Volkswagen India
Auto

₹12,000 കോടി നികുതി അടക്കണം! ജര്‍മന്‍ കാര്‍ കമ്പനി ഇന്ത്യയില്‍ നിയമയുദ്ധത്തിന്, നിലനില്‍പ്പ് ഭീഷണിയിലെന്ന് കോടതിയില്‍

കാറുകളായി ഇറക്കുമതി ചെയ്യാതെ യന്ത്രഭാഗങ്ങളായി ഇറക്കുമതി ചെയ്ത് നികുതി വെട്ടിച്ചെന്നാണ് കേസ്

Dhanam News Desk

1.4 ബില്യന്‍ അമേരിക്കന്‍ ഡോളര്‍ (ഏകദേശം 12,000 കോടി രൂപ) നികുതി അടക്കണമെന്ന നോട്ടീസില്‍ കസ്റ്റംസ് വകുപ്പിനെതിരെ നിയമ യുദ്ധത്തിനൊരുങ്ങി ജര്‍മന്‍ വാഹന നിര്‍മാതാവായ ഫോക്‌സ് വാഗണ്‍. ഓഡി, ഫോക്‌സ് വാഗണ്‍, സ്‌കോഡ തുടങ്ങിയ ബ്രാന്‍ഡുകളുടെ മോഡലുകള്‍ കാറുകളായി ഇറക്കുമതി ചെയ്യാതെ ഭാഗങ്ങളായി ഇറക്കുമതി ചെയ്ത് നികുതി വെട്ടിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ സെപ്റ്റംബറിലാണ് മഹാരാഷ്ട്ര കസ്റ്റംസ് കമ്മിഷണര്‍ നോട്ടീസ് നല്‍കിയത്. ഫോക്‌സ് വാഗണ്‍ കമ്പനിയുടെ ഇന്ത്യന്‍ വിഭാഗമായ സ്‌കോഡ ഓട്ടോ ഫോക്‌സ് വാഗണ്‍ ഇന്ത്യക്കായിരുന്നു നോട്ടീസ്.

ഇന്ത്യയുടെ ഇറക്കുമതി ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് കസ്റ്റംസ് വകുപ്പിന്റെ നോട്ടീസെന്ന് കാട്ടിയാണ് കമ്പനി കഴിഞ്ഞ ദിവസം മുംബയ് ഹൈക്കോടതിയെ സമീപിച്ചത്. കമ്പനി ഇന്ത്യയില്‍ നടത്തിയിരിക്കുന്ന 1.5 ബില്യന്‍ ഡോളറിന്റെ (ഏകദേശം 13,000 കോടി രൂപ) നിക്ഷേപം പോലും ഭീഷണിയാകുന്ന തരത്തിലുള്ളതാണ് നടപടിയെന്നും കോടതിക്ക് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.

കേസ് ഇങ്ങനെ

പൂര്‍ണമായും യന്ത്രഭാഗങ്ങളായി ഇന്ത്യയിലെത്തിച്ച് കൂട്ടിയോജിപ്പിക്കുന്ന വാഹനങ്ങള്‍ക്ക് നിലവിലെ നിയമം അനുസരിച്ച് 28-30 ശതമാനം വരെ നികുതിയാണ് ഇന്ത്യയില്‍ ചുമത്തുന്നത്. എന്നാല്‍ ഓരോ യന്ത്രഭാഗങ്ങളും സ്‌പെയര്‍ പാര്‍ട്‌സുകളായി ഇറക്കുമതി ചെയ്താല്‍ 5-15 ശതമാനം വരെ നികുതി കൊടുത്താല്‍ മതിയാകും. ഇത്തരത്തില്‍ സ്‌കോഡ സൂപ്പര്‍ബ്, കോഡിയാക്ക്, ഓഡി എ4,ക്യൂ5 ഫോക്‌സ് വാഗണ്‍ ടിഗ്വാന്‍ എന്നിവയുടെ വിവിധ ഭാഗങ്ങള്‍ പല തവണയായി ഇന്ത്യയിലെത്തിച്ച് കൂട്ടിയോജിപ്പിച്ചെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. ഇത് ഉയര്‍ന്ന നികുതി ഒഴിവാക്കാന്‍ കമ്പനി നടത്തിയ നാടകമാണെന്നും മഹാരാഷ്ട്ര കസ്റ്റംസ് കമ്മിഷണര്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു. 2012 മുതല്‍ വിവിധ ഇനത്തിലായി 1.36 ബില്യന്‍ ഡോളറാണ് (ഏകദേശം 11,830 കോടി രൂപ) കമ്പനി ഇന്ത്യയില്‍ നികുതി അടക്കേണ്ടിയിരുന്നത്. എന്നാല്‍ വെറും 981 മില്യന്‍ ഡോളര്‍ (ഏകദേശം 8,500 കോടി രൂപ) മാത്രമാണ് കമ്പനി നികുതി അടച്ചതെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു.

ഇന്ത്യയിലെ പ്രവര്‍ത്തനം തുലാസില്‍

കസ്റ്റംസ് ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ച കമ്പനി അധികൃതരുടെ സമ്മതത്തോടെയാണ് യന്ത്രഭാഗങ്ങള്‍ ഇറക്കുമതി ചെയ്തതെന്ന നിലപാടിലാണ്. ഇത്രയും ഭീമമായ തുക നികുതി അടക്കണമെന്ന ആവശ്യം ഇന്ത്യയിലെ കമ്പനിയുടെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാക്കിയെന്ന് ഫോക്‌സ് വാഗണ്‍ പറയുന്നു. യന്ത്രഭാഗങ്ങള്‍ ഓരോന്നായി ഇറക്കുമതി ചെയ്യുന്ന കാര്യം കേന്ദ്രസര്‍ക്കാരുമായി നേരത്തെ തന്നെ ചര്‍ച്ച ചെയ്തിരുന്നതാണ്. 2011ല്‍ ഇക്കാര്യത്തില്‍ കേന്ദ്രവുമായി ഇക്കാര്യത്തില്‍ ധാരണയിലെത്തിയതുമാണ്. വിദേശനിക്ഷേപകരോടുള്ള സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ വിപരീതമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. വിദേശ നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ നടപടികളിലുള്ള വിശ്വാസം തകര്‍ക്കുന്ന രീതിയിലാണ് കാര്യങ്ങളെന്നും കമ്പനി കുറ്റപ്പെടുത്തി. വിഷയത്തില്‍ ധനമന്ത്രാലയമോ ഫോക്‌സ് വാഗണ്‍ അധികൃതരോ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പറയുന്നു.

ഇനിയെന്ത്

നിലവില്‍ ബോംബൈ ഹൈക്കോടതിയുടെ പരിഗണനയിലാണ് കേസുള്ളത്. അടുത്ത ദിവസങ്ങളില്‍ തന്നെ കേസ് കോടതി വീണ്ടും പരിഗണിക്കും. ഒരു പക്ഷേ കേസില്‍ പ്രതികൂല വിധി വന്നാല്‍ 2.8 ബില്യന്‍ ഡോളറോളം (ഏകദേശം 24,000 കോടിരൂപ) ഫോക്‌സ് വാഗന്‍ അടക്കേണ്ടി വരുമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി ഇന്ത്യയില്‍ നേടിയത് 2.19 ബില്യന്‍ ഡോളറിന്റെ വില്‍പ്പനയാണെന്നത് കൂടി ചേര്‍ത്ത് വായിക്കണം. ഇതിനോടകം സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനിയുടെ പ്രവര്‍ത്തനം വീണ്ടും അവതാളത്തിലാക്കാന്‍ പോന്നവയാണ് ഈ കണക്കുകള്‍. ഇന്ത്യയിലെ കമ്പനിയുടെ പ്രവര്‍ത്തനം നിറുത്താന്‍ ആലോചനയുണ്ടെന്നും സ്ഥിരീകരിക്കാത്ത ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT