Auto

വണ്ടിയില്‍ നിശബ്ദം ഒരു മാറ്റം! ഡിക്കിയില്‍ സ്‌പെയര്‍ ടയര്‍ കാണ്‍മാനില്ല; ആരും അടിച്ചു മാറ്റിയതല്ല, അഞ്ചാമനെ പുറന്തള്ളിയതാണ്!

ടയര്‍ ടെക്‌നോളജി തന്നെ മാറിപ്പോയി. കാര്‍ വാങ്ങുന്നവര്‍ ടയര്‍ പഞ്ചറാകുന്നതിനെക്കുറിച്ചല്ല ഇപ്പോള്‍ ചിന്തിക്കുന്നത്. വാഹനത്തിന്റെ പ്രവര്‍ത്തന ശേഷിയിലാണ് എല്ലാവരുടെയും ഫോക്കസ്

Dhanam News Desk

ഇന്ത്യന്‍ വാഹനങ്ങളില്‍ ശ്രദ്ധേയമായൊരു മാറ്റം നടക്കുകയാണ്. പുതുതായി വിപണിയില്‍ ഇറക്കുന്ന മിക്ക കാറുകള്‍ക്കും സ്‌പെയര്‍ ടയര്‍ ഇല്ല. ഏറ്റവും അത്യാവശ്യമായ സുരക്ഷിതത്വ ക്രമീകരണമായാണ് ഡിക്കിയിലെ സ്‌പെയര്‍ ടയറിനെ കണ്ടുപോന്നത്. എന്നാല്‍ അത് ഇനി ആവശ്യമില്ലെന്ന തരത്തില്‍ വരുന്ന മാറ്റം ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ്. എന്തുകൊണ്ടാണ് അത്തരമൊരു നിര്‍ദേശം?

ചട്ടഭേദഗതി വന്നു

2020ലാണ് കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്ത് ഉപരിതല ഗതാഗത മന്ത്രാലയം വിജ്ഞാപനം ഇറക്കിയത്. എട്ടു സീറ്റില്‍ താഴെയുള്ളള യാത്രാ വാഹനങ്ങള്‍ക്കും രണ്ടര ടണ്ണില്‍ താഴെ ഭാരം വരുന്ന ചെറുകിട ചരക്കു വണ്ടികള്‍ക്കും ഇനി സ്‌പെയര്‍ ടയര്‍ ആവശ്യമില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു വിജ്ഞാപനം. എന്നാല്‍ ചില സുരക്ഷാ വ്യവസ്ഥകള്‍ ഈ വാഹനങ്ങളുടെ കാര്യത്തില്‍ പാലിച്ചിരിക്കണം.

ചട്ടഭേദഗതി പ്രകാരം താഴെ പറയുന്ന മൂന്നു കാര്യങ്ങള്‍ ഉണ്ടെങ്കില്‍ സ്‌പെയര്‍ ടയര്‍ വേണ്ട.

1. വാഹനത്തില്‍ ഉപയോഗിക്കുന്നത് ട്യൂബ്‌ലെസ് ടയറായിരിക്കണം.

2. ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം വേണം.

3. ടയര്‍ റിപ്പയര്‍ കിറ്റ് വാഹനത്തില്‍ ഉണ്ടായിരിക്കണം.

2020 ഒക്‌ടോബര്‍ ഒന്നിനു ശേഷം നിര്‍മിച്ച എല്ലാ കാറുകള്‍ക്കും ഈ ചട്ടം ബാധകമാണ്. അന്താരാഷ്ട്ര വിപണിക്ക് ഇണങ്ങുന്ന വാഹന ഗുണനിലവാരത്തിലേക്ക് ഇന്ത്യന്‍ വാഹനങ്ങളെയും കൊണ്ടുവരാന്‍ ലക്ഷ്യമിടുന്നതായിരുന്നു ചട്ടഭേദഗതി. യൂറോപ്പിലും മറ്റും വണ്ടികള്‍ക്ക് സ്‌പെയര്‍ ടയര്‍ ഇല്ല.

ഒഴിവാക്കിയാല്‍ നേട്ടമെന്ത്?

സ്‌പെയര്‍ ടയര്‍ ഒഴിവാക്കിയിട്ട് എന്താണ് കാര്യം? മാറുന്ന സാങ്കേതിക വിദ്യ, മെച്ചപ്പെട്ട റോഡ് സൗകര്യങ്ങള്‍, ഉപയോക്താവിന്റെ പുതുതാല്‍പര്യങ്ങള്‍ എന്നിവക്ക് അനുസൃതമായാണ് പുതിയ കാറുകളില്‍ നിന്ന് സ്‌പെയര്‍ ടയര്‍ ഒഴിവാക്കുന്നത്. സ്‌പെയര്‍ ടയറുകള്‍ അനാവശ്യമാണെന്നു മാത്രമല്ല, കൂടുതല്‍ സൗകര്യപ്രദമായ സാധനങ്ങള്‍ വണ്ടിയില്‍ ആവശ്യമായി വന്നിട്ടുമുണ്ട്.

പുതിയ ട്യൂബ്‌ലെസ് ടയറുകള്‍ കൂടുതല്‍ കാലം ഈടു നില്‍ക്കുന്നതാണ്. റോഡുകളുടെ സ്ഥിതി മെച്ചമായയോടെ, യാത്രയില്‍ ടയര്‍ പഞ്ചറാവുന്നത് അപൂര്‍വമായി. നേര്‍ത്ത തുള വീണാലോ, ചെറിയ ആണി കയറിയാലോ ട്യൂബ്‌ലെസ് ടയറിന് പ്രശ്‌നമില്ല. പുതിയ വാഹനങ്ങളിലെ ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സംവിധാനമാകട്ടെ, കാറ്റു കുറഞ്ഞാല്‍ ഡ്രൈവര്‍ക്ക് മുന്നറിയിപ്പു നല്‍കും. ആവശ്യം വന്നാല്‍ റിപ്പയറിംഗ് കടകള്‍ ഒട്ടുമിക്ക റോഡുകളിലും ഏതാണ്ട് അടുത്തടുത്തായി ഉണ്ട്. ചെറിയ പഞ്ചറൊക്കെയാണെങ്കില്‍ ടയര്‍ അഴിക്കാതെ തന്നെ റിപ്പയര്‍ കിറ്റു കൊണ്ട് ശരിയാക്കാം. റിപ്പയറിംഗ് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ നടത്താമെങ്കില്‍ സ്‌പെയര്‍ ടയര്‍ കൊണ്ടുനടക്കേണ്ട കാര്യമില്ല.

ഒരു ടയറിന്റെ കാശ് ലാഭിക്കാമെന്നു മാത്രമല്ല...

സ്‌പെയര്‍ ടയര്‍ വെക്കാനുള്ള സ്ഥലം കൂടി വണ്ടിയില്‍ കിട്ടുമ്പോള്‍ ഇരിപ്പ് കൂടുതല്‍ ആയാസരഹിതമാകുന്നു. വാഹന ഭാരവും കുറയും. അത് ഇന്ധന ക്ഷമത കൂട്ടും. അധിക സാധനങ്ങള്‍ക്കായി ഈ സ്ഥലം ഉപയോഗിക്കുകയും ചെയ്യാം. ഇലക്ട്രിക് വാഹനങ്ങള്‍ക്കാണെങ്കില്‍ ബാറ്ററി പാക്കേജിംഗ് പ്രധാനവുമാണ്.

തുടക്കത്തില്‍ പ്രീമിയം മോഡലുകളില്‍ മാത്രമാണ് സ്‌പെയര്‍ ടയര്‍ ഒഴിവാക്കിയത്. ഇപ്പോള്‍ എല്ലാ ജനപ്രിയ മോഡലുകളിലും ഈ രീതി തന്നെ. പഞ്ച് ഇ.വി, ടിയാഗോ ഇ.വി, ഹാരിയര്‍, സഫാരി തുടങ്ങി ടാറ്റ മോഡലുകളിലൊന്നും സ്‌പെയര്‍ ടയര്‍ ഇപ്പോഴില്ല. മാരുതി സുസൂക്കിയുടെ ഫ്രോങ്ക്‌സ്, ഗ്രാന്റ് വിറ്റാര, വിക്‌ടോറിസ് മോഡലുകളിലും സ്‌പെയര്‍ ടയര്‍ ഇപ്പോഴില്ല. കൂടുതല്‍ നിര്‍മാതാക്കള്‍ ഈ വഴിയേ.

അഞ്ചാമന്‍ പക്ഷേ, ഉപകാരിയല്ലേ?

സ്‌പെയര്‍ ടയര്‍ വണ്ടിയിലുണ്ടെങ്കില്‍ ചില സൗകര്യങ്ങള്‍ ഉണ്ടെന്നത് വേറെ കാര്യം. ടയര്‍ റൊട്ടേറ്റ് ചെയ്യാനും അതുവഴി ടയറുകളുടെ ഉപയോഗ കാലം കൂട്ടാനും അഞ്ചാമനുണ്ടെങ്കില്‍ എളുപ്പം. ഉള്‍നാടന്‍ റോഡുകളിലെ യാത്രക്കും, ദീര്‍ഘയാത്രക്കും അഞ്ചാം ടയര്‍ വണ്ടിയില്‍ ഉള്ളതാണ് നല്ലത് -റിപ്പയര്‍ കടകള്‍ എളുപ്പത്തില്‍ കണ്ടെന്നു വരില്ല. എങ്ങാനും ടയര്‍ പഞ്ചറായാല്‍ എന്തു ചെയ്യുമെന്ന സമാധാനക്കേട് ഒഴിഞ്ഞു കിട്ടുമെന്നത് മറ്റൊരു ഗുണം. അഴിച്ചെടുത്ത് മാറ്റാനും ഫ്‌ളാറ്റ് ടയറുകളാണെങ്കില്‍ കൂടുതല്‍ എളുപ്പം. അതുകൊണ്ട് മോശം റോഡുകളിലൂടെ വണ്ടി കൊണ്ടുപോകേണ്ടവര്‍ തല്‍ക്കാലം അഞ്ചാമനെ കൈവിടില്ല തന്നെ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT