച് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ തന്നെ 20,000 ബുക്കിംഗ് നേടിയെടുക്കാന്‍ ടെസറാക്റ്റിന് കഴിഞ്ഞിട്ടുണ്ട്.

കാഴ്ചയില്‍

കട്ടുകളും ക്രീസുകളും സമന്വയിക്കുന്ന അള്‍ട്രാ മോഡേണ്‍ ഡിസൈന്‍ നിരത്തുകളില്‍ ശ്രദ്ധ ആകര്‍ഷിക്കും എന്നതില്‍ സംശയമില്ല. പ്രൊജക്റ്റര്‍ ഹെഡ് ലൈറ്റും ഫ്‌ളോട്ടിംഗ് ഡിഅര്‍എല്ലും അതിന് മുകളിലായി കൊടുത്തിരിക്കുന്ന ക്യാമറ ലെന്‍സും ചിത്രശലഭത്തിന്റെ ചിറകുകള്‍ പോലെയുള്ള ഫെയറിംഗും ചേര്‍ന്ന് സയന്‍സ് ഫിക്ഷന്‍ സിനിമയായ ട്രാന്‍സ്‌ഫോര്‍മേഴ്സിലെ കഥാപാത്രങ്ങളെ ഓര്‍മപ്പെടുത്തുന്നു.

ഫീച്ചറുകളും സൗകര്യവും

കസ്റ്റമൈസ് ചെയ്യാവുന്ന യൂസര്‍ ഇന്റര്‍ഫേസുള്ള ഏഴ് ഇഞ്ച് ഹൈ കോണ്‍ട്രാസ്റ്റ് ടിഎഫ്ടി ഡിസ്‌പ്ലേയില്‍ റിയല്‍ ടൈം ഡയറക്ഷന്‍ തരുന്ന നാവിഗേഷന്‍ സിസ്റ്റമാണുള്ളത്. സ്‌കൂട്ടറുകളില്‍ ആദ്യമായി മുന്നിലും പിന്നിലും ഇന്റഗ്രേറ്റഡ് ഡാഷ്‌കാം, വയര്‍ലസ് ഫോണ്‍ ചാര്‍ജിംഗ്, സുരക്ഷയ്ക്കായി ഡ്യുവല്‍ ഹൈഡ്രോളിക് ഡിസ്‌ക് ബ്രേക്ക്, 14 ഇഞ്ച് വീലുകള്‍, മുന്നിലുള്ള റോഡ് സ്‌കാന്‍ ചെയ്ത് തടസങ്ങളെക്കുറിച്ച് റൈഡര്‍ക്ക് വിവരങ്ങള്‍ നല്‍കുന്ന റഡാര്‍, രണ്ട് മോഡുകളില്‍ ട്രാക്ഷന്‍ കണ്ട്രോള്‍, ബ്രേക്ക് ചെയ്യുമ്പോള്‍ ബാറ്ററി റീചാര്‍ജ് ആകുന്ന നാല് ലെവല്‍ ഡൈനാമിക് റീജനറേഷന്‍, ഡ്യുവല്‍ ചാനല്‍ എബിഎസ്, കയറ്റങ്ങളില്‍ നിര്‍ത്തുമ്പോള്‍ പിന്നിലേക്ക് ഉരുളാതെ നോക്കുന്ന ഹില്‍ ഹോള്‍ഡ്, കൂടാതെ പാര്‍ക്ക് അസിസ്റ്റ് എന്നിവയാണ് പ്രധാനപ്പെട്ടവ. സ്ഥലസൗകര്യത്തില്‍ ഒരു ഫുള്‍ ഫേസ് ഹെല്‍മറ്റ് ഉള്‍ക്കൊള്ളാവുന്ന 34 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജ് ആണ് ടെസറാക്റ്റില്‍ കൊടുത്തിരിക്കുന്നത്.

പെര്‍ഫോമന്‍സ്

ഒറ്റ ചാര്‍ജില്‍ 261 കിലോമീറ്റര്‍ റേഞ്ച് തരുമെന്ന് അവകാശപ്പെടുന്ന ആറ് കിലോവാട്ട് അവര്‍ എസ്അര്‍ബി-6 ബാറ്ററി പായ്ക്കാണ് ടെസറാക്റ്റിന് ഊര്‍ജം നല്‍കുന്നത്. ഇത് ഉല്‍പ്പാദിപ്പിക്കുന്ന പവര്‍ 20 ബിഎച്ച്പി ആണ്. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ എത്താന്‍ വെറും 2.9 സെക്കന്‍ഡ് മതിയാകുന്ന ഈ സ്‌കൂട്ടറിന്റെ ടോപ്പ് സ്പീഡ് മണിക്കൂറില്‍ 125 കിലോമീറ്റര്‍ ആണ്. എട്ട് വര്‍ഷം അല്ലെങ്കില്‍, രണ്ട് ലക്ഷം കിലോമീറ്റര്‍ ആണ് ബാറ്ററിക്ക് അള്‍ട്രാവയലറ്റ് തരുന്ന വാറണ്ടി. ഡെസര്‍ട്ട് സാന്റ, സോണിക് പിങ്ക്, സോളാര്‍ വൈറ്റ്, സ്റ്റെല്‍ത്ത് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ഉള്ള ആള്‍ട്രാവയലറ്റ് ടെസറാക്റ്റിന്റെ എക്‌സ് ഷോറൂം വില 1,45,000 രൂപയാണ്. 999 രൂപ നല്‍കി പ്രീ ബുക്കിംഗ് ചെയ്യുന്ന ആദ്യത്തെ 50,000 പേര്‍ക്ക് 1,20,000 രൂപയ്ക്ക് ഈ സ്‌കൂട്ടര്‍ ലഭിക്കും. 2026 ജനുവരിയില്‍ ഡെലിവറി തുടങ്ങും.

അള്‍ട്രാവയലറ്റ് ഷോക്ക് വേവ്!

ലൈറ്റ് മോട്ടോര്‍ സൈക്കിള്‍ പ്ലാറ്റ്‌ഫോമില്‍ രണ്ട് സ്‌ട്രോക്ക് എഞ്ചിന്റെ ഓര്‍മ പുതുക്കാനായി എന്ന് അവകാശപ്പെട്ടുകൊണ്ട് അള്‍ട്രാ വയലറ്റ് പുറത്തിറക്കുന്ന ഇലക്ട്രിക് ഡെര്‍ട്ട് ബൈക്ക് ആണ്, 'ഫണ്‍ഡുറൊ' എന്ന ചെല്ലപ്പേരുള്ള ഷോക്ക് വേവ്. സാധാരണയായി ഡെര്‍ട്ട് ബൈക്കുകള്‍ റോഡ് ലീഗല്‍ അല്ല, എന്നാല്‍ ഷോക്ക് വേവ് റോഡ് ലീഗല്‍ ആണ് എന്നുള്ളതാണ് ഈ ബൈക്കിന്റെ പ്രത്യേകത.

കാഴ്ചയില്‍

ക്ലിയര്‍ വൈസറിനകത്ത് ടേസ്റ്റ്ഫുള്ളി ഡിസൈന്‍ ചെയ്ത അലുമിനിയം സപ്പോര്‍ട്ടില്‍ ഒന്നിന് താഴെ ഒന്നായി ഫിറ്റ് ചെയ്തിരിക്കുന്ന ട്വിന്‍ പ്രൊജക്റ്റര്‍ ഹെഡ് ലാമ്പ്, സ്‌ട്രെയിറ്റ് ഹാന്‍ഡ്ല്‍ ബാര്‍, കാര്‍ട്രിഡ്ജ് സസ്‌പെന്‍ഷന്‍ എന്നിവ ചേര്‍ന്ന് ബൈക്കിന്റെ മുന്‍വശം നേരിയതും തലയെടുപ്പുള്ളതും ആക്കുന്നു. ചാസ്സിയില്‍ ആണ് ഇലക്ട്രിക് മോട്ടര്‍ ഘടിപ്പിച്ചിരിക്കുന്നത്. അതിനെ വീലുമായി ചെയിന്‍ വഴി ബന്ധിപ്പിച്ചിരിക്കുന്നു. ഡെര്‍ട്ട് ബൈക്കുകള്‍ സിംഗിള്‍ സീറ്റ് ആയിരിക്കും. എന്നാല്‍ ഷോക്ക് വേവില്‍ ട്വിന്‍ സീറ്റ് ആണ് ഉള്ളത്.

ഫീച്ചറുകള്‍

അഞ്ച് ഇഞ്ച് ടിഎഫ്ടി സ്‌ക്രീന്‍, 200 എംഎം ട്രാവല്‍ ഉള്ള 3 എംഎം കാര്‍ട്രിഡ്ജ് ടൈപ് സസ്‌പെന്‍ഷന്‍ മുന്നിലും 180 എംഎം വീല്‍ ട്രാവല്‍ ഉള്ള മോണോഷോക്ക് അബ്‌സോര്‍ബെര്‍ പിന്നിലും, 19 ഇഞ്ച് സ്‌പോക് വീല്‍ മുന്നിലും 17 ഇഞ്ച് സ്‌പോക് വീല്‍ പിന്നിലും കൊടുത്തിരിക്കുന്നു. മുന്നില്‍ 270 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 220 എംഎം ഡിസ്‌ക് ബ്രേക്കുമാണുള്ളത്. സുരക്ഷയ്ക്കായി നാല് മോഡുകള്‍ ഉള്ള ട്രാക്ഷന്‍ കണ്‍ട്രോള്‍, ഒരു നോബ് തിരിച്ച് മാറ്റാവുന്ന ഡ്യുവല്‍ എബിഎസ്, ബ്രേക്ക് ചെയ്യുമ്പോള്‍ ബാറ്ററി ചാര്‍ജ് ആകുന്ന ആറ് ലെവലുകള്‍ ഉള്ള ഡൈനാമിക് റീജനറേഷന്‍ എന്നിവയാണ് പ്രധാനപ്പെട്ട ഫീച്ചറുകള്‍.

പെര്‍ഫോമന്‍സ്

പവര്‍ ടു വെയ്റ്റ് റേഷിയോ എന്നത് വളരെ പ്രധാനപ്പെട്ട ഘടകമാണ്. ഇതില്‍ ഉണ്ടാകുന്ന വ്യതിയാനം വാഹനത്തിന്റെ പ്രവര്‍ത്തന ശേഷിയേയും സ്ഥിരതയേയും ഇന്ധനക്ഷമതയേയും നല്ലതായും മോശമായും ബാധിക്കും. അതിനാല്‍ സന്തുലിതാവസ്ഥ അനിവാര്യമാണ്. അള്‍ട്രാവയലറ്റ് ഷോക്ക് വേവിന്റെ ഭാരം 120 കിലോഗ്രാം മാത്രമാണ്. ഈ വസ്തുത ഏത് തരത്തിലാണ് ബൈക്കിനെ ബാധിക്കുന്നത് എന്ന് അറിയാന്‍ റൈഡ് റിവ്യൂവിനായി കാത്തിരിക്കുക.

14.5 ഹോഴ്‌സ് പവറും 505 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും ആണ് ഇലക്ട്രിക് മോട്ടര്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇതിന്റെ ഭലം ത്രില്ലിംഗ് ആയിരിക്കും എന്നതില്‍ ശംസയമില്ല. മണിക്കൂറില്‍ 120 കിലോമീറ്റര്‍ സ്പീഡ് വരെ എത്തുന്ന ഷോക്ക് വേവ് തരുന്ന റേഞ്ച് ഫുള്‍ ചാര്‍ജില്‍ 165 കിലോമീറ്റര്‍ ആണെന്ന് അള്‍ട്രാവയലറ്റ് അവകാശപ്പെടുന്നു. കോസ്മിക് ബ്ലാക്ക്, ഫ്രോസ്റ്റ് വൈറ്റ് എന്നിങ്ങനെ രണ്ട് നിറങ്ങള്‍ ഉള്ള ആള്‍ട്രാവയലറ്റ് ഷോക്ക് വേവിന്റെ എക്‌സ് ഷോറൂം വില തുടങ്ങുന്നത് 1,75,000 രൂപയില്‍ നിന്നാണ്. പ്രീ ബുക്ക് ചെയ്യുന്ന ആദ്യത്തെ 1,000 വാഹനങ്ങള്‍ 1,49,999 രൂപയ്ക്ക് ലഭിക്കുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT