image credit : Vinfast India 
Auto

തമിഴ്നാട്ടില്‍ ₹17,000 കോടിയുടെ ഫാക്ടറി! ടെസ്‌ലയെ വിറപ്പിക്കാന്‍ ഇന്ത്യയെ എക്‌സ്‌പോര്‍ട്ട് ഹബ്ബാക്കി വിയറ്റ്നാമീസ് വാഹനഭീമന്‍

3,500 പേര്‍ക്ക് വരെ തൊഴില്‍ ലഭിക്കുന്ന ഫാക്ടറിയില്‍ പ്രതിവര്‍ഷം 1.5 ലക്ഷം വാഹനങ്ങള്‍ വരെ നിര്‍മിക്കാനാകും

Dhanam News Desk

ആഗോളവിപണിയില്‍ ടെസ്‌ല മോട്ടോര്‍സിന്റെ മുഖ്യ എതിരാളിയും വിയറ്റ്‌നാമീസ് വാഹന നിര്‍മാണ കമ്പനിയുമായ വിന്‍ഫാസ്റ്റ് ഇന്ത്യയെ കയറ്റുമതി ഹബ്ബാക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും കയറ്റുമതി ചെയ്യാനാണ് പദ്ധതി. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ 2 ബില്യന്‍ അമേരിക്കന്‍ ഡോളര്‍ (ഏകദേശം 17,000 കോടി രൂപ) ചെലവിട്ട് നിര്‍മിക്കുന്ന ഫാക്ടറി ഇക്കൊല്ലം പകുതിയോടെ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ 4,000 കോടി രൂപയാണ് കമ്പനി ഇവിടെ മുടക്കുന്നത്. 2,500 മുതല്‍ 3,500 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതിയാണിത്. പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ പ്രതിവര്‍ഷം 1.5 ലക്ഷം വാഹനങ്ങള്‍ നിര്‍മിക്കാന്‍ ഫാക്ടറിക്കാകും.

ഇതിനൊപ്പം ബാറ്ററി നിര്‍മാണം, ഇ.വി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കല്‍ തുടങ്ങി ഇലക്ട്രിക് വാഹന രംഗത്ത് വമ്പന്‍ മാറ്റങ്ങള്‍ കൊണ്ടുവരാനും കമ്പനിക്ക് പദ്ധതിയുണ്ട്. വിന്‍ഫാസ്റ്റ് ഗ്രൂപ്പിലെ വി-ഗ്രീന്‍ എന്ന കമ്പനി രാജ്യത്ത് ഇ.വി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ഇന്ത്യന്‍ പങ്കാളിത്തവും തേടുന്നുണ്ട്. ഡല്‍ഹിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയില്‍ കമ്പനിയുടെ ഇന്ത്യയിലെ ആദ്യ രണ്ട് മോഡലുകളായ വി.എഫ്7, വി.എഫ് 8 എന്നിവയും അവതരിപ്പിച്ചിരുന്നു. ഇക്കൊല്ലം തന്നെ ഇരുമോഡലുകളും ഇന്ത്യന്‍ നിരത്തുകളിലേക്കെത്തും. ഇതിനായി രാജ്യത്താകമാനം ഡീലര്‍ഷിപ്പുകള്‍ സ്ഥാപിക്കാനുള്ള തിരക്കിലാണ് കമ്പനി.

പെട്രോള്‍ മോഡലുകളെ കടത്തിവെട്ടിയ ഇ.വി

2019ല്‍ ആദ്യ മോഡല്‍ നിരത്തിലെത്തിച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ വിയറ്റ്‌നാമിലെ വില്‍പ്പനക്കണക്കുകളില്‍ മുന്നിലെത്തിയ കമ്പനിയാണ് വിന്‍ഫാസ്റ്റ്. രാജ്യത്തെ പെട്രോള്‍/ഡീസല്‍ വാഹനങ്ങളുടെ കച്ചവടത്തെ മറികടക്കാനും കമ്പനിക്കായി. അടുത്തിടെ മിഡില്‍ ഈസ്റ്റിലെ ആദ്യ ഷോറൂം ദുബായില്‍ തുറന്നിരുന്നു. പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ ആദ്യഘട്ടത്തില്‍ കമ്പനി പദ്ധതിയിട്ടെങ്കിലും ഉയര്‍ന്ന നികുതി ഘടന കണക്കിലെടുത്ത് തീരുമാനം മാറ്റുകയായിരുന്നു. പ്രദേശികമായി നിര്‍മിച്ചാല്‍ കുറഞ്ഞ വിലക്ക് വില്‍ക്കാമെന്നും ഇതുവഴി കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാമെന്നുമാണ് കമ്പനിയുടെ പ്രതീക്ഷ. കൂടാതെ കയറ്റുമതിയിലൂടെ മറ്റ് വിപണികളില്‍ സാന്നിധ്യമറിയിക്കുകയും ചെയ്യാമെന്നും കമ്പനി കരുതുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT