canva
Auto

പഴയ വാഹനങ്ങള്‍ തലവേദനയാകും! ഫിറ്റ്‌നെസ് പുതുക്കാനുള്ള ഫീസ് 10 മടങ്ങാക്കി കേന്ദ്രസര്‍ക്കാര്‍, പത്ത് വര്‍ഷം കഴിഞ്ഞാല്‍ ഇനി ഫിറ്റ്‌നെസ് പരീക്ഷ

പഴക്കം ചെന്നതും ഫിറ്റ്‌നെസ് ഇല്ലാത്തതുമായ വാഹനങ്ങളെ റോഡുകളില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നീക്കം

Dhanam News Desk

പഴയ വാഹനങ്ങളുടെ ഫിറ്റ്‌നെസ് പുതുക്കാനുള്ള ഫീസ് 10 മടങ്ങോളം വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. 2025ലെ മോട്ടോര്‍ വാഹന ചട്ട ഭേദഗതിയുടെ ഭാഗമായി വാഹനങ്ങളുടെ പഴക്കം കണക്കാക്കി ഫിറ്റ്‌നെസ് ഫീസ് ഈടാക്കുന്നത്. നിലവില്‍ 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്കാണ് കര്‍ശന നിയമങ്ങള്‍ നടപ്പിലാക്കുന്നത്. ഇനി മുതല്‍ 10 വര്‍ഷം മുതലുള്ള വാഹനങ്ങള്‍ക്കും ഈ നിയമം ബാധകമാക്കും. പഴക്കം ചെന്നതും ഫിറ്റ്‌നെസ് ഇല്ലാത്തതുമായ വാഹനങ്ങളെ റോഡുകളില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. എന്നാല്‍ തീരുമാനം വാഹന ഉടമകള്‍ക്ക് അധിക ബാധ്യതയാകുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.

മാറ്റം ഇങ്ങനെ

മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് വാഹനങ്ങളുടെ പഴക്കം കണക്കാക്കുന്നത്. 10-15 വര്‍ഷം പഴക്കമുള്ളത്, 15-20 വര്‍ഷം പഴക്കമുള്ളത്, 20 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ളത് എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്. ഇരുചക്ര വാഹനങ്ങള്‍ മുതല്‍ ട്രക്കുകളും ബസുകളും അടക്കമുള്ള വാഹനങ്ങള്‍ക്ക് പുതിയ നിയമം ബാധകമാണ്. പഴക്കം കൂടുന്നതിന് അനുസരിച്ച് ഇവയുടെ ഫിറ്റ്‌നെസ് ടെസ്റ്റിനുള്ള തുകയും വര്‍ധിക്കും.

10 മടങ്ങ് വര്‍ധന

ഹെവി വാണിജ്യ വാഹനങ്ങളുടെ ഫിറ്റ്‌നെസ് പുതുക്കുന്നതിനാണ് ഏറ്റവും കൂടുതല്‍ ഫീസ് വര്‍ധനയുണ്ടായിരിക്കുന്നത്. 20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ട്രക്കുകള്‍ക്കും ബസുകള്‍ക്കും ഇനി ഫിറ്റ്‌നെസ് പുതുക്കണമെങ്കില്‍ 25,000 രൂപ ഫീസ് നല്‍കേണ്ടി വരുമെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലിത് 2,500 രൂപയാണ്. പത്ത് മടങ്ങ് വര്‍ധന. മീഡിയം വാണിജ്യ വാഹനങ്ങളുടെ ഫിറ്റ്‌നെസ് ടെസ്റ്റ് ഫീസ് 20,000 രൂപയാക്കിയും വര്‍ധിപ്പിച്ചു. നിലവിലിത് 1,800 രൂപയാണ്.

20 വര്‍ഷം പഴക്കമുള്ള ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഫിറ്റ്‌നെസ് പുതുക്കാന്‍ 15,000 രൂപ നല്‍കേണ്ടി വരും. ഇതേ പഴക്കമുള്ള മുച്ചക്ര വാഹനങ്ങള്‍ക്കാണെങ്കില്‍ 7,000 രൂപയാണ് ഫീസ്. 20 വര്‍ഷത്തിന് മുകളില്‍ കാലപ്പഴക്കമുള്ള ഇരുചക്ര വാഹനങ്ങളുടെ ഫിറ്റ്‌നെസ് ഫീസ് 600 രൂപയില്‍ നിന്ന് 2,000 രൂപയാക്കി വര്‍ധിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് (LMV) 15,000 രൂപയും മുച്ചക്ര വാഹനങ്ങള്‍ക്ക് 7,000 രൂപയുമാണ് ഫീസ് ഇനത്തില്‍ നല്‍കേണ്ടത്.

ഇവക്കും ഫീസുണ്ട്

15 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഫിറ്റ്‌നെസ് പുതുക്കാനും ഉയര്‍ന്ന ഫീസ് നല്‍കേണ്ടി വരും. പുതുക്കിയ മോട്ടോര്‍ വാഹന ചട്ടത്തിലെ റൂള്‍ 81 പ്രകാരം ഇരുചക്ര വാഹനങ്ങള്‍ക്ക് 400 രൂപയും ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 600 രൂപയും മീഡിയം, ഹെവി വാണിജ്യ വാഹനങ്ങള്‍ക്ക് 1,000 രൂപയുമാണ് നല്‍കേണ്ടത്. പുതുക്കിയ നിരക്കുകള്‍ ഉടനടി നിലവില്‍ വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

The government has increased vehicle fitness test fees by up to 10 times, significantly raising costs for both private and commercial vehicle owners.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT