പ്രമുഖ വിയറ്റ്‌നാം കമ്പനിയായ വിന്‍ഗ്രൂപ്പിന്റെ വൈദ്യുതി വാഹന നിര്‍മാണ പ്ലാന്റിന് തമിഴ്നാട്ടിലെ തൂത്തുക്കുടി വ്യവസായ നഗരത്തില്‍ തുടക്കം. വിന്‍ഗ്രൂപ്പിന്റെ ഇവി നിര്‍മാണ വിഭാഗമായ വിന്‍ഫാസ്റ്റിന്റെ (vinfast) വിവിധ മോഡലുകളുടെ നിര്‍മാണമാണ് ഇവിടെ നടക്കുന്നത്. 17 മാസം മുമ്പ് പ്രഖ്യാപിച്ച പദ്ധതിയില്‍ പ്ലാന്റിന്റെയും ഏതാനും വാഹനങ്ങളുടെയും നിര്‍മാണം പൂര്‍ത്തിയാക്കിയാണ് ഉദ്ഘാടനം നടന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തൂത്തുക്കുടി ജില്ലയിലെ ശിലാനാഥം എന്ന സ്ഥലത്ത് തമിഴ്‌നാട് സര്‍ക്കാരിന്റെ സിപ്കോട്ട് (State Industries Promotion Corporation of Tamil Nadu Limited -SIPCOT)വ്യവസായ മേഖലയിലാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്.
16,000 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പ്ലാന്റില്‍ നിന്ന് വിന്‍ഫാസ്റ്റിന്റെ ഇലക്ട്രിക് എസ്.യു.വികളായ വിഎഫ്6,വിഎഫ്7 എന്നീ മോഡലുകളാണ് വിപണിയില്‍ എത്തുക. ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പനക്ക് പുറമെ വിദേശത്തേക്കുള്ള കയറ്റുമതിയും വിന്‍ഫാസ്റ്റ് ലക്ഷ്യമിടുന്നുണ്ട്. പ്രതിവര്‍ഷം 1.5 ലക്ഷം യൂണിറ്റുകളുടെ നിര്‍മാണമാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ 50,000 യൂണിറ്റുകളാണ് നിര്‍മിക്കുക. ഇന്ത്യന്‍ വിപണിയില്‍ ടെസ്‌ല, ബിവൈഡി എന്നീ ബ്രാന്റുകളോടാണ് വിന്‍ഫാസ്റ്റ് മല്‍സരിക്കുക. ലോകത്തിലെ മൂന്നാമത്തെ വലിയ വൈദ്യുതി വാഹന വിപണിയാണ് ഇന്ത്യ. വൈദ്യുതി വാഹനങ്ങള്‍ക്കൊപ്പം ബാറ്ററി നിര്‍മാണത്തിനും തൂത്തുകുടി പ്ലാന്റില്‍ സൗകര്യമുണ്ട്.
വാഹന നിര്‍മാണത്തില്‍ പേരെടുത്ത, ഇന്ത്യയിലെ ഡെട്രോയിറ്റ് എന്നറിയപ്പെടുന്ന ചെന്നൈ നഗരത്തിന് പുറമെ തമിഴ്നാട്ടില്‍ പുതിയൊരു ഓട്ടോമൊബൈല്‍ നഗരം കൂടി പിറക്കുകയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പറഞ്ഞു. ഇന്ത്യയുടെ വാഹന വ്യവസായ ഭൂപടത്തില്‍ തൂത്തുകുടിയും സ്ഥാനം പിടിക്കുകയാണ്. തൂത്തുക്കുടി തുറമുഖത്തിനടുത്തുള്ള 408 ഏക്കറിലെ വിന്‍ഫാസ്റ്റ് പ്ലാന്റ് സംസ്ഥാനത്തിന്റെ വികസനത്തിലും പ്രധാന സ്ഥാനം വഹിക്കും. എം.കെ.സ്റ്റാലിന്‍ വ്യക്തമാക്കി. ഈ പ്ലാന്റിലൂടെ 3,500 പുതിയ തൊഴില്‍ അവസരങ്ങള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine