Auto

ഏപ്രിലില്‍ ഇന്ത്യന്‍ നിരത്തിലിറങ്ങിയത് 26.11 ലക്ഷം വാഹനങ്ങള്‍; യുദ്ധത്തിലും വില്പന കുതിച്ചതിന് കാരണമിതാണ്

ഏപ്രിലില്‍ രാജ്യത്ത് ആകെ വിറ്റത് 26,11,317 വാഹനങ്ങളാണ്. മുന്‍ വര്‍ഷത്തെ 23,12,221 യൂണറ്റുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ 13 ശതമാനത്തിന്റെ വര്‍ധന

Dhanam News Desk

പശ്ചിമേഷ്യയിലെ യുദ്ധം വലിയ പ്രതിസന്ധിയിലേക്ക് ലോകത്തെ തള്ളിയിട്ടിട്ടും ഇന്ത്യന്‍ വാഹന വിപണിയില്‍ വില്പന കുതിപ്പ്. ക്രൂഡ്ഓയില്‍ വില കുതിച്ചുയര്‍ന്നതും ഗള്‍ഫ് പ്രതിസന്ധിയും ഇന്ത്യയില്‍ വാഹന വില്പനയില്‍ ഇടിവുണ്ടാക്കുമെന്ന ധാരണ തിരുത്തി കുറിക്കുന്നതാണ് കണക്കുകള്‍.

ഏപ്രിലില്‍ രാജ്യത്ത് ആകെ വിറ്റത് 26,11,317 വാഹനങ്ങളാണ്. മുന്‍ വര്‍ഷത്തെ 23,12,221 യൂണറ്റുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ 13 ശതമാനത്തിന്റെ വര്‍ധന. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്റെ (FADA) കണക്കുപ്രകാരം ചരിത്രത്തിലെ ഏറ്റവും മികച്ച ഏപ്രില്‍ വില്പനയാണ് കഴിഞ്ഞ മാസം നടന്നത്.

ഇരുചക്ര വാഹന വിപണി 13 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മുചക്ര വാഹനവിപണിയില്‍ കുതിപ്പ് 7.19 ശതമാനമാണ്. പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗത്തില്‍ 12.21 ശതമാനമായി വില്പന ഉയര്‍ന്നു. കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ വിഭാഗത്തില്‍ 15 ശതമാനവും ട്രാക്ടറുകളുടെ വിഭാഗത്തില്‍ 23.22 ശതമാനവും വളര്‍ച്ച കൈവരിക്കാന്‍ വിപണിക്ക് സാധിച്ചു.

മേയിലും ജൂണിലും വിപണി അനുകൂലം

വാഹന വിപണിയില്‍ അനുകൂല സാഹചര്യങ്ങളാണ് നിലനില്‍ക്കുന്നതെന്ന് ഫാഡ വൈസ് പ്രസിഡന്റ് സായ് ഗിരിധര്‍ പറഞ്ഞു. മേയ്, ജൂണ്‍ മാസങ്ങളില്‍ വിവാഹ സീസണ്‍ ആണെന്നത് വിപണിക്ക് ഗുണകരമാണ്. പഴയ വാഹനങ്ങള്‍ മാറ്റി പുതിയ മോഡലുകള്‍ എടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഈ മാറ്റവും വാഹന വിപണി ഉത്തേജനം നല്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ 2025 ഏപ്രില്‍ വിറ്റത് 3,63,028 യൂണിറ്റുകളായിരുന്നു. ഇത് 4,07,355 യൂണിറ്റുകളായി ഉയര്‍ന്നു.

ഇരുചക്ര വിഭാഗത്തില്‍ 19,16,258 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇത് 16,95,638 യൂണിറ്റുകളായിരുന്നു. നഗരമേഖലകളില്‍ 14 ശതമാനവും ഗ്രാമപ്രദേശങ്ങളില്‍ 12.30 ശതമാനവും വാര്‍ഷിക വളര്‍ച്ച നേടാന്‍ ഇരുചക്ര വിപണിക്ക് സാധിച്ചു.

ഇലക്ട്രിക് വില്പനയും മുന്നോട്ട്

ഇരുചക്ര ഇവി വാഹന വില്പനയില്‍ മാര്‍ച്ചിനെ അപേക്ഷിച്ച് ഏപ്രിലില്‍ വളര്‍ച്ച കുറഞ്ഞു. കൂടുതല്‍ ഓഫറുകളുണ്ടായിരുന്ന മാര്‍ച്ചില്‍ 9.79 ശതമാനയിരുന്ന വില്പന ഏപ്രിലില്‍ 7.76 ശതമാനമായി താഴ്ന്നു. എന്നിരുന്നാലും 2026 സാമ്പത്തികവര്‍ഷത്തെ ശരാശരിയായ 6.5 ശതമാനത്തിലും മുകളിലേക്ക് ഉയരാന്‍ സാധിച്ചു.

India’s automobile market saw record April sales despite global tensions, with strong growth across all vehicle segments

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT