പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഓല ഇലക്ട്രിക് മൊബൈലിലിറ്റി ലിമിറ്റഡിന് കഴിഞ്ഞ കുറച്ചു നാളുകളായി തിരിച്ചടികളുടേതായിരുന്നു. വില്പനയും വരുമാനവും കുത്തനെ ഇടിയുകയും ഓഹരിവില താഴേക്ക് പോകുകയും ചെയ്തത് നിക്ഷേപകരെയും കമ്പനിയെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. ഉപയോക്താക്കളുടെ പരാതി വലിയ തോതില്‍ കൂടിയത് വില്പനയെ ബാധിച്ചിരുന്നു. എന്നാലിപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ് കമ്പനി.
കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരിവിലയില്‍ 72 ശതമാനത്തിന്റെ കുതിപ്പാണ് ഓല രേഖപ്പെടുത്തിയത്. 21.21 രൂപ വരെ താഴ്ന്ന ഓഹരിവില പിന്നീട് കുതിച്ചുയര്‍ന്നിരുന്നു. ഓഹരി വിപണി പൊതുവില്‍ താഴ്ന്നു നില്ക്കുമ്പോള്‍ ഓല ഓഹരികളില്‍ പെട്ടെന്നൊരു കുതിപ്പിന് എന്താണ് കാരണം?
വിപണി വിദഗ്ധര്‍ പറയുന്നതിനനുസരിച്ച് ഒന്നിലേറെ കാരണങ്ങള്‍ ഓലയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. അതിലേറ്റവും പ്രധാനം പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ ഇംപാക്ട് ആണ്. യുദ്ധം മൂലം ഇന്ധനലഭ്യതയില്‍ ഇടിവുണ്ടായതും അധികം വൈകാതെ പെട്രോള്‍, ഡീസല്‍ വില കൂടുമെന്ന വിലയിരുത്തലുകളും വൈദ്യുത വാഹനങ്ങളുടെ വില്പനയെ സ്വാധീനിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിഞ്ഞു.
ഓല പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നത് ഘടകഭാഗങ്ങള്‍ക്ക് വിദേശ കമ്പനികളെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള പ്രഖ്യാപനങ്ങളും കമ്പനിക്ക് ഗുണം ചെയ്യുന്നുണ്ട്. മാര്‍ച്ചില്‍ വില്പന ഉയര്‍ന്നതും നിക്ഷേപകരെ ആകര്‍ഷിച്ചു.
ഡിസംബറില്‍ അവസാനിച്ച സാമ്പത്തികവര്‍ഷം ഓലയുടെ വില്പന കുത്തനെ ഇടിഞ്ഞിരുന്നു. വിറ്റുവരവ് കേവലം 470 കോടി രൂപയിലേക്ക് താഴ്ന്നു. നഷ്ടം വില്പനയേക്കാള്‍ കൂടുകയും ചെയ്തു, 487 കോടി രൂപ. തകര്‍ച്ചയിലേക്ക് പൊയ്‌ക്കൊണ്ടിരുന്ന കമ്പനി തിരിച്ചുവരവിന്റെ സൂചനകള്‍ കാണിച്ചതാണ് നിക്ഷേപകരെയും ആകര്‍ഷിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine